- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരീക്ഷണ പറക്കലിനിടെ യു എസ് സീഹോക്ക് ഹെലികോപ്ടറും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു; പൈലറ്റുമാരെയും ജീവനക്കാരെയും രക്ഷപ്പെടുത്തി; അപകടം ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ; യുഎസ് നാവികസേന അന്വേഷണം തുടങ്ങി
വാഷിങ്ടന്‍: നിരീക്ഷണ പറക്കലിനിടെ അമേരിക്കന്‍ നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈനയിലെ കടലില്‍ തകര്‍ന്നു വീണു. ആളപായമില്ല. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് അപകടം. പതിവ് പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു അപകടമെന്ന് യുഎസ് അധികൃതര്‍ പറഞ്ഞു. എല്ലാ ജീവനക്കാരേയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും യുഎസ് നാവികസേന വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം തന്ത്രപ്രധാനമായ സമുദ്രമേഖലയില്‍ വ്യത്യസ്ത സമയങ്ങളില്‍ നടന്ന രണ്ട് സംഭവങ്ങളുടെയും കാരണത്തെക്കുറിച്ച് യുഎസ് നാവികസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുഎസ്എസ് നിമിറ്റ്സ് എന്ന വിമാനവാഹിനിക്കപ്പലില്‍ നിന്ന് പതിവ് നിരീക്ഷണ പറക്കല്‍ നടത്തുന്നതിനിടെ, പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2:45-ഓടെയാണ് ഒരു എംഎച്ച്-60ആര്‍ സീഹോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ഇതിലുണ്ടായിരുന്ന മൂന്ന് പേരെയും രക്ഷപ്പെടുത്തി. നാവികസേനയുടെ കണക്കനുസരിച്ച് മാരിടൈം സ്‌ട്രൈക്ക് സ്‌ക്വാഡ്രണിന്റെ ബാറ്റില്‍ ക്യാറ്റ്‌സ് ടീമാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.
30 മിനിട്ടുകള്‍ക്കുശേഷമാണ് ബോയിങ് എഫ്എ18 എഫ് സൂപ്പര്‍ ഹോണറ്റ് വിമാനം തകര്‍ന്നു വീണത്. നിരീക്ഷണ പറക്കല്‍ നടത്തുകയായിരുന്നു വിമാനം. രണ്ട് പൈലറ്റുമാരും വിമാനത്തില്‍ നിന്ന് പുറത്തുചാടുകയും അവരെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തതായി നാവികസേന അറിയിച്ചു. തകര്‍ന്നു വീഴാനുള്ള കാരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി യുഎസ് നാവികസേന പ്രസ്താവനയില്‍ അറിയിച്ചു.
60 മില്യണ്‍ ഡോളറാണ് ( ഏകദേശം 528 കോടി രൂപ) എഫ്/എ-18 യുദ്ധവിമാനത്തിന് വിലവരുന്നത്. ഈ വര്‍ഷം യുഎസ് നാവികസേനക്ക് ഇത് നാലാമത്തെ എഫ്/എ-18 യുദ്ധ വിമാനമാണ് നഷ്ടപ്പെടുന്നത്. അതിലൊന്ന് ചെങ്കടലില്‍വെച്ച് വിമാനവാഹിനി കപ്പലില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഓഗസ്റ്റില്‍ പരിശീലന പറക്കലിനിടെ ഒരു വിമാനം തകര്‍ന്നുവീണു. മറ്റൊന്ന് ലാന്‍ഡിങ് സിസ്റ്റത്തില്‍ തകരാറുണ്ടായതായും യുഎസ് നാവികസേന അറിയിച്ചു. അമേരിക്കന്‍ സേനയിലെ പഴക്കമുള്ള വിമാനവാഹിനിയാണ് നിമിറ്റ്‌സ്. അടുത്തവര്‍ഷം സര്‍വീസില്‍നിന്ന് പിന്‍വലിക്കും.
യുഎസ് നാവികസേനയുടെ കണക്കനുസരിച്ച്, നിമിറ്റ്‌സ് പടിഞ്ഞാറന്‍ തീരത്തേക്കുള്ള മടക്കയാത്രയിലാണ്. മാര്‍ച്ച് 26 നായിരുന്നു വിമാനവാഹിനിക്കപ്പലും ജീവനക്കാരും വ്യോമ വിഭാഗവും പടിഞ്ഞാറന്‍ തീരത്തുനിന്ന് പുറപ്പെട്ടത്. വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണത്തെ നേരിടാനായി വിമാനവാഹിനിക്കപ്പല്‍ സദാ സമയവും പശ്ചിമേഷ്യയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഒക്ടോബര്‍ 17ന് ദക്ഷിണ ചൈനാ കടലിലെത്തുകയായിരുന്നു.
നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈനാക്കടല്‍ തന്ത്രപ്രധാനമായ മേഖലയാണ്. അന്താരാഷ്ട്ര കോടതി വിധി ലംഘിച്ചുകൊണ്ട്, ചൈന ഈ മേഖലയില്‍ പൂര്‍ണ്ണമായ ഉടമസ്ഥാവകാശം അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി, തര്‍ക്കത്തിലുള്ള ദ്വീപുകളിലും പവിഴപ്പുറ്റുകളിലും സൈനിക കേന്ദ്രങ്ങള്‍ നിര്‍മ്മിച്ച് ചൈന തങ്ങളുടെ പ്രാദേശിക അവകാശവാദങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ അവകാശവാദങ്ങളും സൈനിക സന്നാഹങ്ങളും ഈ ജലപാതയിലെ കപ്പല്‍ ഗതാഗതത്തിനും സ്വതന്ത്ര വ്യാപാരത്തിനും ഭീഷണിയാണെന്ന് യുഎസ് പറയുന്നു. ചൈനയെ പ്രതിരോധിക്കുന്നതിനും സഖ്യകക്ഷികളെയും പങ്കാളികളെയും പിന്തുണയ്ക്കുന്നതിനുമായിട്ടാണ് യുഎസ് സേന ഈ മേഖലയില്‍ സ്ഥിരമായ സാന്നിധ്യം നിലനിര്‍ത്തുന്നത്.
ഏഷ്യയില്‍ ത്രിരാഷ്ട്ര സന്ദര്‍ശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സാക്ഷിയാക്കി തായ്ലന്‍ഡും കംബോഡിയയും കഴിഞ്ഞ ദിവസം സമാധാന കരാര്‍ ഒപ്പിട്ടിരുന്നു. മലേഷ്യയില്‍ ഇന്നലെയെത്തിയ ട്രംപ് ആസിയാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കും. ജപ്പാനും ദക്ഷിണ കൊറിയയും കൂടി സന്ദര്‍ശിച്ച ശേഷമാണ് ട്രംപ് മടങ്ങുക. ഇതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.




