- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ രണ്ടാം വരവ് സമഗ്രാധിപത്യത്തോടെ; തോല്‍വിക്ക് ശേഷം വീണ്ടും അധികാരത്തില്‍ എത്തുന്ന പ്രസിഡന്റെന്ന അപൂര്‍വ്വ നേട്ടം; കമല ഹാരിസിനെ തോല്‍പ്പിച്ചത് ഇലക്ടറല്‍ കോളേജിന് പുറമേ പോപ്പുലര്‍ വോട്ടിലും; സെനറ്റും കീഴടക്കി വന്‍ വിജയം; യു എസിനെ ചുവപ്പിച്ച് അനുയായികളുടെ വിജയാഘോഷം
ജനപ്രിയ വോട്ടുനേടി പ്രസിഡന്റാവുന്ന ആദ്യ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇനി ട്രംപ് യുഗം. കഴിഞ്ഞ തവണത്തെ തോല്‍വിക്ക് ശേഷം വീണ്ടും അധികാരത്തിലെത്തുന്ന നേതാവെന്ന അപൂര്‍വ നേട്ടവുമായാണ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തുന്നത്. 20 വര്‍ഷത്തിനിടെ ജനപ്രിയ വോട്ടുനേടി പ്രസിഡന്റാവുന്ന ആദ്യ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാണ് ട്രംപ്. 2004-ല്‍ ജോര്‍ജ് ബുഷിന് ശേഷം ആദ്യമായാണ് ഒരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഇലക്ടറല്‍ കോളേജിന് പുറമേ പോപ്പുലര്‍ വോട്ടും നേടി പ്രസിഡന്റാവുന്നത്. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആധിപത്യം നേടി.
അമേരിക്കയെ 'ചുവപ്പിച്ചാണ്' റിപ്പബ്ലിക്കന്‍ നേതാവും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ് അധികാരം ഉറപ്പിച്ചത്. ട്രംപിന് 267 ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 224 വോട്ടുകളാണ് നേടാനായത്. വിജയത്തിന് 270 വോട്ടുകളാണ് വേണ്ടത്. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്.
വിസ്‌കോണ്‍സില്‍ ലീഡ് ചെയ്യുന്ന സീറ്റുകള്‍കൂടി ചേര്‍ത്താണ് വിജയിക്കാനാവശ്യമായ 270 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ എന്ന മാജിക് നമ്പര്‍ ട്രംപ് കടന്നത്. തുടര്‍ച്ചയായി അല്ലാതെ രണ്ടുതവണ പ്രസിഡന്റാവുന്ന രണ്ടാമത്തെയാളാണ് ട്രംപ്. സെനറ്റര്‍ ജെ.ഡി. വാന്‍സ് യു.എസിന്റെ 50-ാം വൈസ് പ്രസിഡന്റാവും.
ഇലക്ടറല്‍ കോളേജിന് പുറമേ, പോപ്പുലര്‍ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ ട്രംപ് അധികാരത്തിലെത്തുന്നത്. നേരത്തെ, 2016-ല്‍ പ്രസിഡന്റായ ട്രംപ് ഇലക്ടറല്‍ കോളേജ് വോട്ടിന്റെ ബലത്തിലാണ് അമേരിക്കയുടെ പ്രഥമ പൗരനായത്. നാലുവര്‍ഷം പൂര്‍ത്തിയാക്കി 2020 തിരഞ്ഞെടുപ്പിനെ നേരിട്ട ട്രംപ് നിലവിലെ പ്രസിഡന്റ് ജോ ബൈഡനോട് പരാജയപ്പെട്ടിരുന്നു. 538-ല്‍ 267 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് നേടിയിരിക്കുന്നത്. വിസ്‌കോണ്‍സില്‍ ലീഡ് ചെയ്യുന്ന 10 സീറ്റുകള്‍കൂടി ചേര്‍ത്താല്‍ ട്രംപ് 277 എന്ന അക്കത്തിലെത്തും.
യു എസിന്റെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് എത്തുന്നത് നിരവധി സവിശേഷതകളോടെയാണ്. 2016ല്‍ ഇലക്ടറല്‍ കോളേജ് വോട്ടിന്റെ ബലത്തിലാണ് ട്രംപ് പ്രസിഡന്റായത്. പോപ്പുലര്‍ വോട്ടുകളില്‍ അന്ന് വിജയം എതിര്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണായിരുന്നു. ഇത്തവണ ഇലക്ടറല്‍ കോളേജ്- പോപ്പുലര്‍ വോട്ടുകള്‍ക്ക് പുറമേ സെനറ്റും കീഴടക്കിയാണ് ട്രംപ് പ്രസിഡന്റാവുന്നത്.
2016-ല്‍ 232-നെതിരെ 306 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ട്രംപ് നേടിയത്. പിന്നീട് ഇത് 304-227 എന്ന നിലയിലായി. 62,984,828 പോപ്പുലര്‍ വോട്ടുകളാണ് ട്രംപ് അത്തവണ നേടിയത്. ആകെ പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ 46.1% ആയിരുന്നു ഇത്. ഇലക്ടറല്‍ കോളേജ് വിധിയെഴുത്തില്‍ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട ഹിലരി ക്ലിന്റണ് അന്ന് 65,853,514 പോപ്പുലര്‍ വോട്ടുകള്‍ ലഭിച്ചു. 48.2% വോട്ടുകളാണ് ഹിലരി സ്വന്തമാക്കിയത്.
68,760,238 (51.2%) പോപ്പുലര്‍ വോട്ടുകളാണ് ഇതുവരെ വന്ന ഫലങ്ങള്‍ പ്രകാരം ട്രംപ് നേടിയത്. 267 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ട്രംപ് നേടിയിരിക്കുന്നത്. എതിര്‍സ്ഥാനാര്‍ഥി കമല ഹാരിസിന് 63,707,810 (47.4%) പോപ്പുലര്‍ വോട്ടുകളും ലഭിച്ചു. 224 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് കമലയ്ക്ക് ഇതുവരെയുള്ളത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി 51 സീറ്റ് നേടിയപ്പോള്‍ ഡെമോക്രാറ്റുകള്‍ 42 സീറ്റിലാണ് ജയിച്ചത്. ട്രംപ് വിജയത്തിലേക്ക് അടുത്തതോടെ പാര്‍ട്ടിയുടെ ചുവന്ന കൊടിയുമായി അനുയായികള്‍ വിജയാഘോഷം തുടങ്ങിയിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കുന്ന സ്വിങ് സീറ്റുകളിലും (പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാദ, നോര്‍ത്ത് കരോലിന, വിസ്‌കോന്‍സിന്‍) ട്രംപ് തന്നെ ലീഡ് നേടി. നെബ്രാസ്‌കയില്‍നിന്ന് ഡെബ് ഫിഷര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ യു.എസ്. പാര്‍ലമെന്റിന്റെ സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിക്കഴിഞ്ഞു.
സെനറ്റില്‍ ചുരുങ്ങിയത് 51 സീറ്റുകള്‍ ലഭിച്ചതോടെ സഭയുടെ നിയന്ത്രണം നാലുകൊല്ലത്തിനിടെ ഇതാദ്യമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ചു. ഇതോടെ പ്രസിഡന്റിന്റെ കാബിനറ്റ്, സുപ്രീം കോടതി ജസ്റ്റിസുമാരുടെ നിയമനം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിക്ക് നിര്‍ണായക അധികാരവും കൈവന്നിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ അമേരിക്കന്‍ ജനതയ്ക്ക് ട്രംപ് നന്ദി പറഞ്ഞു. അമേരിക്കയുടെ 'സുവര്‍ണ്ണ കാലഘട്ടം' ഇതായിരിക്കുമെന്ന് പറഞ്ഞ ട്രംപ് രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിജയമാണിതെന്നും അവകാശപ്പെട്ടു. അമേരിക്കയുടെ അടുത്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ആണെന്ന് ഡോണള്‍ഡ് ട്രംപ് പൊതുയോഗത്തില്‍ പ്രഖ്യാപിച്ചു. ഭാര്യ മെലാനിയയ്ക്കും കുടുംബത്തിനും ട്രംപ് നന്ദി പറഞ്ഞു. ഒദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം.