ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് നാടുകടത്തിയ ഇന്ത്യാക്കാരെ വിലങ്ങിട്ടാണോ, വിലങ്ങിടാതെയാണോ തിരിച്ചയച്ചതെന്ന ചോദ്യം ഇന്നലെ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. മടങ്ങിയെത്തിയവരുടെ അനുഭവവിവരണം കൂടാതെ, അമേരിക്കന്‍ അതിര്‍ത്തി പട്രോള്‍ ഇന്ത്യക്കാരെ വിലങ്ങിട്ട് തിരിച്ചയയ്ക്കുന്ന വീഡിയോ പങ്കുവച്ചു.

104 ഇന്ത്യാക്കാരെയാണ് കയ്യിലും, കാലിലും വിലങ്ങിട്ട് സൈനിക വിമാനത്തില്‍ മടക്കി അയച്ചത്. പാര്‍ലമെന്റില്‍ ഇത് പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഇതാദ്യമായല്ല, ഇന്ത്യാക്കാരെ അമേരിക്കയില്‍ നിന്നും നാടുകടത്തുന്നതെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്നുമാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രതികരിച്ചത്.

യുഎസ് ബോര്‍ഡര്‍ പട്രോള്‍ മേധാവി മൈക്കിള്‍ ഡബ്ല്യു ബാങ്ക്‌സ് ആണ് എക്‌സില്‍ 24 സെക്കന്‍ഡ് വീഡിയോ പോസ്റ്റ് ചെയ്തത്. ' അനധികൃതമായി എത്തിയ ഇന്ത്യന്‍ 'എലിയന്‍സിനെ' വിജയകരമായി തിരിച്ചയച്ചു. സൈനിക വിമാനത്തിലുളള ഏറ്റവും ദൂരമേറിയ നാടുകടത്തലാണ് ഇത്. കുടിയേറ്റ വിരുദ്ധ നിയമങ്ങള്‍ ശക്തമായി നടപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് ഈ ദൗത്യം അടിവരയിടുന്നത്'- മൈക്കിള്‍ വി ബാങ്ക്‌സ് കുറിച്ചത്. ട്രംപ് ഉപയോഗിക്കുന്ന ഇന്ത്യന്‍ എലിയന്‍സ് എന്ന പദമാണ് യുഎസ് ബോര്‍ഡര്‍ പട്രോളും ഉപയോഗിച്ചിരിക്കുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. നിങ്ങള്‍ അനധികൃതമായി യുഎസില്‍ പ്രവേശിച്ചാല്‍, പുറത്താക്കും എന്ന മുന്നറിയിപ്പും വീഡിയോയ്ക്ക് ഒപ്പമുണ്ട്.


രാത്രി വൈകി ചിത്രീകരിച്ച വീഡിയോ ഉച്ചത്തിലുള്ള സംഗീതത്തിനൊപ്പമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കാഴ്ചക്കാരായ അമേരിക്കക്കാരില്‍ രാജ്യസ്‌നേഹം ഉണര്‍ത്താന്‍ ആണിതെന്ന് കരുതുന്നു. സി-17് വിമാനത്തിന്റെ പിന്‍വാതില്‍ തുറക്കുന്നതും അനധികൃത കുടിയേറ്റക്കാരെ നിരനിരയായി വിമാനത്തില്‍ കയറ്റുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഇന്ത്യാക്കാരുടെ കാലുകളില്‍, സാധാരണഗതിയില്‍ ക്രിമിനലുകളുടെയും യുദ്ധ തടവുകാരുടെയും കാലുകളില്‍ ഇടാറുളള ചങ്ങലയും കാണാം.

ഇന്ത്യാക്കാരെ കയറ്റിയ ശേഷം നിരവധി അമേരിക്കന്‍ സൈനികരും വിമാനത്തിന് ഉള്ളിലേക്ക് കയറുന്നതും കാണാം. ഈ വിമാനം കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് അമൃത്സറില്‍ എത്തിയത്

'കാലുകളും കൈകളും ബന്ധിച്ചായിരുന്നു അമൃത്സര്‍ വരെ എത്തിച്ചത്. വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമാണ് വിലങ്ങുകള്‍ അഴിച്ചത്', ഇന്ത്യയിലെത്തിയ ജസ്പാല്‍ സിങ് എന്നയാള്‍ പി.ടി.ഐയോട് പറഞ്ഞു. ഇന്ത്യയിലേക്ക് തിരികെ എത്തുന്ന വിവരം തങ്ങള്‍ക്ക് അറിയില്ലായിരുന്നു. മറ്റൊരു ക്യാമ്പിലേക്ക് കൊണ്ടുപോകുക എന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ ഒരു സൈനികന്‍ പറയുമ്പോഴാണ് ഇന്ത്യയിലേക്കാണ് പോകുന്നതെന്ന് അറിഞ്ഞത്. നിയമപരമായി യുഎസിലേക്ക് കടക്കാനാണ് ശ്രമിച്ചതെന്നും അതിന് വേണ്ടിയുള്ള വിസയ്ക്കായി സമീപിച്ച ഏജന്റ് വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 30 ലക്ഷത്തിന്റെ ഡീലാണ് നടത്തിയത്. കടം വാങ്ങിയ പണമാണ് ഇതിനായി ചെലവഴിച്ചത്. തിരിച്ചയച്ചതോടെ ഭാവിയില്‍ കണ്ട സ്വപ്നങ്ങള്‍ ഇതോടെ തകര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




40 മണിക്കൂറോളം തങ്ങളുടെ കൈയ്യിലും കാലിലും വിലങ്ങുവെച്ചെന്ന് രാജ്യത്ത് തിരിച്ചെത്തിയ പഞ്ചാബ് സ്വദേശി ഹര്‍വീന്ദര്‍ സിങ് പറഞ്ഞു. സീറ്റില്‍ നിന്ന് ഒരു ഇഞ്ച് പോലും അനങ്ങാന്‍ സാധിച്ചില്ല. നിരന്തരമായ അഭ്യര്‍ഥനകള്‍ക്ക് ശേഷമാണ് വാഷ്‌റൂമിലേക്ക് പോകാന്‍ അനുവദിച്ചത്. 40 മണിക്കൂറോളം കൃത്യമായി ഭക്ഷണം കഴിക്കാനായില്ല. ശാരീരികമായി മാത്രമല്ല മാനസികമായും ബുദ്ധിമുട്ടേറിയ യാത്രയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസില്‍ നിന്ന് നാട് കടത്തിയ ഇന്ത്യന്‍ പൗരന്‍മാരെ നാട് കടത്തിയത് കൈയ്യില്‍ വിലങ്ങ് വെച്ചായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. ആദ്യം പുറത്ത വന്ന ചിത്രങ്ങള്‍ ഗ്വാട്ടിമാലയിലേക്ക് നാടുകടത്തിയവരുതാണെന്ന് പിബി വ്യക്തമാക്കി. ഇതിനിടെയാണ് അമൃത്സറില്‍ എത്തിയ ഇന്ത്യക്കാരുടെ വെളിപ്പെടുത്തല്‍ വന്നത്.