പയ്യന്നൂര്‍: തിരഞ്ഞെടുപ്പ് ചൂടിനിടയില്‍ പയ്യന്നൂരിലെ സി.പി.എം നേതൃത്വത്തെ വെട്ടിലാക്കി മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്റെ കടന്നാക്രമണം. പയ്യന്നൂരില്‍ ഒരു രൂപയുടെ പോലും ഫണ്ട് വെട്ടിപ്പ് നടന്നിട്ടില്ലെന്ന പാര്‍ട്ടി കേന്ദ്രങ്ങളുടെ വാദങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ്, രക്തസാക്ഷി ധനരാജിന്റെ കുടുംബസഹായ നിധിയില്‍ നിന്ന് പണം വകമാറ്റിയതിന്റെ ബാങ്ക് രേഖകള്‍ അദ്ദേഹം പുറത്തുവിട്ടത്.

2018 ജൂലൈ 9-ന് പയ്യന്നൂര്‍ റൂറല്‍ ബാങ്കിലെ ധനരാജ് കുടുംബസഹായ നിധി അക്കൗണ്ടില്‍ നിന്ന് 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതായാണ് കുഞ്ഞികൃഷ്ണന്‍ തെളിവ് നിരത്തുന്നത്. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റും പാര്‍ട്ടി കമ്മിറ്റിയില്‍ സമര്‍പ്പിച്ച കണക്കുകളുടെ പകര്‍പ്പും അദ്ദേഹം പൊതുസമക്ഷം വെച്ചു.

'സൂര്യനെപ്പോലെ തിളങ്ങുന്ന സത്യത്തെ ഇരുട്ടുകൊണ്ട് മറയ്ക്കാന്‍ നോക്കേണ്ടെന്നും', ഇനിയും കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ധനരാജ് ഫണ്ട് വിവാദം: രാഷ്ട്രീയ പ്രത്യാഘാതം

സി.പി.എം ഏറെ വൈകാരികമായി കാണുന്ന രക്തസാക്ഷി കുടുംബസഹായ നിധിയില്‍ തന്നെ ക്രമക്കേട് നടന്നുവെന്ന ആരോപണം പാര്‍ട്ടി അണികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഫണ്ട് വെട്ടിപ്പ് അന്വേഷിക്കാന്‍ പാര്‍ട്ടി തന്നെ ചുമതലപ്പെടുത്തിയ ആളായിരുന്നു വി. കുഞ്ഞികൃഷ്ണന്‍. അദ്ദേഹം കണ്ടെത്തിയ കണക്കുകള്‍ പാര്‍ട്ടി നേതൃത്വം തള്ളിക്കളഞ്ഞതോടെയാണ് അദ്ദേഹം പരസ്യ നിലപാടുമായി രംഗത്തെത്തിയത്.

'ധീര രക്തസാക്ഷിയുടെ പേരില്‍ പിരിച്ച ഫണ്ടില്‍ നിന്ന് പോലും പണം അപഹരിച്ചു എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് ഇനി വേണ്ടത്?' - വി. കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.

നിലവില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഈ വിഷയം ആയുധമാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുമ്പോഴും, പയ്യന്നൂരില്‍ അഴിമതി നടന്നിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രാദേശിക നേതൃത്വംണ്ട്. പയ്യന്നൂരിലെ പാര്‍ട്ടി കുടുംബങ്ങളെയും അനുഭാവികളെയും വഞ്ചിച്ചുവെന്ന കുഞ്ഞികൃഷ്ണന്റെ ആരോപണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തെ ബാധിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

വി.കുഞ്ഞികൃഷ്ണന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

പയ്യന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് മുതല്‍ സിപിഎം കേന്ദ്രങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് പയ്യന്നൂരില്‍ ഒരു തരത്തിലുമുള്ള ഫണ്ട് തിരിമറിയും നടന്നിട്ടില്ല, പാര്‍ട്ടിയുടെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല എന്നാണ്.

നിഷേധിക്കാന്‍ പറ്റാത്ത വിധം തെളിവുകള്‍ സംസാരിക്കട്ടെ എന്നാണെങ്കില്‍, ആ തെളിവുകള്‍ മുന്നോട്ടു വയ്ക്കാന്‍ കണക്കുകള്‍ പരിശോധിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയ, ഫണ്ട് വെട്ടിപ്പ് തെളിവ് സഹിതം കണ്ടെത്തിയ ഞാന്‍ തയ്യാറാണ്. ഈ തെളിവുകള്‍ക്കെതിരെയും ആശ്രിതരെ വെച്ച് ന്യായീകരണവുമായി ഈ സംഘം എത്താന്‍ സാധ്യതയുണ്ട്. പക്ഷേ ഏത് ന്യായീകരണങ്ങള്‍ക്കും മേലെയാണ് സൂര്യനെ പോലെ തിളങ്ങി നില്‍ക്കുന്ന സത്യം. ആ സത്യത്തെ നിങ്ങള്‍ ഇരുട്ടുകൊണ്ട് മറക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ഇനിയും സംസാരിക്കുന്ന തെളിവുകള്‍ പുറത്ത് വരും. ഒന്നുകൊണ്ടും നിങ്ങള്‍ 'ധൈര്യപ്പെടേണ്ട'.

2018 ജൂലൈ മാസം ഒമ്പതാം തീയതി പയ്യന്നൂര്‍ റൂറല്‍ ബാങ്ക് മെയിന്‍ ബ്രാഞ്ചിലുള്ള, ധീര രക്തസാക്ഷി സഖാവ് ധനരാജ് കുടുംബ സഹായനിധിയുടെ അക്കൗണ്ടില്‍ നിന്ന് 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ പേഴ്‌സണല്‍ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവ് ഞാന്‍ പൊതുസമക്ഷം വയ്ക്കുകയാണ്.

ബാങ്കിന്റെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും, ധനരാജ് രക്തസാക്ഷി ഫണ്ട് ചിലവഴിച്ചതിന്റെ കണക്ക് കമ്മിറ്റിക്ക് മുന്‍പാകെ കാണിച്ചതിന്റെ പകര്‍പ്പും ഇതിനോടൊപ്പം പോസ്റ്റ് ചെയ്യുന്നു. പയ്യന്നൂരിലെ പാര്‍ട്ടി നേതൃത്വം ധീര രക്തസാക്ഷി സഖാവ് ധനരാജിന്റെ പേരില്‍ പിരിച്ച ഫണ്ടില്‍ നിന്ന് പോലും പണം അപഹരിച്ചിട്ടുണ്ട് എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് ഈ പാര്‍ട്ടിക്കും ഇന്നാട്ടിലെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഇനി വേണ്ടത്?

നിങ്ങള്‍ നടത്തിയ ഈ ധനാപഹരണം ഈ പാര്‍ട്ടിയേയും പാര്‍ട്ടിയെ വിശ്വസിക്കുന്ന പാര്‍ട്ടി കുടുംബങ്ങളേയും അനുഭാവികളേയും വഞ്ചിക്കുന്നതല്ല എന്ന് ഇപ്പോഴും നെഞ്ചില്‍ തൊട്ട് പറയാന്‍ സാധിക്കുമോ നിങ്ങള്‍ക്ക്? ഈ തെളിവുകള്‍ പയ്യന്നൂരിലെ ജനങ്ങള്‍ മനസ്സിലാക്കും. അഴിമതിക്കാര്‍ ആരാണെന്ന് ജനം വിലയിരുത്തും.

പോരാട്ടം തുടരുകയാണ്...

വി കുഞ്ഞികൃഷ്ണന്‍