തിരുവനന്തപുരം: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍, സിപിഎം കോട്ടയായ മുട്ടട വാര്‍ഡില്‍, ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയെന്ന വിശേഷണത്തോടെ കോണ്‍ഗ്രസ് മത്സരകളത്തില്‍ ഇറക്കിയ 24 കാരിയായ വൈഷ്ണ സുരേഷിന്റെ പേര് വെട്ടിയതിന് പിന്നില്‍ സിപിഎമ്മിന്റെ കളികള്‍ എന്നാരോപണം.

വീട്ടുനമ്പര്‍ മാറി രേഖപ്പെടുത്തിയതിനാല്‍ യഥാര്‍ഥ നമ്പര്‍ 18/2365 ആണെന്നുള്ള സത്യവാങ്മൂലം കോര്‍പറേഷനിലെ തിരഞ്ഞെടുപ്പ് സെല്ലിലെ ഉദ്യോഗസ്ഥര്‍ കൈപ്പറ്റാതിരുന്നത് ദുരൂഹമാണ്. ഇതോടെ, സ്പീഡ് പോസ്റ്റ് വഴി അപേക്ഷ സെല്ലിലേക്ക് അയയ്ക്കുകയായിരുന്നെന്നും വൈഷ്ണ പരാതിയുന്നയിച്ചു. നിലവില്‍ കേശവദാസപുരം കൗണ്‍സിലറായ അംശു വാമദേവന്‍ ആണ് മുട്ടടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിഡിജെഎസ് സ്ഥാനാര്‍ഥിയാണ് എന്‍ഡിഎയ്ക്കു വേണ്ടി മത്സരിക്കുന്നത്. വൈഷ്ണയുടെ പേര് പട്ടികയില്‍നിന്ന് മനഃപൂര്‍വം ഒഴിവാക്കിയതാണോ എന്ന് സംശയിക്കണമെന്നാണ് കോണ്‍ഗ്രസ് ആരോപണം.

ജോലി രാജി വച്ച മത്സരിക്കാന്‍ ഇറങ്ങിയിട്ട് ഇപ്പോള്‍...

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ വാര്‍ഡില്‍ സജീവമായിരുന്ന വൈഷ്ണ, മത്സരിക്കാന്‍ വേണ്ടി ജോലി രാജിവെച്ചിരുന്നു. ഇപ്പോഴുണ്ടായ സംഭവങ്ങള്‍ മാനസികമായി തളര്‍ത്തിയെന്നും പ്രചാരണവുമായി മുന്നോട്ട് പോകുമ്പോഴുണ്ടായ ഈ വിഷയം വ്യക്തിപരമായി ബാധിച്ചെന്നും വൈഷ്ണ പറഞ്ഞു. സൈറ്റ് ബ്ലോക്കായിരുന്നു. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയുന്നത്. തുടര്‍ന്ന് എന്ത് ചെയ്യുമെന്ന് പാര്‍ട്ടി തീരുമാനിക്കും. ആദ്യ റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയിരുന്നു. പ്രചാരണത്തില്‍ വളരെയധികം മുന്നിലായിരുന്നു. പാര്‍ട്ടി നേതാക്കള്‍ പിന്തുണ നല്‍കുന്നുണ്ടെന്നും വൈഷ്ണ പറയുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതേ അഡ്രസില്‍ തന്നെയാണ് വോട്ട് ചെയ്തത്. അത് തന്നെയാണ് വോട്ടര്‍പ്പട്ടികയില്‍ ഉള്ളതും. പെട്ടെന്ന് കള്ളവോട്ട് ചെയ്യുന്നു എന്ന ആരോപണം ഉന്നയിക്കുമ്പോള്‍ അത് അപ്പുറത്തെ നില്‍ക്കുന്നയാളെ എത്രമാത്രം ബാധിക്കുമെന്ന് പറയുന്ന ആളുകള്‍ ചിന്തിച്ചാല്‍ നല്ലതായിരിക്കും. പാര്‍ട്ടി തീരുമാനിക്കുന്നത് പോലെ മുന്നോട്ട് നീങ്ങുമെന്നും വൈഷ്ണ പറഞ്ഞു. തന്റെ രേഖകളെല്ലാം കൃത്യമാണെന്നും വൈഷ്ണ പറഞ്ഞു



പരാതിപ്പെട്ടത് സിപിഐഎം ബ്രാഞ്ച് കമ്മറ്റി അംഗം ആണെങ്കിലും അത് അദേഹത്തിന്റെ പരാതി മാത്രം ആയി കാണുന്നില്ല. മറ്റു ആളുകളും ഇതിന് പിന്നില്‍ കാണും. ആദ്യം മുതല്‍ ജയിക്കും എന്ന ഒരു ട്രെന്‍ഡ് വന്നിട്ടുണ്ടായിരുന്നു. 25 വര്‍ഷമായി സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. അതിന്റെ ഭാഗമായായിരിക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെന്നും വൈഷ്ണ പ്രതികരിച്ചു.കോടതിയെ സമീപിക്കണോ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും വൈഷ്ണ വ്യക്തമാക്കി.

അതേസമയം, പരാതിക്കാരനായ ധനേഷ് കുമാര്‍ അയാളുടെ വിലാസത്തില്‍ 20 പേരുടെ വോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് ഡിസിസി ഭാരവാഹി മുട്ടട അജിത് പറഞ്ഞു. മുട്ടട വാര്‍ഡിലെ അഞ്ചാം നമ്പര്‍ ബൂത്തില്‍ ആണ് വോട്ട് ചേര്‍ത്തത്. രണ്ടു മുറി വീട്ടില്‍ എങ്ങനെയാണ് 20 പേര്‍ താമസിക്കുക എന്നും ഇതിനെതിരെയും കോടതിയെ സമീപിക്കുമെന്നും അജിത് കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിന്റെ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശരിവെച്ചു

മുട്ടട വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശരിവെക്കുകയായിരുന്നു. വൈഷ്ണയുടെ മേല്‍വിലാസത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു സിപിഎമ്മിന്റെ വാദം. മുട്ടടയില്‍ കുടുംബവീടുണ്ടെങ്കിലും അമ്പലമുക്കിലെ വാടക വീട്ടിലാണ് വൈഷ്ണ താമസിക്കുന്നത്. എന്നാല്‍, കോര്‍പ്പറേഷനിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ കൗണ്‍സിലിലേക്ക് മത്സരിക്കാന്‍ സാധിക്കൂ എന്നതാണ് ചട്ടം.

സപ്ലിമെന്ററി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാത്തതിനാല്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ വൈഷ്ണയ്ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുമായില്ല. പട്ടിക ആവശ്യപ്പെട്ടുള്ള വൈഷ്ണയുടെ അപേക്ഷയുടെയും സിപിഎമ്മിന്റെ പരാതിയുടെയും അടിസ്ഥാനത്തില്‍ ഹിയറിങിനുശേഷമാണ് തീരുമാനമെടുത്തത്.

വൈഷ്ണയുടെ വോട്ടര്‍പട്ടിക അപേക്ഷയില്‍ കെട്ടിടത്തിന്റെ ടിസി നമ്പര്‍ 18/ 564 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ നമ്പറില്‍ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നും ഈ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നില്ലെന്നുമാണ് സിപിഎം ആരോപണം.

എന്നാല്‍, താന്‍ താമസിക്കുന്ന വീടിന്റെ നമ്പര്‍ ടിസി 18/ 2365 ആണെന്നും വോട്ടര്‍പട്ടികയില്‍ പേരിനൊപ്പം ചേര്‍ന്നിരിക്കുന്ന നമ്പരിലാണ് അപേക്ഷ സമര്‍പ്പിച്ചതെന്നും വൈഷ്ണ പറഞ്ഞു. ഇതുസംബന്ധിച്ച് കോര്‍പറേഷനിലെ തിരഞ്ഞെടുപ്പ് സെല്‍ ആവശ്യപ്പെട്ട രേഖകള്‍ കൈമാറി. അമ്പലമുക്ക് വാര്‍ഡില്‍ വാടകയ്ക്ക് താമസിക്കുന്ന വൈഷ്ണയുടെ പിതാവിന്റെ കുടുംബവീട് മുട്ടട വാര്‍ഡിലാണ്. ഈ മേല്‍വിലാസമാണ് എല്ലാ രേഖകളിലുമുള്ളത്. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പറും ഇതാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതേ വിലാസത്തിലെ കാര്‍ഡ് ഉപയോഗിച്ച് വോട്ട് ചെയ്തിരുന്നു. വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ നമ്പര്‍ രേഖപ്പെടുത്തിയതിലെ പിഴവാണിതെന്നും, താന്‍ മുട്ടട വാര്‍ഡില്‍ സ്ഥിരതാമസക്കാരിയാണെന്നും അവര്‍ അവകാശപ്പെടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതേ വിലാസത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വോട്ട് ചെയ്തതിന്റെ തെളിവുകളും വൈഷ്ണ നിരത്തുന്നുണ്ട്.

വീട്ടുനമ്പര്‍ മാറി രേഖപ്പെടുത്തിയതിനാല്‍ യഥാര്‍ഥ നമ്പര്‍ 18/2365 ആണെന്നുള്ള സത്യവാങ്മൂലം കോര്‍പറേഷനിലെ തിരഞ്ഞെടുപ്പ് സെല്ലിലെ ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയില്ലെന്നും സ്പീഡ് പോസ്റ്റ് വഴി അപേക്ഷ സെല്ലിലേക്ക് അയയ്ക്കുകയായിരുന്നെന്നും വൈഷ്ണ പരാതിയുന്നയിച്ചു.

നിയമപരമായി മുന്നോട്ട് പോകാനൊരുങ്ങി കോണ്‍ഗ്രസ്

അന്തിമ വോട്ടര്‍ പട്ടിക ഇന്നാണ് പ്രസിദ്ധീകരിച്ചിരുന്നത്. എന്നാല്‍, ഇതില്‍ വൈഷ്ണ സുരേഷിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും വൈഷ്ണയെ പിന്തുണയ്ക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.



തിരുവനന്തപുരം ഗവ.വനിതാ കോളജിലെ കെഎസ്യു യൂണിറ്റ് പ്രസിഡന്റായിരുന്ന വൈഷ്ണ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ടെക്നോപാര്‍ക്ക് ജീവനക്കാരിയും നിയമ വിദ്യാര്‍ത്ഥിനിയുമായ വൈഷ്ണ, പേരൂര്‍ക്കട ലോ കോളേജില്‍ പഠനം തുടരുന്നതിനോടൊപ്പം തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടി. വിവിധ ടിവി ചാനലുകളിലും പ്രധാന ഷോകളിലും അവതാരകയായി തിളങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രക്ഷോഭങ്ങളില്‍ സജീവമായ വൈഷ്ണ, കെഎസ്യു വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. ബാസ്‌കറ്റ് ബോളില്‍ കഴിവു തെളിയിച്ച വൈഷ്ണ കര്‍ണാടക സംഗീതജ്ഞയുമാണ്.