തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനില്‍ ഡോക്ടറുടെ കണ്ണട അടിച്ചുമാറ്റിയത് പോലീസ് ഉന്നതന്‍ എന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടില്ല. വന്ദേഭാരതില്‍നിന്നു കിട്ടിയ വീഡിയോ ആണ് സംഭവത്തിലെ പ്രധാന തെളിവ്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കു വന്ദേഭാരത് എക്സിക്യൂട്ടീവ് കോച്ചില്‍ യാത്ര ചെയ്ത ഒരു ഡോക്ടറുടെ 30,000 രൂപ വിലയുള്ള കണ്ണട ഐ.പി.എസുകാരന്‍ അടിച്ചുമാറ്റിയതായാണ് ആക്ഷേപമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. എസ് നാരായണന്റേതാണ് വാര്‍ത്ത.

റെയില്‍വേയെ ഡോക്ടര്‍ പരാതി അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണു സൂചന. തുടര്‍ന്ന് ആര്‍.പി.എഫിനു (റെയില്‍വേ പോലീസ്) പരാതി നല്‍കി. അതോടെ ആ ദിവസത്തെ ആ കോച്ചിലെ വീഡിയോ സമ്പൂര്‍ണമായും പരിശോധിച്ചു. ഡോക്ടര്‍ ഇരുന്ന സീറ്റിന് അടുത്തു വന്നു നിന്നശേഷം പോലീസ് ഉന്നതന്‍ കണ്ണട പോക്കറ്റിലിട്ടുകൊണ്ടുപോകുകയായിരുന്നുവെന്നാണ് വാര്‍ത്ത. വിരമിച്ച ഐപിഎസുകാരനാണ് പ്രതിയെന്നാണ് സൂചന. എഫ് ഐ ആര്‍ ഇട്ടാല്‍ ഏറെ ചര്‍ച്ചയായി ഈ കേസ് മാറും. ഡിജിപി റാങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം.

സംഭവം നടന്നു ദിവസങ്ങള്‍ക്കുശേഷവും കണ്ണട വന്ദേഭാരത് അധികൃതര്‍ക്കു മടക്കിനല്‍കാനോ റെയില്‍വേ പോലീസിനെ ഏല്‍പ്പിക്കാനോ പോലീസ് ഉന്നതന്‍ തയാറായിട്ടില്ല. എഫ്.ഐ.ആര്‍. ഇട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ് കേസെങ്കിലും പോലീസ് ഉന്നതന്‍ പ്രതിയായ സാഹചര്യത്തില്‍ എന്തുചെയ്യണമെന്ന വിഷമവൃത്തത്തിലാണ് പോലീസ് നേതൃത്വം. വന്ദേഭാരതിലെ കണ്ണട മോഷണം അന്വേഷിച്ച് റെയില്‍വേ പോലീസ് എത്തിയത് 'പുലി മടയില്‍' എന്നും വാര്‍ത്തകളുണ്ട്.

വന്ദേഭാരതില്‍ നിന്നും കിട്ടിയ വിഡിയോ തെളിവ് പോലീസ് മുന്‍ ഉന്നതനെ എല്ലാ അര്‍ത്ഥത്തിലും കുടുക്കുന്നതാണ്. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് വന്ദേഭാരത് എക്സിക്യൂട്ടീവ് കോച്ചില്‍ ഒരു ഡോക്ടര്‍ യാത്ര ചെയ്യുന്നു. ഇതിനിടെയാണ് വിലപിടിപ്പുള്ള കണ്ണട നഷ്ടമാകുന്നത്. ഏറെ സുരക്ഷാ സംവിധാനമുള്ള വന്ദേഭാരത് എക്സിക്യൂട്ടീവ് കോച്ചിലെ ഈ നഷ്ടമാകലില്‍ റെയില്‍വേയെ ഡോക്ടര്‍ പരാതി അറിയിച്ചു. പക്ഷേ കണ്ണട കിട്ടിയില്ല. ഇതോടെയാണ് ആര്‍പിഎഫിന്(റെയില്‍വേ പോലീസ്) പരാതി നല്‍കുന്നത്.

ആ ദിവസത്തെ ആ കോച്ചിലെ വീഡിയോ സമ്പൂര്‍ണ്ണമായും പരിശോധിച്ചു. ഈ സിസിടിവി പരിശോധനയിലാണ് ഡോക്ടറുടെ കണ്ണട കൊണ്ടു പോയത് സേനയേയും നാട്ടുകാരേയും എല്ലാം വിറപ്പിച്ച പുലിയാണെന്ന് മനസ്സിലായത്.