- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ പോലീസുകാരുടെ കാവലില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വിശ്രമിക്കുന്നു; ദീപാവലി അവധിയായതിനാല്‍ അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം വീടുകളിലേക്കു മടങ്ങി; അന്വേഷണത്തിനിടെ 'അവധി'? ശബരിമല കൊള്ളയില്‍ നാഗേഷും കല്‍പ്പേഷും കസ്റ്റഡിയിലോ?
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം അവധിയെടുത്തോ? ദീപാവലി അവധിയായതിനാല്‍ അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം വീടുകളിലേക്കു മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ പോലീസുകാരുടെ കാവലില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വിശ്രമിക്കുകയാണ്. ഇന്നലെ മൊഴിയെടുപ്പില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ദീപാവലിക്കു ശേഷമാകും കൂടുതല്‍ മൊഴിയെടുപ്പും അയല്‍ സംസ്ഥാനങ്ങളില്‍ തെളിവെടുപ്പിനായി കൊണ്ടുപോകലും നടക്കുകയെന്ന് ദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഹൈക്കോടതി മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രത്യേക അന്വേഷണത്തിലും അവധി വരുമോ എന്ന ചര്‍ച്ച സജീവമാകുകയാണ്.
അറസ്റ്റിലായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍നിന്ന് നിരവധി ഭൂമി ഇടപാടുകളുടെ രേഖകളും പ്രമാണങ്ങളും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് നിരവധി ആധാരങ്ങളും മറ്റു രേഖകളും കണ്ടെടുത്തത്. ഇവ ബിനാമി ഇടപാടുകളാണോ അതോ ബ്ലേഡ് പലിശയ്ക്ക് പണം കടം കൊടുക്കുന്നതിനായി വാങ്ങിവച്ചിരിക്കുന്ന ഭൂമിയുടെ രേഖകളാണോ എന്നു ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം പിന്നീട് പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. വീടിന്റെ ചുറ്റുപാടുകളില്‍ പലയിടത്തും തീയിട്ടതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന തെളിവുകള്‍ കത്തിച്ചതാകാമെന്നാണ് സംശയം.
നഷ്ടമായതെന്നു കരുതുന്ന രണ്ടു കിലോ സ്വര്‍ണം വീണ്ടെടുക്കാന്‍ അന്വേഷണസംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. ഉന്നതര്‍ക്ക് അടക്കം പങ്കിട്ടുനല്‍കിയെന്നാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴി. കല്‍പ്പേഷാണ് ഇതെല്ലാം കൊണ്ടു പോയതെന്നാണ് മൊഴി. പോറ്റി മൊഴി നല്‍കിയവരില്‍ പലരും പ്രധാനികളാണ്. ഇവരെ കസ്റ്റഡിയില്‍ എടുക്കാനോ ചോദ്യം ചെയ്യാനോ പോലും സംഘത്തിനായിട്ടില്ല. അതിനിടെയാണ് ദീപാവലി അവധി. സാധാരണ പ്രധാന അന്വേഷണങ്ങള്‍ നടക്കുമ്പോള്‍ ഇത്തരം അവധികള്‍ പോലീസ് എടുക്കാറില്ല. ഒന്നില്‍ അധികം എസ് പിമാര്‍ ഈ സംഘത്തിലുണ്ട്. എന്നിട്ടും സംഘം അവധിയെടുത്തുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്.
ണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ അനധികൃത ഭൂമി ഇടപാടുകള്‍ അന്വേഷക സംഘം കണ്ടെത്തിയെന്നതാണ് മറ്റൊരു സൂചന. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും അല്ലാതെയുമായി തട്ടിയ പണം ഉപയോഗിച്ച് ഇയാള്‍ വസ്തു ഇടപാട് നടത്തിയിരുന്നതായാണ് വിവരം. സംസ്ഥാനത്തും ബംഗളൂരുവിലുമായി പല വസ്തുഇടപാടുകളും നടത്തിയിരുന്നതിന്റെ രേഖകള്‍ വീട്ടിലെ പരിശോധനയ്ക്കിടെ പിടിച്ചെടുത്തു. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ പോറ്റി നടത്തിയിരുന്നതായാണ് വിവരം.
വീടിന്റെ വശത്തായി പേപ്പറുകള്‍ കൂട്ടിയിട്ട് കത്തിച്ചനിലയില്‍ കണ്ടെത്തിയത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ശബരിമലയില്‍നിന്ന് തട്ടിയെടുത്ത സ്വര്‍ണം മറിച്ചുവിറ്റെന്നും ഇത് പങ്കിട്ടെടുത്തെന്നും ഉണ്ണിക്കൃഷ്ണന്‍ പോറ്റി സമ്മതിച്ചതായാണ് വിവരം. പലഘട്ടങ്ങളിലായി സ്വര്‍ണം മോഷ്ടിക്കാന്‍ പദ്ധതിയിട്ടിരുന്നതായും സൂചനയുണ്ട്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തും ബംഗളൂരു സ്വദേശിയുമായ കല്‍പേഷ്, ഹൈദരാബാദില്‍ സ്വര്‍ണപ്പണി സ്ഥാപനത്തിന്റെ ഉടമയായ നാഗേഷ് എന്നിവരെ അന്വേഷക സംഘം കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതായും വിവരമുണ്ട്. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ കല്‍പേഷാണെന്നാണ് പോറ്റിയുടെ മൊഴി.