- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിഫ്റ്റ് ഉണ്ടെങ്കില്‍ ഭാഗ്യം എന്നു കരുതണം; ടൈല്‍ തലയില്‍ വീണില്ലെങ്കില്‍ ജീവന് കിട്ടും; ചെലവ് ചുരുക്കാന്‍ ജനറേറ്ററും ഉപയോഗിക്കില്ല; മൊബൈലിലെ ടോര്‍ച്ച് ലൈറ്റ് തന്നെ തുന്നിലിടാന്‍ ധാരാളം! വൈക്കത്തെ താലൂക് ആശുപത്രി കേരളത്തിന്റെ ആരോഗ്യ മോഡലിന് നാണക്കേടാകുമ്പോള്‍
വൈക്കം: കേരളത്തിലെ ആരോഗ്യ മോഡലിന് പുതിയ മാതൃകയും. വീടിനുള്ളില്‍ വീണ് തലയ്ക്ക് പരിക്കേറ്റ 11കാരന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലെന്ന് ആരോപണം ആരോഗ്യ വകുപ്പിന് തലവേദനയും നാണക്കേടുമാവുകയാണ്. സംഭവത്തില്‍ വീഡിയോ അടക്കം വൈറലാകുന്നുണ്ട്. മൊബൈല്‍ വെളിച്ചത്തില്‍ തുന്നില്‍ ഇട്ടെങ്കിലും എല്ലാം ഭംഗിയായി. ചെറിയ വെളിച്ചത്തിലെ തുന്നില്‍ ഇടലില്‍ പ്രശ്‌നമുണ്ടായെങ്കില്‍ എന്തു ചെയ്യുമെന്ന ചോദ്യമാണ് ഉയരുന്നത്.
ശനിയാഴ്ച വൈകീട്ട് 4.30-ന് വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേല്‍ കെ.പി. സുജിത്ത്-സുരഭി ദമ്പതികളുടെ മകന്‍ എസ്. ദേവതീര്‍ഥി(11)നാണ് വീട്ടിനുള്ളില്‍ തെന്നി വീണ് തലയുടെ വലതു വശത്ത് പരിക്കേറ്റത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ ഉടനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അത്യാഹിത വിഭാഗത്തില്‍നിന്ന് മുറിവ് ഡ്രസ് ചെയ്യാനായി കുട്ടിയെ ഡ്രസിങ്ങ് റൂമിലെത്തിച്ചു. എന്നാല്‍ ഇവിടെ ഇരുട്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അറ്റന്‍ഡര്‍ എത്തി. മുറിക്കുള്ളില്‍ വൈദ്യുതി ഇല്ലെന്ന് പറഞ്ഞ അറ്റന്‍ഡര്‍ ദേവതീര്‍ഥിനെ ഒ.പി. കൗണ്ടറിന്റ മുന്നിലിരുത്തി.
മുറിവില്‍നിന്നും രക്തം ഒഴുകിയതോടെ കുട്ടിയെ വീണ്ടും ഡ്രസിങ് മുറിയിലേക്ക് മാറ്റി. ഇരുട്ടാണല്ലോ വൈദ്യുതി ഇല്ലേ എന്ന മാതാപിതാക്കളുടെ ചോദ്യത്തിന് ജനറേറ്ററിന് ഡീസല്‍ ചെലവ് കൂടുതലാണെന്നും വൈദ്യുതി പോയാല്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ച് വെയ്ക്കാറില്ലെന്നുമായിരുന്നു അറ്റന്‍ഡറുടെ മറുപടി. മുറിവ് ഡ്രസ് ചെയ്ത് തുന്നലിടാന്‍ അത്യാഹിത വിഭാഗത്തിലേക്ക് കുട്ടിയെ എത്തിച്ചു. അവിടെയും വൈദ്യുതി ഇല്ല. അതുകൊണ്ട് ജനലിന്റെ അരികില്‍ ദേവതീര്‍ഥിനെ ഇരുത്തി മൊബൈലിന്റെ വെളിച്ചത്തില്‍ ഡോക്ടര്‍ തുന്നലിട്ടു. ഡോക്ടര്‍ കൃത്യമായി തന്നെ തന്റെ ചികില്‍സ ചെയ്തു. ചെറിയ വെട്ടമായിരുന്നത് കൊണ്ട് ഏറെ കരുതലും കാട്ടി. പക്ഷേ ഇതെല്ലാം മതിയോ എന്ന ചോദ്യമാണ് ഉയരുന്നത്.
ദേവതീര്‍ഥിന് തലയില്‍ രണ്ട് തുന്നലുകളുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് ആശുപത്രിയുടെ ലിഫ്റ്റ് തകരാറിലായി ജീവനക്കാരടക്കം ആറ് പേര്‍ അരമണിക്കൂറോളം കൂടുങ്ങിയ സംഭവം ഉണ്ടായിരുന്നു. വൈക്കം താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മിച്ച അമ്മയും കുഞ്ഞും ആശുപത്രിയുടെ വാള്‍ ടൈല്‍ അടര്‍ന്നു വീണത് മാസങ്ങള്‍ക്ക് മുമ്പാണ്.ലിഫ്റ്റ് സ്ഥാപിച്ചിരിക്കുന്നതിനു മുന്നില്‍ താഴത്തെ നിലയിലും 5ാം നിലയിലുള്ള ടൈലുകളാണ് അടര്‍ന്നു വീണത്. അതിന് മുമ്പ് മുന്‍പ് നാലാം നിലയിലും ടൈലുകള്‍ അടര്‍ന്നു വീണിരുന്നു. നിര്‍മാണത്തിലെ പിഴവാണെന്ന ആരോപണം ഉയരുകയും ചെയ്തു.
താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം പണിയുന്നതിനായി പഴയ കെട്ടിടം പൊളിച്ചതോടെ അമ്മയും കുഞ്ഞും ആശുപത്രിക്കായി 32കോടിയോളം ചെലവഴിച്ച് നിര്‍മിച്ച 6നില കെട്ടിടത്തിലാണ് താലൂക്ക് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. അവശത അനുഭവിക്കുന്ന രോഗികളുമായി എപ്പോഴും ലിഫ്റ്റിലാണ് മുകളിലേക്കു കയറുന്നതും താഴേക്ക് ഇറങ്ങുന്നതും. അന്ന് ടൈല്‍ വീഴുന്ന സമയത്ത് ലിഫ്റ്റിനു സമീപം ആരും ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
പിന്നാക്ക വിഭാഗക്കാര്‍ കൂടുതലുള്ള ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ പോയി ചികിത്സിക്കാനുള്ള സാമ്പത്തികശേഷിയില്ല. ഒപി ചികിത്സയില്‍ ജില്ലയില്‍ മുന്‍പന്തിയിലുള്ള ആശുപത്രിയാണിത്. സാധാരണയായി ഗുരുതര സാഹചര്യങ്ങളില്‍ താലൂക്ക് ആശുപത്രിയില്‍ എത്തുന്ന രോഗികളെ 30 കിലോമീറ്ററോളം ദൂരെയുള്ള കോട്ടയം മെഡിക്കല്‍ കോളജ്, ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്കു പറഞ്ഞയയ്ക്കും. അതിനാല്‍ വൈക്കം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തി, ഉന്നത ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കണം എന്ന ആവശ്യവും ഉയര്‍ന്നിരുന്നു.