- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'15 ദിവസം പല്ലു തേക്കുകയോ കുളിക്കുകയോ ചെയ്തിട്ടില്ല; ആ 66 മണിക്കൂര്‍ നരകം പോലെയായിരുന്നു; കരഞ്ഞുകൊണ്ട് അസാധാരണമായാണു പലരും പെരുമാറിയത്'; കൈകളില്‍ വിലങ്ങണിയിച്ചു കാലുകള്‍ ചങ്ങലക്കിട്ടാണ് നാട്ടിലെത്തിച്ചതെന്ന് മടങ്ങിവന്ന യുവാവ്; മോദിയുടെ യു എസ് സന്ദര്‍ശനം ചോദ്യം ചെയ്ത് കോണ്‍ഗ്രസ്
മോദിയുടെ യു എസ് സന്ദര്‍ശനം ചോദ്യം ചെയ്ത് കോണ്‍ഗ്രസ്
അമൃതസര്‍: അമേരിക്കയില്‍ നിന്നും തിരിച്ചയച്ച അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ ഇന്നലെയും എത്തിച്ചത് കൈയിലും കാലിലും വിലങ്ങണിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് മടങ്ങിയെത്തിയ യുവാവ്. വിമാനത്തിനുള്ളില്‍ വിലങ്ങും ചങ്ങലയും ഉണ്ടായിരുന്നുവെന്ന് പഞ്ചാബ് ഹോഷിയാര്‍പൂര്‍ സ്വദേശി ദല്‍ജിത് സിംഗാണ് വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി അമേരിക്കന്‍ സൈനിക വിമാനത്തില്‍ എത്തിച്ച 116 പേരില്‍ ഒരാളാണ് ദല്‍ജീത് സിംഗ്.
പത്ത് ദിവസം മുമ്പെത്തിയ ആദ്യ വിമാനത്തില്‍ ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങിട്ടു കൊണ്ടുവന്നതില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടും ഇത്തവണയും സ്ഥിതി മാറിയില്ല. മോദി - ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതില്‍ മാറ്റം വരുമെന്ന സൂചനകളുണ്ടായിരുന്നുവെങ്കിലും ഇത്തവണയും കൈവിലങ്ങ് അണിയിച്ചാണ് എത്തിച്ചതെന്ന് മടങ്ങിയെത്തിവര്‍ പറയുന്നു. കൈകാലുകള്‍ ബന്ധിച്ചിരുന്നെന്നും ഇന്ത്യയിലേക്കു നാടുകടത്തുകയാണെന്ന് അറിയിച്ചിരുന്നുവെന്നും പഞ്ചാബ് സ്വദേശിയായ മന്‍ദീപ് സിങ് പറഞ്ഞു. ഫെബ്രുവരി അഞ്ചിന് എത്തിയവരെ പോലെ കൈകളില്‍ വിലങ്ങണിയിച്ചു കാലുകള്‍ ചങ്ങലക്കിട്ടാണ് നാട്ടിലെത്തിച്ചതെന്ന് മന്‍ദീപ് സിങ് പറഞ്ഞു.
''66 മണിക്കൂര്‍ നരകം പോലെയായിരുന്നു. പക്ഷേ, ഇതു ഞങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയായിരുന്നു. മറ്റുള്ളവരുടെ മനസ് വായിക്കാന്‍ ആര്‍ക്കും സാധിക്കില്ല. തിരിച്ചയയ്ക്കുന്ന സമയത്ത് എന്തു വേണമെങ്കിലും സംഭവിക്കാം. പലരും വിഷാദത്തിലായിരുന്നു. നിരാശയിലും നഷ്ടബോധത്തിലുമായിരുന്നു. കരഞ്ഞുകൊണ്ട് അസാധാരണമായാണു പലരും വിമാനത്താവളത്തില്‍ പെരുമാറിയത്. എല്ലാവര്‍ക്കും യുഎസില്‍ മികച്ചൊരു ഭാവിയായിരുന്നു സ്വപ്നം. ഒരു വിദേശരാജ്യത്ത് പിടിക്കപ്പെടുന്നു. തടങ്കലില്‍ വയ്ക്കുന്നു. ഇന്ത്യയിലേക്കു തിരിച്ചയയ്ക്കുകയും ചെയ്യുന്നു. ഇതു മാനസികമായി ബാധിക്കും'' മന്‍ദീപ് പറഞ്ഞു.
''തിരിച്ചെത്തിയവര്‍ക്കു വളരെ കുറച്ചു ഭക്ഷണം മാത്രമാണു നല്‍കിയത്. 15 ദിവസം പല്ലു തേക്കുകയോ കുളിക്കുകയോ ചെയ്തിട്ടില്ല. ആകെ തകര്‍ന്ന നിലയിലായിരുന്നു അവര്‍'' ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിലങ്ങുകളണിയിച്ച് ഇന്ത്യക്കാരെ എത്തിക്കുന്നതില്‍ വിദേശകാര്യമന്ത്രാലയം യുഎസിനെ ആശങ്ക അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷവും ഇതില്‍ മാറ്റമുണ്ടായില്ല. ഇതിനേക്കാള്‍ അപമാനകരമായി രാജ്യത്തിന് ഒന്നുമില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം കൊണ്ട് എന്ത് ഗുണമെന്നും കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു.
116 ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുമായി രണ്ടാമത്തെ യു എസ് സൈനിക വിമാനമാണ് ഇന്നലെ രാത്രിയാണ് അമൃത്‌സറില്‍ എത്തിയത്. നാടുകടത്തപ്പെട്ടവരുടെ രണ്ടാമത്തെ ബാച്ചില്‍ പഞ്ചാബില്‍ നിന്നുള്ള 65 പേരും ഹരിയാനയില്‍ നിന്നുള്ള 33 പേരും ഗുജറാത്തില്‍ നിന്നുള്ള എട്ട് പേരും ഉത്തര്‍പ്രദേശ്, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേര്‍ വീതവും ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ വ്യക്തിയുമാണ് ഉണ്ടായിരുന്നത്. പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ നാടുകടത്തപ്പെട്ടവര്‍ക്കായി പ്രത്യേക യാത്രാ സൗകര്യങ്ങള്‍ ഒരുക്കി. 157 നാടുകടത്തപ്പെട്ടവരുമായി മൂന്നാമത്തെ വിമാനം ഇന്ന് രാത്രി അമൃത്സറില്‍ ഇറങ്ങും.
13 കുട്ടികളടക്കം 104 പേരെ വഹിച്ചുകൊണ്ട് ഫെബ്രുവരി 5 നാണ് ആദ്യവിമാനം അമൃത്സറില്‍ എത്തിയത്. കൈകാലുകളില്‍ വിലങ്ങണിയിച്ചാണ് ഇവരെ എത്തിച്ചത്. തുടര്‍ന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എസ് സന്ദര്‍ശനത്തോടെ കാര്യങ്ങളില്‍ അയവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ട്രംപുമായി മോദി നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ വിലങ്ങ് ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അനധികൃത കുടിയേറ്റക്കാരെ അമേരിക്ക മാന്യമായി പരിഗണിക്കുമെന്നും സൈനിക വിമാനത്തിന് പകരം യാത്രാ വിമാനം നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പഴയപടി തന്നെയാണ് അമേരിക്ക ഇന്ത്യന്‍ കുടിയേറ്റക്കാരോട് പെരുമാറിയതെന്നത് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പരാജയമായാണ് പ്രതിപക്ഷം ചൂണ്ടികാട്ടുന്നത്.