- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള സര്‍വകലാശാലയില്‍ വിസിയുടെ ഇടപെടലില്‍, എസ്എഫ്‌ഐക്ക് യൂണിയന്‍ രൂപീകരിക്കാന്‍ കഴിയാത്തത് ക്ഷീണമായി; യൂണിവേഴ്സിറ്റി ഭരണസമിതികളുടെ തിരഞ്ഞെടുപ്പ് ഫല വിജ്ഞാപനമിറക്കുന്നതില്‍ നിന്ന് വിസിമാരെ ഒഴിവാക്കി നിയമഭേദഗതി; വിസിമാരെ നോക്കുകുത്തികളാക്കി മന്ത്രിക്കും, രജിസ്ട്രാര്‍മാര്‍ക്കും അമിത അധികാരങ്ങള്‍; നിയമഭേദഗതി വിവാദമാകുന്നു
സര്‍വകലാശാലകളുടെ നിയമഭേദഗതി വിവാദമാകുന്നു
തിരുവനന്തപുരം: സര്‍വകലാശാല ഭരണസമിതികളുടെ തിരഞ്ഞെടുപ്പ് ഫല വിജ്ഞാപനം ഇറക്കുന്നതില്‍ നിന്ന് വിസിമാരെ ഒഴിവാക്കി നിയമഭേദഗതിക്ക് നീക്കം. വൈസ് ചാന്‍സലര്‍മാരെ നോക്കുകുത്തികളാക്കി കരാര്‍ അടിസ്ഥാനത്തില്‍ സിന്‍ഡിക്കേറ്റ് നിയമിക്കുന്ന രജിസ്ട്രാര്‍മാരില്‍ അധികാരം കേന്ദ്രീകരിക്കുമെന്നാണ് ആക്ഷേപം. എസ്എഫ്‌ഐക്ക് കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ രൂപീകരിക്കാന്‍ കഴിയാത്തത് പോലുള്ള സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനാണ് നിയമഭേദഗതിയെന്നും ആരോപണം ഉയരുന്നു.
വോട്ടെണ്ണല്‍ രേഖകള്‍ കൂടാതെ യൂണിവേഴ്സിറ്റി യൂണിയന്റെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ വിസമ്മതിച്ച 'കേരള' വി.സിയുടെ നിലപാടിനെ തുടര്‍ന്നാണ് ഈ നീക്കം. ഹൈക്കോടതിയെ സമീപിച്ചിട്ടും കഴിഞ്ഞവര്‍ഷം തെരഞ്ഞെടുക്കപ്പെട്ട എസ്എഫ്‌ഐ പ്രതിനിധികള്‍ക്ക്, 'കേരള'യില്‍ യൂണിയന്‍ രൂപീകരിക്കാനാവാത്ത അവസ്ഥ വന്നിരുന്നു. ഇത് സര്‍വ്വകലാശാലകളില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുകയാണ് നിയമ ഭേ ദഗതി ലക്ഷ്യമിടുന്നതെന്നാണ് വിമര്‍ശനം.
സെനറ്റ്, സിന്‍ഡിക്കേറ്റ്, അക്കാദമിക് കൗണ്‍സില്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ എന്നിവയിലെ തിരഞ്ഞെടുപ്പ് ഫലം വിജ്ഞാപനം ചെയ്യുന്നതിനും സമിതികള്‍ രൂപീകരിക്കുന്നതിനും വിസിമാര്‍ക്കുള്ള അധികാരം രജിസ്ട്രാര്‍മാര്‍ക്ക് നല്‍കുന്നതാണ് പുതിയ നിയമ ഭേദഗതി. മാര്‍ച്ച് മൂന്നിന് നിയമസഭയില്‍ അവതരിപ്പിക്കുന്ന നിയമഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തി.
കരാര്‍ അടിസ്ഥാനത്തില്‍ സിന്‍ഡിക്കേറ്റ് നിയമിക്കുന്ന രജിസ്ട്രാര്‍ക്ക് വിസിയുടെ നിലവിലുള്ള പല അധികാരങ്ങളും നല്‍കുന്നതോടെ, വിസി യ്ക്കുള്ള അധികാരങ്ങള്‍ ഇല്ലാതാകും. അധികാരങ്ങള്‍ രജിസ്ട്രാര്‍മാരില്‍ കേന്ദ്രീകരിക്കുകയും ചെയ്യുക എന്ന സിപിഎമ്മിന്റെ നിലപാടിന്റെ ഭാഗമായാണ് പുതിയ നിയമഭേദഗതികളെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയിന്‍ കമ്മിറ്റി ആരോപിച്ചു. സിന്‍ഡിക്കേറ്റ് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന ഉദ്യോഗസ്ഥനായിരിക്കും മേലില്‍ യൂണിവേഴ്‌സിറ്റി ഭരണ സമിതികള്‍ രൂപീകരിക്കുക.
ഗവര്‍ണറുടെയും വിസിയുടെയും അധികാരങ്ങള്‍ വെട്ടി കുറച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും, രജിസ്ട്രാര്‍ക്കും, സിന്‍ഡിക്കേറ്റിനും കൂടുതല്‍ അധികാരങ്ങള്‍ നിയമഭേദഗതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രിക്കും, സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന സിന്‍ഡിക്കേറ്റുകള്‍ക്കും, കരാറ ടിസ്ഥാനത്തില്‍ നിയമിക്കുന്ന രജിസ്ട്രാര്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതോടെ സര്‍വ്വകലാശാലകളുടെ നിലവിലെ അക്കാദമിക് സ്വാതന്ത്ര്യം നഷ്ടപ്പെടും. സര്‍വ്വകലാശാല ഭരണം പൂര്‍ണ്ണമായും രാഷ്ട്രീയവല്‍ക്കരിക്കപ്പെടുമെന്നാണ് ആക്ഷേപം.
1991 ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍വകലാശാലകളുടെ ഫയലുകള്‍ പരിശോധിക്കുവാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമഭേദഗതിയ്ക്ക് ശ്രമിച്ചപ്പോള്‍ സര്‍വകലാശാലകളുടെ സ്വയംഭരണം നഷ്ടപെടുമെന്ന പേരില്‍ സിപിഎം ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ സിപിഎം, സര്‍വ്വകലാശാലകളെ സര്‍ക്കാരിന്റെ ഒരു വകുപ്പിന് സമാനമാക്കി മാറ്റുന്നതിന് വിദ്യാഭ്യാസമന്ത്രിക്ക് അമിതാധികാരങ്ങള്‍ നല്‍കുന്നു എന്നാണ് ആരോപണം.