- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആര്‍എസ്എസിനും റോയ്ക്കും എതിരെ ഉപരോധം ഏര്‍പ്പെടുത്തണം; ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അമേരിക്കയിലുള്ള സ്വത്തുക്കള്‍ മരവിപ്പിക്കണം; മതസ്വാതന്ത്ര്യ ലംഘനത്തില്‍ ഇന്ത്യക്കെതിരെ കടുത്ത നടപടികള്‍ക്ക് ശുപാര്‍ശയുമായി യുഎസ് ഫെഡറല്‍ കമ്മീഷന്‍; ചുട്ട മറുപടി നല്‍കി വിദേശകാര്യ മന്ത്രാലയം
ആര്‍എസ്എസിനും റോയ്ക്കും എതിരെ ഉപരോധം ഏര്‍പ്പെടുത്തണം

ന്യൂഡല്‍ഹി: ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി 'റോ'യും (R&AW), ആര്‍എസ്എസും (RSS)( രാഷ്ട്രീയ സ്വയംസേവക സംഘം) ഇപ്പോള്‍ അമേരിക്കയുടെ കരിമ്പട്ടികയില്‍. മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുവെന്ന് ആരോപിച്ച് ഇന്ത്യയെ 'പ്രത്യേക ആശങ്കയുള്ള രാജ്യം' ആയി പ്രഖ്യാപിക്കണമെന്നാണ് യുഎസ് ഫെഡറല്‍ കമ്മീഷന്റെ (USCIRF) ശുപാര്‍ശ. ഈ കമ്മീഷന്‍ റിപ്പോര്‍ട്ടിന് കടുത്ത ഭാഷയില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി. റോയ്ക്കും, ആര്‍എസ്എസിനും എതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന അമേരിക്കന്‍ സമിതിയുടെ വിചിത്രമായ ആവശ്യത്തെ ഇന്ത്യ തള്ളിക്കളഞ്ഞു.
വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളിന്റെ മറുപടി:
വര്‍ഷങ്ങളായി ഇന്ത്യയെ കുറിച്ച് വികലവും പക്ഷപാതപരവുമായ ചിത്രമാണ് യുഎസ് കമ്മീഷന്‍ നല്‍കുന്നത്. വസ്തുതകളെക്കാള്‍ ഉപരി പ്രത്യയശാസ്ത്രപരമായ താല്‍പ്പര്യങ്ങള്‍ മാത്രമാണ് ഈ റിപ്പോര്‍ട്ടിന് പിന്നില്‍. ഇത്തരത്തിലുള്ള ആവര്‍ത്തിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ കമ്മീഷന്റെ തന്നെ വിശ്വാസ്യത ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയെ വിമര്‍ശിക്കുന്നതിന് മുന്‍പ് അമേരിക്ക സ്വന്തം രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. യുഎസിലെ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുന്നതും, ഇന്ത്യന്‍ വംശജര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളും യുഎസ് സമിതി ഗൗരവത്തോടെ കാണണം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ അനുവദിക്കില്ലെന്നും, ഇത്തരം തിരഞ്ഞുപിടിച്ചുള്ള ലക്ഷം വയ്ക്കല്‍ അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കി.
യുഎസ് ഫെഡറല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍
2025-ലെ സംഭവവികാസങ്ങള്‍ വിലയിരുത്തിക്കൊണ്ട് പുറത്തിറക്കിയ 2026-ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് യുഎസ് കമ്മീഷന്‍ ഇന്ത്യക്കെതിരെ വിനാശകരമായ ശുപാര്‍ശകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ത്യയില്‍ വ്യവസ്ഥാപിതവും ക്രൂരവുമായ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്നുവെന്നും അത് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കടുത്ത ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തണമെന്ന് യുഎസ് സര്‍ക്കാരിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
റോയ്ക്കും ആര്‍എസ്എസിനും ഉപരോധം
ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കും (R&AW) രാഷ്ട്രീയ സ്വയംസേവക് സംഘിനും (RSS) എതിരെ നേരിട്ടുള്ള ഉപരോധങ്ങള്‍ വേണം. മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ക്ക് ഈ സംഘടനകള്‍ ഉത്തരവാദികളാണെന്നാണ് കമ്മീഷന്റെ വിചിത്രമായ കണ്ടുപിടുത്തം. ഈ സംഘടനകളുമായി ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അമേരിക്കയിലുള്ള സ്വത്തുക്കള്‍ മരവിപ്പിക്കണം. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കണം.
ഇന്ത്യയുടെ സുരക്ഷാ ഏജന്‍സികളെയും പ്രമുഖ സംഘടനകളെയും ആഗോളതലത്തില്‍ ഒറ്റപ്പെടുത്താനുള്ള ആസൂത്രിത നീക്കമായാണ് ഈ റിപ്പോര്‍ട്ടിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ഇതിനോടകം തന്നെ ഇന്ത്യ ഈ റിപ്പോര്‍ട്ടിനെ തള്ളിക്കളയുകയും അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയെ സാമ്പത്തികമായും സൈനികമായും തളയ്ക്കാനുള്ള കടുത്ത നിര്‍ദ്ദേശങ്ങളാണ് യുഎസ് കമ്മീഷന്‍ തങ്ങളുടെ പുതിയ റിപ്പോര്‍ട്ടില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. കേവലം മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ മാത്രം ഒതുങ്ങാതെ, ഇന്ത്യയുമായുള്ള വ്യാപാര-സുരക്ഷാ ബന്ധങ്ങളെ പോലും ഇത് ബാധിക്കുന്ന തരത്തിലുള്ള ശുപാര്‍ശകളാണ് പുറത്തുവന്നിരിക്കുന്നത്.
ആയുധ ഇടപാടുകള്‍ക്കും വ്യാപാരത്തിനും വിലങ്ങ്
ഇന്ത്യക്ക് നല്‍കുന്ന സുരക്ഷാ സഹായങ്ങളും ഉഭയകക്ഷി വ്യാപാര നയങ്ങളും മതസ്വാതന്ത്ര്യത്തിലെ പുരോഗതിയുമായി ബന്ധിപ്പിക്കണം. അതായത്, അമേരിക്കന്‍ കമ്മീഷന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രതിരോധ-വ്യാപാര മേഖലകളില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാണ് നീക്കം.
അമേരിക്കയിലെ മതന്യൂനപക്ഷങ്ങളെ ഇന്ത്യന്‍ ഏജന്‍സികള്‍ ലക്ഷ്യമിടുന്നുവെന്ന ആരോപണവുമായി 'ട്രാന്‍സ്നാഷണല്‍ റിപ്രഷന്‍ റിപ്പോര്‍ട്ടിംഗ് ആക്റ്റ്' പാസാക്കാന്‍ കമ്മീഷന്‍ യുഎസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നീക്കങ്ങളെ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനുമാണ് ഈ നീക്കം.
2025-ല്‍ ഇന്ത്യയില്‍ മതസ്വാതന്ത്ര്യം കൂടുതല്‍ മോശമായെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. വിവിധ സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമങ്ങളെയും കമ്മീഷന്‍ കടന്നാക്രമിക്കുന്നുണ്ട്. കടുത്ത ജയില്‍ ശിക്ഷകള്‍ ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് ആരോപണം.
ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും റിപ്പോര്‍ട്ടില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കേന്ദ്ര സര്‍ക്കാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.


