- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സകല കുടിയേറ്റക്കാരുടെയും ബാങ്ക് ഡീറ്റെയില്‍സ് പരിശോധിച്ച് അമേരിക്കന്‍ ഇമ്മിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്; ബാങ്ക് ഡീറ്റെയില്‍സ് നോക്കി ആളെ നാട് കടത്തും; സെമിനാറിന് പോയ ഓസ്ട്രേലിയന്‍ കോച്ചിനെയും ജയിലില്‍ അടച്ചു
സകല കുടിയേറ്റക്കാരുടെയും ബാങ്ക് ഡീറ്റെയില്‍സ് പരിശോധിച്ച് അമേരിക്കന്‍ ഇമ്മിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അനധികൃതമായി താമസിക്കുന്ന എഴുപത് ലക്ഷത്തോളം പേരുടെ സ്വകാര്യ വിവരങ്ങള്‍ നല്‍കാന്‍ ഇന്റേണല്‍ റവന്യു സര്‍വ്വീസിനോട് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതുവഴി അവരെ കണ്ടെത്താനും നാടുകടത്താനും കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരക്കാരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഈമെയില്‍ വിലാസം തുടങ്ങിയവ നല്‍കാനാണ് ടാക്സ് ഏജന്‍സിയോട് ഹോംലാന്‍ഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ നാടുകടത്തുന്നതില്‍ ഐ ആര്‍ എസ്സിന്റെ സേവനം കൂടുതലായി ഉപയോഗിക്കും എന്നതിന്റെ സൂചനയാണിത്.
ഏഴ് ലക്ഷത്തിലധികം ആളുകളുടെ വിശദാംശങ്ങള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഹോം ഡിപ്പാര്‍ട്ട്‌മെന്റ് ചോദിച്ചിരുന്നു. എന്നാല്‍, അത്തരത്തിലുള്ള നീക്കം നിയമവിരുദ്ധമാണെന്ന് പറഞ്ഞ് ആക്റ്റിംഗ് കമ്മീഷണര്‍ ഡോ ഓ ഡോണെല്‍ അത് തള്ളിക്കളയുകയായിരുന്നു. ഏതായാലും തൊട്ടടുത്ത ദിവസം തന്നെ ഓ ഡോണെല്‍ ജോലിയില്‍ നിന്നും വിരമിച്ചു. പകരം ചുമതലയേറ്റെടുത്ത മെലാനി ക്രോസ് ഹോം ഡിപ്പാര്‍ട്ട്‌മെന്റുമായി കൂടെ ചേര്‍ന്ന പ്രവര്‍ത്തിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.
വ്യക്തിഗത നികുതി വിവരങ്ങള്‍, പേരുകള്‍, വിലാസം എന്നിവയെല്ലാം ഐ ആര്‍ എസ് അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നത്. വളരെ അപൂര്‍വ്വം സാഹചര്യങ്ങളില്‍ മാത്രമാണ് ഇത് പുറത്തുവിടാറുള്ളത്. ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാന്‍ ഈ വിവരങ്ങള്‍ നല്‍കിയാല്‍ ഇതുവരെ ഐ ആര്‍ എസ് പിന്തുടര്‍ന്നു വന്നിരുന്ന പതിവില്‍ നിന്നുള്ള വ്യതിചലനമാകും അത്. നികുതി വരുമാനത്തില്‍ പതിനായിരക്കണക്കിന് ഡോളര്‍ ഓരോ വര്‍ഷവും നല്‍കുന്ന, അനധികൃത കുടിയേറ്റക്കാരോട് ഭയമേതുമില്ലാതെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാമെന്നും അവരുടെ വിവരങ്ങള്‍ സുരക്ഷിതായിരിക്കുമെന്നും പതിറ്റാണ്ടുകളായി ഐ ആര്‍ എസ് ഉറപ്പ് നല്‍കുന്നുണ്ട്.
അനധികൃത കുടിയേറ്റക്കാരും നികുതി നല്‍കാന്‍ ബാദ്ധ്യസ്ഥരാണെന്നാണ് ഐ ആര്‍ എസ്സിന്റെ വെബ്‌സൈറ്റ് പറയുന്നത്. ഒരു നികുതി ദായകനെതിരെ ക്രിമിനല്‍ കേസ് ചാര്‍ജ്ജ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍, ചില വിവരങ്ങള്‍ ഹോം ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറാന്‍ ഏതെങ്കിലും കോടതി ഐ ആര്‍ എസ്സിനോട് നിര്‍ദ്ദേശിക്കും. അതാണ് തുടര്‍ന്നു വരുന്ന പതിവ്. എന്നാല്‍, ഹോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആവശ്യം, ഈ പരിധിയില്‍ വരുന്നില്ല എന്നാണ് ഐ ആര്‍ എസ് ഉദ്യോഗസ്ഥരുടെ നിലപാട് എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയില്‍ അനധികൃതമായി താമസിക്കുന്നത് ഒരു ക്രിമിനല്‍ കുറ്റമല്ല, സിവില്‍ കേസ് മാത്രമാണതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ആയോധനകല പരിശീലകന്‍ അമേരിക്കയില്‍ അറസ്റ്റില്‍
സെമിനാറില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ എത്തിയ ആസ്‌ട്രേലിയന്‍ പൗരനായ ആയോധന കലാ പരിശീലകന്‍ അമേരിക്കയില്‍ അറസ്റ്റിലായി. ആസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ പരിശീലകനായിരുന്ന റെനെറ്റൊ സുബോടിക്കിനെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ജയിലിലടയ്ക്കുന്നതിന്‍- മുന്‍പായി ഒരു മുറിയില്‍ മൂന്ന് മണിക്കൂറോളം ഏകാന്ത തടവിലാക്കി എന്നും സുബോടിക് തന്റെ സാമൂഹ്യ മാധ്യമ കുറിപ്പിലൂടെ പറയുന്നു. അദ്ദേഹത്തിന്റെ വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതിന് കാരണമായത് എന്നറിയുന്നു.
വിമാനത്താവളത്തിലെത്തിയ സുബോടിക്കിനെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഒരു മുറിയില്‍ അടയ്ക്കുകയായിരുന്നു. മൂന്ന് മണിക്കൂറോളം തുടര്‍ച്ചയായി ചോദ്യം ചെയ്തതിനു ശേഷം അവര്‍ അദ്ദേഹത്തോട് പറഞ്ഞത് വിസ രേഖകളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും എവിടെക്കാണ് തിരികെ അയയ്ക്കേണ്ടത് എന്ന് തീരുമാനിക്കപ്പെടുന്നതു വരെ ജയിലിലടക്കുമെന്നുമായിരുന്നു. കൃത്യമായ വിശദാംശങ്ങള്‍ നല്‍കുകയോ, ആരെങ്കിലുമായി സംസാരിക്കാന്‍ അനുവാദം നല്‍കുകയോ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. കൈവിലങ്ങിട്ടാണ് തന്നെ ജയിലിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ദിവസത്തെ തടവിന് ശേഷം സുബോടിക്കിനെ ആസ്‌ട്രേലിയയിലേക്ക് നാടുകടത്തുകയായിരുന്നു.