തിരുവനന്തപുരം: അതൊന്നും വലിയ വീരകൃത്യമായി ശങ്കര്‍ പാസ്വാന് തോന്നിയില്ല. വര്‍ക്കലയില്‍ ഓടുന്ന ട്രെയിനിനുള്ളില്‍ യുവതിയെ ആക്രമിച്ച പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി നായക പരിവേഷം നേടിയ ശങ്കര്‍ പാസ്വാന്‍, താന്‍ നടത്തിയ വീരകൃത്യത്തെക്കുറിച്ച് ഒട്ടും ബോധവാനായിരുന്നില്ല. കേരളം മുഴുവന്‍ രക്ഷകനെ തിരയുന്നതിനിടയിലാണ്, ബിഹാര്‍ നളന്ദ സ്വദേശിയായ ശങ്കറിനെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറുടെ ഓര്‍മ്മയും സിസിടിവി ദൃശ്യങ്ങളുമായിരുന്നു ഇതരസംസ്ഥാനക്കാരനായ ഈ യഥാര്‍ത്ഥ ഹീറോയെ കണ്ടെത്താന്‍ പൊലീസിന് തുണയായത്.

കേരള എക്‌സ്പ്രസില്‍ ശ്രീക്കുട്ടി എന്ന യുവതിക്ക് നേരെയുണ്ടായ അതിക്രമം നാടിനെ നടുക്കിയപ്പോള്‍, പ്രതി സുരേഷിനെ കീഴ്പ്പെടുത്തിയത് ചുവന്ന ഷര്‍ട്ടണിഞ്ഞ ഒരാളാണെന്ന് മാത്രമായിരുന്നു പൊലീസിന് ലഭിച്ച ഏക സൂചന. സിസിടിവി ദൃശ്യങ്ങളില്‍, ആക്രമണകാരി യുവതിയെ തള്ളിയിട്ട ശേഷം കൂട്ടുകാരി അര്‍ച്ചനയെ ആക്രമിക്കാനൊരുങ്ങുമ്പോള്‍, ഒരു വ്യക്തി ഓടിയെത്തി അവരെ ട്രെയിനിലേക്ക് തിരികെ കയറ്റുന്നതും തുടര്‍ന്ന് പ്രതിയെ കീഴടക്കുന്നതും വ്യക്തമായിരുന്നു. ഈ രക്ഷകനെ കണ്ടെത്താന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

ട്രെയിന്‍ വര്‍ക്കല കഴിഞ്ഞാല്‍ പേട്ടയിലും തിരുവനന്തപുരത്തുമാണ് നിര്‍ത്തുന്നത്. പ്രതി തിരുവനന്തപുരം സെന്‍ട്രലില്‍ ഇറങ്ങിയെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്, റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറുന്ന രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യം ലഭിച്ചു. രാത്രി വൈകിയെടുത്ത സവാരിയായതിനാല്‍, ചുവന്ന ഷര്‍ട്ട് ധരിച്ച ഒരാളെ കൊച്ചുവേളിയില്‍ ഇറക്കിയ കാര്യം ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നു. ഇത് അന്വേഷണത്തിന് വലിയ സഹായമായി.

കൊച്ചുവേളി വ്യവസായ മേഖലയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ് ശങ്കര്‍ പാസ്വാന്‍. താന്‍ നടത്തിയ ധീരമായ പ്രവര്‍ത്തനം ഇത്രയധികം ശ്രദ്ധിക്കപ്പെട്ടതിനെക്കുറിച്ച് ഇതര സംസ്ഥാനക്കാരനായ അദ്ദേഹം അറിഞ്ഞിരുന്നില്ല. ഇതാണ്, സ്വയം പൊലീസില്‍ ഹാജരാകാത്തതിന് കാരണം. റെയില്‍വേ പൊലീസ് ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി.

കേസിലെ പ്രധാനസാക്ഷിയും രക്ഷകനുമായ ബിഹാര്‍ സ്വദേശി ശങ്കര്‍ പാസ്വാനെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. വര്‍ക്കലയിലെ സംഭവങ്ങളെല്ലാം ട്രെയിനിലെയും സമീപത്തെയും സിസിടിവി കാമറകളില്‍ പതിഞ്ഞിരുന്നു. പ്രതിയെ കീഴ്പ്പെടുത്തിയ ഈ 'ചുവന്ന ഷര്‍ട്ടുകാരന്‍' ആരാണെന്ന അന്വേഷണത്തിലായിരുന്നു പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ചാണ് പൊലീസ് ബിഹാര്‍ സ്വദേശിയെ തിരിച്ചറിഞ്ഞത്. ശങ്കര്‍ പാസ്വാനെ ആദരിക്കാനും പാരിതോഷികം നല്‍കാനും റെയില്‍വേ ഒരുങ്ങുകയാണ്.

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (RPF) ശേഖരിച്ച് അന്വേഷണ സംഘത്തിന് കൈമാറിയ ബോഗിയിലെ സിസിടിവി ദൃശ്യങ്ങളിലാണ് ധീരതയുടെ നിമിഷങ്ങള്‍ പതിഞ്ഞത്. തീവണ്ടിക്കുള്ളില്‍ സുരേഷ്‌കുമാറും പെണ്‍കുട്ടികളും തമ്മില്‍ തര്‍ക്കമുണ്ടാകുന്നതും പിന്നീട് ആക്രമണം നടക്കുന്നതും ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഇയാള്‍ തീവണ്ടിക്കുള്ളില്‍ പുകവലിച്ചത് പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിനും ആക്രമണത്തിനും കാരണമെന്നാണ് മൊഴി.