തിരുവനന്തപുരം: സര്‍വകലാശാലകളുടെ ഓഫ് കാംപസുകള്‍ക്ക് സര്‍വകലാശാലാ ഭേദഗതി ബില്ലില്‍ അനുമതി നിഷേധിച്ചത് പൊതുസര്‍വകലാശാലകളെ തകര്‍ക്കും. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പൊതുസര്‍വകലാശാലകളെപ്പോലെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, കേരളത്തിനു പുറത്ത് 'ഓഫ് കാംപസ്' തുടങ്ങാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്കുള്ള അധികാരമോ സ്വാതന്ത്ര്യമോ സര്‍ക്കാര്‍ പണം മുടക്കുന്ന പൊതുസര്‍വകലാശാലകള്‍ക്കില്ല. ഇത് ഇരട്ട നീതിയാണ്. കേരളത്തിലെ നാല് പൊതു സര്‍വ്വകലാശാലകളേയും ഇത് ബാധിക്കും. ചില സ്വകാര്യസര്‍വകലാശാലകള്‍ മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്യുകയും കേരളത്തില്‍ കാംപസുകള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ പൊതുസര്‍വകലാശാലകള്‍ക്കും ഇങ്ങനെ വ്യാപിക്കാനുള്ള സാഹചര്യം 'ഓഫ് കാംപസ്' ഒഴിവാക്കിയതോടെ ഇല്ലാതായി. കേരളത്തില്‍ നാല് പൊതു സര്‍വ്വകലാശാലകളാണ് ഉള്ളത്. കേരളയും കാലിക്കറ്റും എംജിയും പിന്നെ കണ്ണൂരും. ഈ നാലു സര്‍വ്വകലാശാലകളുടേയും ഭാവിയെയാണ് പുതിയ ബില്‍ സ്വാധീനിക്കുക. സ്വകാര്യ സര്‍വ്വകലാശാലയെ പോലെ വളരാനുള്ള വെള്ളവും വളവും ഭേദഗതി ബില്ലിലൂടെ പൊതു സര്‍വ്വകലാശാലകള്‍ നല്‍കുന്നില്ല.

സി.പി.ഐ. അനുനയപ്പെട്ടതോടെ ബില്‍ ഈ സഭാസമ്മേളനത്തില്‍ത്തന്നെ അവതരിപ്പിക്കും. സാമൂഹികനീതി ഉറപ്പാക്കുമെന്ന് ബോധ്യപ്പെട്ടതിനാല്‍ പഴയ എതിര്‍പ്പുവേണ്ടെന്ന് എസ്.എഫ്.ഐ.യും പ്രഖ്യാപിച്ചു. ഇടതുനയത്തില്‍നിന്നുള്ള വ്യതിയാനമെന്ന് പ്രഖ്യാപിച്ചിരുന്ന എ.ഐ.വൈ.എഫും. തുടര്‍സമരങ്ങള്‍ക്കില്ല. ഉന്നയിച്ച ആശങ്കകള്‍ സര്‍ക്കാര്‍ പരിഗണിച്ചാണ് പുതിയ ബില്ല് വരുന്നതെന്നാണ് എസ്.എഫ്.ഐ.യുടെ വിശദീകരണം. വിദ്യാര്‍ഥിസംഘടനകളോട് ചര്‍ച്ച ചെയ്‌തേ സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കാന്‍ പാടുള്ളൂവെന്നാണ് എസ്.എഫ്.ഐ.യുടെ ആവശ്യം. സ്വകാര്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സംഘടനാസ്വാതന്ത്ര്യം ഉറപ്പാക്കണമെനനും വിദ്യാര്‍ഥി യൂണിയന്‍ രൂപവത്കരണത്തിന് അനുമതി ഉറപ്പാക്കണമെന്നും എസ് എഫ് ഐ പറയുന്നു. ഇന്റേണല്‍ മാര്‍ക്കിനെ സംബന്ധിച്ചുള്ള പരാതിപരിഹാരസമിതിയില്‍ വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കണം എന്നും ആവശ്യമുണ്ട്. ഇതില്‍ സംഘടനാ സ്വാതന്ത്ര്യം അംഗീകരിക്കാന്‍ ഇടയില്ല. സ്വകാര്യ സര്‍വ്വകലാശാലകള്‍ ഈ നയത്തിന് എതിരാണ്. എന്നാല്‍ എസ് എഫ് ഐ അടക്കമുള്ളവര്‍ സര്‍വകലാശാലകളുടെ ഓഫ് കാംപസുകള്‍ക്ക് സര്‍വകലാശാലാ ഭേദഗതി ബില്ലില്‍ അനുമതി നിഷേധിച്ചത് ചര്‍ച്ചയാക്കുന്നതുമില്ല.

കേരളത്തിലെ സര്‍വകലാശാലകളുടെ കാംപസുകള്‍ വിദേശത്തും തുടങ്ങണമെന്ന് ലോക കേരളസഭയില്‍ പ്രവാസികള്‍ ആവശ്യപ്പെട്ടിരുന്നു. ഓഫ് കാംപസുകള്‍ സ്ഥാപിക്കാനുള്ള സാഹചര്യമൊരുക്കാന്‍ സര്‍വകലാശാലാ നിയമങ്ങളില്‍ ഭേദഗതി വേണമെന്ന് ഉന്നതവിദ്യാഭ്യാസ നിയമപരിഷ്‌കരണത്തിനു നിയോഗിക്കപ്പെട്ട എന്‍.കെ. ജയകുമാര്‍ കമ്മിഷനും ശുപാര്‍ശചെയ്തു. എന്നാല്‍ ഈ ശുപാര്‍ശ അംഗീകരിക്കപ്പെട്ടില്ല. നിലവിലെ നിയമമനുസരിച്ച് സര്‍വകലാശാലകള്‍ ഏതൊക്കെ പ്രദേശങ്ങളുടെ പരിധിയിലാണോ അവിടെമാത്രം കാംപസുകള്‍ തുടങ്ങാനേ സാധിക്കൂ. ഈ വ്യവസ്ഥ ഒഴിവാക്കി, കേരളത്തിലെവിടെയും രാജ്യത്തും വിദേശത്തുമൊക്കെ കാംപസുകള്‍ തുടങ്ങാന്‍ അനുവദിക്കുന്നതായിരുന്നു കരടുബില്ലിലെ വ്യവസ്ഥ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടാണ് ഇത് വെട്ടിയത്. ഫലത്തില്‍ ഇത് സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് സ്വീകാര്യത കൂട്ടും. എന്നാല്‍ കേരളത്തിലെ പൊതു സര്‍വകലാശാലകള്‍ക്ക് അക്കാദമികമായും സാമ്പത്തികമായും വളരാനുള്ള വഴിയടയ്ക്കുന്നതാണ് പുതിയ ഭേദഗതിബില്ലെന്ന് വിമര്‍ശനമുണ്ട്. സംസ്ഥാനത്തെ നാലു സര്‍വകലാശാലകളും എന്‍.ഐ.ആര്‍.എഫ് റാങ്കില്‍ ആദ്യപട്ടികയിലുണ്ട്. ഇങ്ങനെ, ആഗോള-ദേശീയ മേല്‍വിലാസമുള്ളതിനാല്‍ ഓഫ് കാംപസുകള്‍ വഴി വളരാനാവുമായിരുന്നു. വിദേശത്തും സ്വദേശത്തുമായി ധനസമാഹരണം നടത്താനും അവസരമുണ്ടാവും. ഇതിനെല്ലാം സര്‍ക്കാര്‍ തടയിട്ടെന്നാണ് വിമര്‍ശനം. സ്വകാര്യസര്‍വകലാശാലകളോടു കിടപിടിക്കാനാവാതെ പൊതുസര്‍വകലാശാലകള്‍ പ്രതിസന്ധിനേരിടും. സ്വകാര്യസര്‍വകലാശാലകളെ സഹായിക്കുന്നതാണ് പൊതുസര്‍വകലാശാലകള്‍ക്ക് 'ഓഫ് കാംപസ്' ഒഴിവാക്കിയ നടപടി.

സി.പി.ഐ.യെ അനുനയിപ്പിക്കാന്‍ 'വിസിറ്റര്‍' പദവി ഒഴിവാക്കാന്‍ സി.പി.എം തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തതോടെ സ്വകാര്യസര്‍വകലാശാലാ ബില്‍ മന്ത്രിസഭയില്‍ പാസായി. ഉന്നതവിദ്യാഭ്യാസമന്ത്രി വിസിറ്റര്‍ പദവി വഹിക്കുമെന്നായിരുന്നു ആദ്യം തയ്യാറാക്കിയ ബില്ലിലെ വ്യവസ്ഥ. കൃഷി, മൃഗസംരക്ഷണം തുടങ്ങിയ കോഴ്സുകള്‍ തുടങ്ങാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിക്കാമെന്ന വ്യവസ്ഥ ബില്‍ ഉള്‍പ്പെടുത്തിയതും സിപിഐയ്ക്ക് വേണ്ടിയാണ്. ഉന്നതവിദ്യാഭ്യാസമന്ത്രി വിസിറ്റര്‍ പദവി വഹിച്ചാല്‍ സ്വകാര്യസര്‍വകലാശാലയില്‍ മറ്റു വകുപ്പുകള്‍ക്ക് പ്രാതിനിധ്യം ഒഴിവാകുമെന്നായിരുന്നു സി.പി.ഐ.യുടെ പരാതി. വിസിറ്റര്‍ പദവി ഒഴിവാക്കി സ്വകാര്യ സര്‍വകലാശാലകളില്‍ ചാന്‍സലര്‍ മാത്രം മതിയെന്നാക്കി. ചാന്‍സലര്‍ പദവി ഗവര്‍ണര്‍ക്കല്ല. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ ചാന്‍സലര്‍ പദവി വഹിക്കണമെന്നാണ് നിര്‍ദിഷ്ട ബില്ലിലെ വ്യവസ്ഥ. സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കണമെന്ന് എസ്.എഫ്.ഐ. ബില്‍ പാസാക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും വിദ്യാര്‍ഥി സംഘടനകളോട് ചര്‍ച്ച നടത്തണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് വേണമെന്നും എസ്.എഫ്.ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സംസ്ഥാനത്തു പുതുതായി തുടങ്ങാനിരിക്കുന്ന സ്വകാര്യ സര്‍വകലാശാലകളില്‍ കേരളീയരായ വിദ്യാര്‍ഥികള്‍ക്കുള്ള 40% സംവരണം നടപ്പാക്കുക സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നിലവിലുള്ള സംവരണ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ആകും. സര്‍വകലാശാലകളില്‍ നിലവിലുള്ള പ്രവേശനം ഇങ്ങനെയാണ്: ഓപ്പണ്‍ മെറിറ്റ് 50%, ഒബിസി 20%, പട്ടികജാതി 15%, പട്ടികവര്‍ഗം5 %, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ 10 %. സ്വകാര്യ സര്‍വകലാശാലകളിലെ 60% സീറ്റിലേക്കു മലയാളികളടക്കം ആര്‍ക്കും അപേക്ഷിക്കാം. ബാക്കിയുള്ള 40 ശതമാനത്തില്‍ പകുതി സീറ്റുകള്‍ (20%) മലയാളികള്‍ക്കുള്ള ഓപ്പണ്‍ മെറിറ്റ് സീറ്റുകളായി നീക്കിവയ്ക്കും. പട്ടികവിഭാഗങ്ങള്‍, ഒബിസി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്കായി 20% വീതംവയ്ക്കും. ഈ വിഭാഗങ്ങള്‍ക്കു സര്‍വകലാശാലകളില്‍ നിലവില്‍ ലഭിക്കുന്ന സംവരണത്തിന് ആനുപാതികമായിട്ടായിരിക്കും വീതംവയ്പ്. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കു നീക്കിവച്ചിരിക്കുന്ന 40% സീറ്റുകളില്‍ സര്‍വകലാശാലകളിലെ സംവരണ ചട്ടം ബാധകമാകുമെങ്കിലും ബാക്കിയുള്ള 60% സീറ്റുകളില്‍ ഇതു ബാധകമാകില്ല. ഫീസ് നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാര്‍ സ്വകാര്യ സംരംഭകര്‍ക്കു വിട്ടുകൊടുക്കുന്നതില്‍ അടക്കം എതിര്‍പ്പുകളുണ്ട്.

അതേസമയം, സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കി സ്വകാര്യ സര്‍വകലാശാലകള്‍ ആകാമെന്നാണ് എസ്എഫ്‌ഐയുടെ നിലപാട്. ഇന്നലെയിറക്കിയ വാര്‍ത്തക്കുറിപ്പില്‍, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിക്കാന്‍ നടത്തിയ നീക്കങ്ങളെ ചെറുത്തുതോല്‍പിച്ച സമരവീര്യത്തെക്കുറിച്ച് എസ്എഫ്‌ഐ വിവരിച്ചു. എല്‍ഡിഎഫ് കൊണ്ടുവരുന്ന സ്വകാര്യ സര്‍വകലാശാലകള്‍ക്കുള്ള പിന്തുണയും വ്യക്തമാക്കി. എസ്എഫ്‌ഐയുടെ ആശങ്കകളും അഭിപ്രായങ്ങളും സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടെന്നും അറിയിച്ചു.