കോഴിക്കോട്: വയനാട്ടിലെ മാതൃകാ വീടിനെതിരെ വിമര്‍ശനവുമായി വി ടി ബല്‍റാം. വീടിന്റെ നിര്‍മാണ ചിലവ് 30 ലക്ഷം രൂപയാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. മാതൃകാ വീടിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ബല്‍റാമും വിമര്‍ശനവുമായി രംഗത്തുവന്നത്. ഒരു വീടിന്റെ നിര്‍മാണ ചെലവ് 30 ലക്ഷം രൂപയാകുന്നത് എങ്ങനെയെന്ന് സംസ്ഥാന സര്‍ക്കാരും നിര്‍മാണ കമ്പനിയായ ഊരാളുങ്കല്‍ സൊസൈറ്റിയും വിശദീകരിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബല്‍റാം ആവശ്യപ്പെട്ടു.

റവന്യു മന്ത്രി കെ. രാജന്‍ പറയുന്നതനുസരിച്ച് വീട് ഒന്നിന് നിര്‍മാണ ചെലവായി ഊരാളുങ്കലിന് സര്‍ക്കാര്‍ നല്‍കുന്നത് 30 ലക്ഷം രൂപയാണ്. നാട്ടുനടപ്പനുസരിച്ച് സാമാന്യം നല്ല രീതിയിലുള്ള നിര്‍മാണത്തിന് സ്‌ക്വയര്‍ ഫീറ്റിന് 1700-1800 രൂപക്കാണ് കോണ്‍ട്രാക്ടര്‍മാര്‍ കരാര്‍ എടുക്കുന്നത്. കിച്ചണിലും മറ്റും അടിസ്ഥാനപരമായ ഫര്‍ണീഷിങ്ങും പുട്ടി ഫിനിഷില്‍ പെയിന്റ് ചെയ്യുന്നതും അടക്കമുള്ള നിരക്കാണിത്. 1000 സ്‌ക്വയര്‍ ഫീറ്റ് വീടിന് 17-18 ലക്ഷം വന്നേക്കും. കുറച്ചുകൂടി നന്നാക്കി ചെയ്താല്‍ 20 ലക്ഷം വരെ ആവാം.

400 വീടിന് 20 ലക്ഷം വീതമാണെങ്കില്‍ 80 കോടി മതി. നൂറിലേറെയാളുകള്‍ സര്‍ക്കാറിന്റെ വീട് വേണ്ട എന്ന് പറഞ്ഞ് 15 ലക്ഷം വീതം വാങ്ങി ഒഴിവായിട്ടുണ്ട്. ബാക്കി 300ഓളം പേര്‍ക്ക് മാത്രമേ സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ വീട് നിര്‍മിക്കേണ്ടതുള്ളൂ. അതിന് പരമാവധി 60 കോടി രൂപ മതിയാകും. അതായത് ദുരിതാശ്വാസനിധിയില്‍ കിടക്കുന്ന പണത്തിന്റെ പലിശ മാത്രം മതിയാകും ബാക്കിയുള്ള ദുരിതബാധിതര്‍ക്ക് വീട് വച്ച് നല്‍കാനെന്നും ബല്‍റാം എഫ്.ബി പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

വയനാട് ദുരന്തത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായ ജൂലൈ 30നാണ് കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പില്‍ ഉരുള്‍ദുരന്തബാധിതരുടെ പുനരധിവാസത്തിനായി നിര്‍മിക്കുന്ന മാതൃകാവീടിന്റെ ചിത്രങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടത്. ഏഴ് സെന്റില്‍ 1000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ടൗണ്‍ഷിപ്പിലെ വീടുകള്‍ ഒരുങ്ങുന്നത്.

രണ്ട് കിടപ്പുമുറികള്‍, അടുക്കള, ലിവിങ് റൂം, ഡൈനിങ് റൂം, സ്റ്റഡി ഏരിയ, വര്‍ക്ക് ഏരിയ എന്നിവയുണ്ട്. രണ്ട് കിടപ്പുമുറികളില്‍ ഒന്നില്‍ അറ്റാച്ച്ഡ് ബാത്ത്‌റൂമും ഉണ്ട്. കൂടാതെ, ഒരു കോമണ്‍ ടോയ്ലെറ്റും വീട്ടിലുണ്ട്. ഏപ്രില്‍ 16നാണ് ടൗണ്‍ഷിപ്പ് നിര്‍മാണം തുടങ്ങിയത്.

നിര്‍മാണം പൂര്‍ത്തിയായ മാതൃക വീട് കാണാനെത്തിയ മന്ത്രി കെ. രാജനോട് വീടിന്റെ നിര്‍മാണത്തില്‍ തങ്ങള്‍ തൃപ്തരാണെന്ന് ഗുണഭോക്താക്കളില്‍ ചിലര്‍ പറഞ്ഞു. 2025 ഡിസംബര്‍ 31 നകം ടൗണ്‍ഷിപ്പിലെ മുഴുവന്‍ വീടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും 2026 ജനുവരിയില്‍ ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ കൈമാറുമെന്നും മന്ത്രി പറഞ്ഞു.

വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

780 കോടി രൂപ വയനാടിന് മാത്രമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ലഭിച്ചിട്ടുണ്ട്. അതിന്റെ ഒരു വര്‍ഷത്തെ പലിശ തന്നെ കുറഞ്ഞത് 70 കോടി വരും. ഇതാണ് സര്‍ക്കാര്‍ ഊരാളുങ്കല്‍ വഴി നല്‍കുന്ന വീട്. മന്ത്രി കെ. രാജന്‍ പറയുന്നതനുസരിച്ച് 30 ലക്ഷം രൂപയാണ് ചെലവായി നിര്‍മ്മാണക്കമ്പനിക്ക് സര്‍ക്കാര്‍ നല്‍കുക. സ്‌പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ക്കാരിന് 20 ലക്ഷം വീതം നല്‍കിയാല്‍ മതിയാവും. ബാക്കി 10 ലക്ഷം സൗജന്യ സാധന സാമഗ്രികളായും മറ്റും സര്‍ക്കാര്‍ കണ്ടെത്തി നല്‍കും.

നാട്ടുനടപ്പനുസരിച്ച് സാമാന്യം നല്ല രീതിയില്‍ ചെയ്യാന്‍ സ്‌ക്വയര്‍ ഫീറ്റിന് 1700-1800 രൂപക്കാണ് കോണ്‍ട്രാക്ടര്‍മാര്‍ വര്‍ക്കെടുക്കുന്നത്. കിച്ചണിലും മറ്റും അടിസ്ഥാനപരമായ ഫര്‍ണീഷിംഗും പുട്ടി ഫിനിഷില്‍ പെയിന്റ് ചെയ്യുന്നതുമടക്കമുള്ള റേറ്റാണിത്. 1000 സ്‌ക്വ.ഫീറ്റ് വീടിന് 17- 18 ലക്ഷം വന്നേക്കും. കുറച്ചുകൂടി നന്നാക്കിച്ചെയ്താല്‍ 20 ലക്ഷം വരെ ആവാം. സര്‍ക്കാരിനും ഊരാളുങ്കലിനും ഇത് 30 ലക്ഷം ആവുന്നതെങ്ങനെയെന്ന് അവര്‍ തന്നെ ആധികാരികമായി വിശദീകരിക്കട്ടെ.

400 വീടിന് 20 ലക്ഷം വീതമാണെങ്കില്‍ 80 കോടി മതി. നൂറിലേറെയാളുകള്‍ സര്‍ക്കാരിന്റെ വീട് വേണ്ട എന്നു പറഞ്ഞ് 15 ലക്ഷം വീതം വാങ്ങി ഒഴിവായിട്ടുണ്ട്. ബാക്കി 300ഓളം പേര്‍ക്ക് മാത്രമേ സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ വീടുണ്ടാക്കേണ്ടതുള്ളൂ. അതിന് മാക്‌സിമം 60 കോടി മതിയാകും. അതായത് ദുരിതാശ്വാസ നിധിയില്‍ കിടക്കുന്ന പണത്തിന്റെ പലിശ മാത്രം മതിയാകും ബാക്കിയുള്ള ദുരിതബാധിതര്‍ക്ക് വീട് വച്ച് നല്‍കാന്‍. അതെങ്കിലും എത്രയും വേഗം നടക്കട്ടെ എന്നാശംസിക്കുന്നു.