- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യഥാര്‍ത്ഥ വീട്ടുനമ്പറും വോട്ടര്‍പട്ടിക അപേക്ഷയില്‍ രേഖപ്പെടുത്തിയ നമ്പറും തമ്മില്‍ വ്യത്യാസം; വൈഷ്ണയുടെ വീട്ടുനമ്പറില്‍ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നും സിപിഎം; സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുനീക്കിയതോടെ കുരുക്ക്; കോര്‍പറേഷനില്‍ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്ക് മത്സരിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിന് തിരിച്ചടി
വൈഷ്ണ സുരേഷിന്റെ പേര് സപ്ലിമെന്ററി വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടി
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന വൈഷ്ണ സുരേഷിന്റെ പേര് സപ്ലിമെന്ററി വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയായി. സിപിഎമ്മിന്റെ പരാതിയെ തുടര്‍ന്നാണ് ഈ നടപടി. കൗണ്‍സിലിലേക്ക് മത്സരിക്കാന്‍ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരുണ്ടാകണമെന്ന ചട്ടം നിലനില്‍ക്കെയാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ട വൈഷ്ണയ്ക്ക് ഈ പ്രതിസന്ധി നേരിടേണ്ടി വന്നിരിക്കുന്നത്.
വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനിടെ, യഥാര്‍ത്ഥ വീട്ടുനമ്പറും വോട്ടര്‍പട്ടിക അപേക്ഷയില്‍ രേഖപ്പെടുത്തിയ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. സപ്ലിമെന്ററി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാത്തതിനാല്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ വൈഷ്ണയ്ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുമായില്ല. പട്ടിക ആവശ്യപ്പെട്ടുള്ള വൈഷ്ണയുടെ അപേക്ഷയുടെയും സിപിഎമ്മിന്റെ പരാതിയുടെയും അടിസ്ഥാനത്തില്‍ ഹിയറിങിനുശേഷമാണ് തീരുമാനമെടുത്തത്.
വൈഷ്ണയുടെ വോട്ടര്‍പട്ടിക അപേക്ഷയില്‍ കെട്ടിടത്തിന്റെ ടിസി നമ്പര്‍ 18/ 564 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ നമ്പറില്‍ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നും ഈ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നില്ലെന്നുമാണ് സിപിഎം ആരോപണം.
എന്നാല്‍, താന്‍ താമസിക്കുന്ന വീടിന്റെ നമ്പര്‍ ടിസി 18/ 2365 ആണെന്നും വോട്ടര്‍പട്ടികയില്‍ പേരിനൊപ്പം ചേര്‍ന്നിരിക്കുന്ന നമ്പരിലാണ് അപേക്ഷ സമര്‍പ്പിച്ചതെന്നും വൈഷ്ണ പറഞ്ഞു. ഇതുസംബന്ധിച്ച് കോര്‍പറേഷനിലെ തിരഞ്ഞെടുപ്പ് സെല്‍ ആവശ്യപ്പെട്ട രേഖകള്‍ കൈമാറി. അമ്പലമുക്ക് വാര്‍ഡില്‍ വാടകയ്ക്ക് താമസിക്കുന്ന വൈഷ്ണയുടെ പിതാവിന്റെ കുടുംബവീട് മുട്ടട വാര്‍ഡിലാണ്. ഈ മേല്‍വിലാസമാണ് എല്ലാ രേഖകളിലുമുള്ളത്. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പറും ഇതാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതേ വിലാസത്തിലെ കാര്‍ഡ് ഉപയോഗിച്ച് വോട്ട് ചെയ്തിരുന്നു. വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ നമ്പര്‍ രേഖപ്പെടുത്തിയതിലെ പിഴവാണിതെന്നും, താന്‍ മുട്ടട വാര്‍ഡില്‍ സ്ഥിരതാമസക്കാരിയാണെന്നും അവര്‍ അവകാശപ്പെടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതേ വിലാസത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വോട്ട് ചെയ്തതിന്റെ തെളിവുകളും വൈഷ്ണ നിരത്തുന്നുണ്ട്.
വീട്ടുനമ്പര്‍ മാറി രേഖപ്പെടുത്തിയതിനാല്‍ യഥാര്‍ഥ നമ്പര്‍ 18/2365 ആണെന്നുള്ള സത്യവാങ്മൂലം കോര്‍പറേഷനിലെ തിരഞ്ഞെടുപ്പ് സെല്ലിലെ ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയില്ലെന്നും സ്പീഡ് പോസ്റ്റ് വഴി അപേക്ഷ സെല്ലിലേക്ക് അയയ്ക്കുകയായിരുന്നെന്നും വൈഷ്ണ പരാതിയുന്നയിച്ചു.
നിലവില്‍ മുട്ടട വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേശവദാസപുരം കൗണ്‍സിലര്‍ അംശു വാമദേവനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസ് പ്രതിനിധിയുമാണ് മത്സരിക്കുന്നത്. വൈഷ്ണ സുരേഷിന്റെ പേര് പട്ടികയില്‍ നിന്ന് നീക്കം ചെയ്ത സാഹചര്യത്തില്‍, കോണ്‍ഗ്രസ് ഈ വിഷയത്തില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.




