തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ ക്ഷേത്രത്തില്‍ ആചാരപൂര്‍വ്വം കയറിയാല്‍ അത് പ്രശ്‌നമായിരുന്നു. എന്നാല്‍ ആ ക്ഷേത്രപ്രവേശനം തന്നെ ചരിത്രമായി മാറുകയാണ് ഉണ്ടായത്. സിപിഎം പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും ഉറച്ച കമ്മ്യൂണിസ്റ്റുമായിരുന്ന വി എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു മലപ്പുറത്തെ പന്തല്ലൂര്‍ ഭഗവതി ക്ഷേത്ര പ്രവേശനം. ദൈവ വിശ്വാസിയല്ലാത്ത വി എസ് അമ്പലത്തില്‍ കയറിയെന്ന് ചൂണ്ടിക്കാട്ടി മാധ്യമങ്ങളായിരുന്നു വിവാദത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ ആ ക്ഷേത്രപ്രവേശനം ക്ഷേത്രവിശ്വാസികളെ സംബന്ധിച്ച് ചരിത്രമായി മാറിയിരിക്കയാണ്.

ആ ചരിത്രത്തെ കുറിച്ച് പ്രമുഖ യുക്തിവാദിയായ ഇ എ ജബ്ബാര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ചെരുപ്പും ഷര്‍ട്ടും അഴിച്ച് അമ്പലത്തിന് മുന്നില്‍ നില്‍ക്കുന്ന വിഎസിന്റെ ചിത്രവും അന്ന് പ്രചരിച്ചു. ചിത്രത്തില്‍ വി എസിന് കൂടെയുള്ള എല്ലാവരും കുപ്പായമിടാതെയാണ് നില്‍ക്കുന്നത്, അത് കൊണ്ട് തന്നെ വിശ്വാസത്തിന്റെ ഭാഗമായാണ് വി എസ് അമ്പലത്തില്‍ പ്രവേശിച്ചതെന്നായിരുന്നു മാധ്യമങ്ങളിലെ പ്രചരണം. 2002ലാണ് സംഭവം. കേരളക്കരയാകെ വിവാദം ആളിക്കത്തി.

തിരുവനന്തപുരത്തു നിന്ന് പന്തല്ലൂര്‍ ക്ഷേത്രത്തില്‍ രഹസ്യമായി തൊഴാന്‍ വിഎസ് എത്തിയെന്നും ഒരു കമ്മ്യൂണിസ്റ്റ് ക്ഷേത്രത്തില്‍ പ്രവേശിച്ചുമെന്നുമുള്ള തരത്തില്‍ വാര്‍ത്തകളും നിറഞ്ഞതോടെ വി എസിനെ വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്തെത്തി. എന്നാല്‍ അന്ന് തന്നെ ഈ വിവാദങ്ങള്‍ തള്ളി പാര്‍ട്ടിയും വിഎസും രംഗത്തെത്തിയിരുന്നു.

ഇ എ ജബ്ബാര്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:

'യുക്തിവാ..ദം ; അത് തലയില്‍ .. വെളിച്ചം കേറുന്നതിന്റെ ലക്ഷണമാ .. ണ്' തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വി എസ് നീട്ടിവലിച്ച് പറഞ്ഞ ഈ വാചകം എനിക്ക് ഓര്‍മ്മയില്‍ മാഞ്ഞു പോവുകയില്ല . കാരണം അത് എന്നെയും ടീച്ചറേയും കുറിച്ചായിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളെ മതതീവ്രവാദികള്‍ ആക്രമിച്ചതിനെ തുടര്‍ന്നുള്ള വാര്‍ത്തകളും വിവാദങ്ങളും മാദ്ധ്യമങ്ങളില്‍ നിറഞ്ഞ വേളയില്‍ മലപ്പുറത്ത് ഒരു പാര്ട്ടി റാലിക്കെത്തിയ വി എസ് തന്റെ പ്രസംഗത്തില്‍ അന്നത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ വിവരിക്കുന്നതിനിടെ ആ അക്രമസംഭവത്തെ പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞ ഒരു വാചകമായിരുന്നു അത്.

വി എസിന്റെ സമര പോരാട്ടങ്ങളില്‍ വിജയം കൈവരിച്ച മറ്റൊരു സംഭവം കൂടി ഓര്‍ക്കുന്നു. വി എസ് എന്റെ നാട്ടില്‍ ഞങ്ങളുടെ വീടിന് തൊട്ടടുത്തുള്ള പന്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വന്നു കുപ്പായം ഊരി അമ്പലത്തില്‍ കയറി . (അതാണൂ ചിത്രത്തില്‍) . അന്ന് മനോരമ പത്രം ഇത് വാര്‍ത്തയാക്കി. ഉടനെ മറ്റ് പത്രങ്ങളും ആ പൈങ്കിളി ഏറ്റു പിടിച്ചു വിവാദമാക്കി. കമ്യൂണീസ്റ്റ് നേതാവ് ആചാരപ്രകാരം അമ്പലത്തില്‍ കേറി എന്ന വാര്‍ത്തക്കും വിവാദത്തിനും പക്ഷേ ആയുസ്സുണ്ടായില്ല.

വി എസ് പന്തലൂരമ്പലത്തില്‍ എത്തിയത് കുപ്പായമൂരി തൊഴാനായിരുന്നില്ല. മനോരമ പ്ലാന്റേഷന്‍സ് എന്ന വല്യമ്പിരാന്റെ ഭൂമി കയ്യേറ്റത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് അദ്ദേഹം ആ ക്ഷേത്രപരിസരത്ത് വന്നത്. 90 കൊല്ലത്തേക്ക് മനോരമ പന്തലൂര്‍ ക്ഷേത്ര ദേവസ്വത്തില്‍ നിന്ന് ലീസിനെടുത്ത 100 ഏക്കറിലധികം വരുന്ന പന്തലൂര്‍ മലയിലെ കൃഷി ഭൂമി 100 വര്ഷം കഴിഞ്ഞിട്ടും തിരികെ നല്‍കാതെ അനധികൃതമായും നിയമവിരുദ്ധമായും കയ്യില്‍ വെച്ചിരിക്കുന്നതിനെതിരെ ഉള്ള നിയമപ്പോരാട്ടത്തിന്റെ ഭാഗമായാണൂ അന്ന് അദ്ദേഹം അവിടെ എത്തിയത്. ഇക്കാര്യം മറച്ചു പിടിക്കാനായി മനോരമ നെയ്ത പൈങ്കിളിക്കഥയായയിരുന്നു വി എസിന്റെ 'ക്ഷേത്രപ്രവേശനം' . ആ പോരാട്ടം വിജയിച്ചു. ഇന്ന് ആ ഭൂമി ക്ഷേത്രത്തിന്റെ കയ്യിലായി.

വിട സഖാവേ !




പന്തല്ലൂര്‍ ക്ഷേത്രത്തില്‍ സംഭവിച്ചത്?

പന്തല്ലൂര്‍ ഭഗവതി ക്ഷേത്രം വക ഭൂമി മലയാള മനോരമ കുടുംബം ദേവസ്വത്തില്‍ നിന്ന് പാട്ടത്തിനെടുത്ത് കാപ്പിയും തെങ്ങും റബറും ഒക്കെ കൃഷി ചെയ്തിരുന്നു. 100 വര്‍ഷത്തെ കാലാവധി കഴിഞ്ഞിട്ടും ഭൂമി വിട്ടു കൊടുക്കാന്‍ ആ സ്വകാര്യ സ്ഥാപനം തയ്യാറായിരുന്നില്ല. കാലാവധി കഴിഞ്ഞിട്ടും ഭൂമി വിട്ടുനല്‍കാതെ നിയമം ലംഘിച്ചാണ് ഈ സ്വകാര്യ സ്ഥാപനം മുന്നോട്ട് പോകുന്നതെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്ര കമ്മിറ്റി പരാതി നല്‍കി. പന്തല്ലൂര്‍ ശ്രീ ഭഗവതി ക്ഷേത്രത്തിന് സ്വന്തമായുണ്ടായിരുന്ന 800 ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷവും സ്വകാര്യ സ്ഥാപനം കയ്യടക്കി വച്ചിരിക്കുകയാണെന്നായിരുന്നു പരാതി.

പാട്ടതുക നിശ്ചയിച്ച് 1943ല്‍ പന്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ 786 ഏക്കര്‍ ഭൂമി കര്‍ശന വ്യവസ്ഥകളോടെ 60 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുകയായിരുന്നു. മൂന്നു വര്‍ഷം പാട്ടം കൊടുത്തില്ലെങ്കില്‍ കരാര്‍ അസാധുവാകുമെന്ന് അന്നു തന്നെ വ്യവസ്ഥയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വ്യവസ്ഥ സ്വകാര്യ സ്ഥാപനം പാലിക്കപ്പെട്ടില്ല. ഈ ഭൂമി ക്ഷേത്രത്തിന് തിരിച്ച് ലഭിക്കാന്‍ അന്ന് തുടങ്ങിയതാണ് പന്തല്ലൂര്‍ ഭഗവതി ക്ഷേത്രസംരക്ഷണ സമിതിയുടെ അടക്കം നിയമയുദ്ധം. ഇതിന് പിന്തുണ പ്രഖ്യാപിക്കാനായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവായ വി എസ് ക്ഷേത്രത്തിലെത്തിയത്.

വി എസ് സ്ഥലം സന്ദര്‍ശിച്ച് നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. വിഷയത്തില്‍ അദ്ദേഹം ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹര്‍ജിയും നല്‍കി. പന്തലൂരില്‍ നേരിട്ടെത്തി ക്ഷേത്രവും ഭൂമിയും സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെട്ട ശേഷമായിരുന്നു വിഎസ് കേസില്‍ കക്ഷി ചേര്‍ന്നത്. പല തവണ വി എസ് കമ്മിറ്റിക്കാരോടൊപ്പം കേസിനു വേണ്ടി പിന്തുണ നല്‍കി. നിയമം ലംഘിച്ച് പാട്ടത്തിന് എടുത്ത തിരികെ ഭൂമി സ്വകാര്യ സ്ഥാപനം കയ്യേറിയപ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ അറിയാന്‍ വേണ്ടിയാണ് വി എസ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. വിഎസിന്റെ പോരാട്ടതത്തോടെ പന്തല്ലൂര്‍ ഭൂമി വീണ്ടും ദേവസ്വത്തിന് കയ്യിലെത്തി എന്നതാണ് ചരിത്രം.