തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി ജയില്‍മോചിതനായി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്ന് അദ്ദേഹം വ്യാഴാഴ്ച പുറത്തിറങ്ങിയത്. ചുവന്ന ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ച പോറ്റി ചിരിച്ച് സന്തോഷവാനായാണ് പുറത്തിറങ്ങിയത്. സ്വീകരിക്കാന്‍ കുടുംബം എത്തിയിരുന്നു. വീട്ടില്‍ നിന്ന് വന്നവരുടെ സനേഹാന്വേഷണങ്ങള്‍ ഏറ്റുവാങ്ങി മാധ്യമങ്ങളോട് സംസാരിക്കാതെ കാറില്‍ വീട്ടിലേയ്ക്ക് തിരിച്ചു.

ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ രണ്ടുദിവസം നീണ്ട വിശദമായ വാദം കേള്‍ക്കലിന് ശേഷമായിരുന്നു കോടതിയുടെ ഈ വിധി. ജയില്‍മോചിതനായ പോറ്റിയെ ഭാര്യയും അടുത്ത ബന്ധുക്കളും ചേര്‍ന്ന് സ്വീകരിച്ചു.

നേരത്തെ, ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പ്പത്തിലെ പാളികളില്‍ നിന്ന് സ്വര്‍ണം മാറ്റിയ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ ജനുവരി 21-നായിരുന്നു ഈ കേസില്‍ ജാമ്യം അനുവദിച്ചത്. അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റി ജയിലിന് പുറത്തിറങ്ങിയതോടെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ 1.3 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകള്‍ ഇ.ഡി നേരത്തെ മരവിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനായി അടുത്തദിവസം തന്നെ സമന്‍സ് നല്‍കുമെന്നാണ് വിവരം.

ഇതോടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം നേടി പുറത്തിറങ്ങുന്ന നാലാമത്തെ പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാര്‍ എന്നിവരാണ് നേരത്തെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മറ്റു പ്രതികള്‍. മുരാരി ബാബുവിനും സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചതെങ്കില്‍, തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് എസ്. ശ്രീകുമാറിന് കോടതി ജാമ്യം അനുവദിച്ചത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രധാന പ്രതിക്ക് ജാമ്യം ലഭിച്ചത് നിയമനടപടികളുടെ ഗതിയെക്കുറിച്ചും കേന്ദ്ര ഏജന്‍സികളുടെ തുടര്‍ന്നുള്ള ഇടപെടലുകളെക്കുറിച്ചും കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.