കോഴിക്കോട്: വടകരയില്‍ കാരവാനില്‍ രണ്ടു പേര്‍, മരിക്കാനിടയായത് വിഷ വാതകം ഉള്ളില്‍ ചെന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണം. വാതകചോര്‍ച്ച എങ്ങനെയുണ്ടായി എന്നത് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് പേരുടെയും ഉള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് അമിത അളവില്‍ പ്രവേശിച്ചതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. എസി പ്രവര്‍ത്തിപ്പിച്ച ജനറേറ്ററിന്റെ പുകയില്‍നിന്നാണ് കാര്‍ബണ്‍ മോണോക്‌സൈഡ് കാരവനിലുള്ളിലേക്ക് കയറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ ലീക്കുണ്ടായതെങ്ങനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ശാസ്ത്രീയ അന്വേഷണത്തിന് ശേഷം ഇക്കാര്യം കണ്ടെത്തുമെന്നാണ് പൊലീസ് പറയുന്നത്.

ജനറേറ്റര്‍ വാഹനത്തിന് പുറത്ത് വയ്ക്കാതെ പ്രവര്‍ത്തിപ്പിച്ചതാണ് വിഷപ്പുക അകത്ത് കയറാന്‍ കാരണമായത്.മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മേധാവി സുജിത്ത് ശ്രീനിവാസന്‍, അസി. പ്രൊഫസര്‍ പി പി അജേഷ് എന്നിവരാണ് കാരവനില്‍ പരിശോധന നടത്തിയത്. മലപ്പുറം എടപ്പാളിലെ ലൈഫ്ലൈന്‍ ഹോസ്പിറ്റാലിറ്റി കമ്പനിയിലെ ജീവനക്കാരായ മനോജ്, ജോയല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം ദേശീയ പാതയോരത്ത് കരവാനില്‍ കണ്ടെത്തിയത്.

മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശിയാണ് മനോജ്. ജോയല്‍ കണ്ണൂര്‍ പറശേരി സ്വദേശിയും.കുന്നംകുളത്തുകാരായ ഒരു കുടുംബത്തെ ഞായറാഴ്ച ഒരു കല്യാണത്തില്‍ പങ്കെടുക്കുന്നതിലേക്കായി കാരവാനില്‍ കണ്ണൂരിലെത്തിച്ചിരുന്നു. ശേഷം അന്നുരാത്രി പതിനൊന്നരയോടെ ജോയലും മനോജും കണ്ണൂരില്‍ നിന്ന് തിരിക്കുകയും ചെയ്തു. പന്ത്രണ്ടരയോടെയാണ് കരിമ്പനപാലത്ത് റോഡരികില്‍ വാഹനം നിറുത്തിയിട്ടത്. തിങ്കളാഴ്ച ഉച്ചയോടെ വാഹനം മലപ്പുറത്ത് എത്തേണ്ടതായിരുന്നു.കാരവാന്‍ എത്താത്തതിനെത്തുടര്‍ന്ന് കമ്പനി നടത്തിയ അന്വേഷണത്തിലാണ് കരിമ്പനപാലത്ത് നിര്‍ത്തിയിട്ടിരിക്കുന്നതായി ജിപിഎസിന്റെ സഹായത്തോടെ കണ്ടെത്തിയത്.

പിന്നാലെ പ്രദേശവാസികളില്‍ ഒരാളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. കാരവാന്റെ പുറകിലായി പുതച്ച നിലയിലായിരുന്നു ജോയലിന്റെ മൃതദേഹം. കാരവാനില്‍ വാതിലിനോട് ചേര്‍ന്നായിരുന്നു മനോജിന്റെ മൃതദേഹം കിടന്നിരുന്നത്. മനോജിന്റെ കയ്യില്‍ വണ്ടിയുടെ താക്കോല്‍ ഉണ്ടായിരുന്നു.