കൊച്ചി: ബംഗാളി നടിയുടെ മീ ടൂ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറ്റണമെന്ന് നടി ഉര്‍വശി. അല്ലാത്തപക്ഷം അത് നടിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഉര്‍വശി മാധ്യമങ്ങളോട് പറഞ്ഞു. രഞ്ജിത്ത് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്നും, ദുരനുഭവം നേരിട്ട നടിക്കൊപ്പം സര്‍ക്കാര്‍ നില്‍കണമെന്നും രഞ്ജിത്തിനെതിരായുള്ള നടിയുടെ ആരോപണം തള്ളിക്കളയാനാകില്ലെന്നും അവര്‍ വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മ തെന്നി മാറരുതെന്നും ശക്തമായ നിലപാട് വേണം. പഠിച്ചത് മതി, എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉടന്‍ വിളിച്ചു ചേര്‍ക്കണം. താനെന്നും സ്ത്രീകള്‍ക്കൊപ്പം ഉണ്ടാകുമെന്നും ഉര്‍വ്വശി മാധ്യമങ്ങളോട് വ്യക്തമാക്കി. എനിക്കൊന്നും സംഭവിച്ചിട്ടില്ല അതുകൊണ്ട് മിണ്ടാതിരിക്കാം എന്നല്ല, കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ ഗൗരവമായി കാണണം. ബംഗാളി നടിയുടെ വെളിപ്പെടുത്തല്‍ ഞെട്ടലുണ്ടാക്കിയെന്നും അവരെന്താകും അവരുടെ നാട്ടില്‍ പോയി പറഞ്ഞിട്ടുണ്ടാവുക എന്നും ഉര്‍വശി പറഞ്ഞു.

സിദ്ദിഖ് സംസാരിച്ചത് താന്‍ കേട്ടു അങ്ങനെയൊന്നുമല്ല, ഇങ്ങനെയൊന്നുമല്ല എന്ന് പറഞ്ഞ് ഇനിയും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കരുത്, ഒരു സ്ത്രീ തന്റെ ലജ്ജയും മാനവും എല്ലാം മാറ്റിവച്ച് കമ്മീഷനു മുന്നില്‍ വന്നു തുറന്നു പറഞ്ഞ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. അതില്‍ ഉടന്‍ നടപടി വേണമെന്നും ഉര്‍വശി പറഞ്ഞു.

അതേസമയം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ബംഗാള്‍ നടിയുടെ ആരോപണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ഭദ്രനും രംഗത്തെത്തി. സ്ഥാനത്തിരുന്ന് ആരോപണത്തെ നേരിടുന്നത് ശരിയല്ലെന്നും രഞ്ജിത്ത് രാജി വെച്ച് ആരോപണത്തെ നേരിടണമെന്നും ഭദ്രന്‍ അഭിപ്രായപ്പെട്ടു. വളരെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് കേട്ടത്.

രഞ്ജിത്ത് രാജിവച്ച് ആരോപണത്തെ നേരിട്ട് സംശുദ്ധത തെളിയിക്കണമെന്നും ഭദ്രന്‍ കൂട്ടിച്ചേര്‍ത്തു. കേവലമൊരു സംവിധായകനോ തിരക്കഥാകൃത്തോ മാത്രമല്ല അദ്ദേഹം. ഇരിക്കുന്ന പദവിയുടെ ഗൗരവം കൂടി മാനിക്കണം. മന്ത്രി സജി ചെറിയാന്‍ അനാവശ്യമായി രഞ്ജിത്തിനെ സംരക്ഷിക്കുമെന്ന തോന്നലുണ്ടാകുമെന്നും ഭദ്രന്‍ ചൂണ്ടിക്കാട്ടി. സാംസ്‌കാരിക മന്ത്രി തൊടുത്തുവിടുന്ന ചില വാക്കുകള്‍ ശോചനീയമാണെന്നും സംവിധായകന്‍ ഭദ്രന്‍ പറഞ്ഞു.

അതേസമയം നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ രഞ്ജിത്ത് ഒഴിഞ്ഞേക്കുമെന്ന് സൂചനകളുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാകും. രഞ്ജിത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവതരമാണെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ വയനാട്ടിലുള്ള രഞ്ജിത്ത് വാഹനത്തില്‍ നിന്ന് ഒദ്യോഗിക പദവി സംബന്ധിച്ച നെയിം ബോര്‍ഡ് മാറ്റിയതായാണ് വിവരം.

ബംഗാളി നടിയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. പിന്നാലെ രഞ്ജിത്തിനെതിരെ പ്രതിഷേധം വ്യാപകമായി. പവര്‍ ഗ്രൂപ്പിനുള്ളില്‍ സിപിഐഎമ്മിന് വേണ്ടപ്പെട്ട ആളുകള്‍ ഉണ്ടെന്ന് ഓരോ ദിവസം കഴിയുംതോറും തെളിയുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ നടിയുടേത് ആരോപണം മാത്രമാണെന്നും രേഖാമൂലം പരാതി കിട്ടിയാലേ സര്‍ക്കാരിന് നടപടിയെടുക്കാനാകൂ എന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.