തിരുവനന്തപുരം: വി.കെ. പ്രശാന്ത് - ശ്രീലേഖ അവകാശത്തര്‍ക്കം രാഷ്ട്രീയ വിവാദമായി മാറുന്നത് വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലം നോട്ടമിട്ടവര്‍ തമ്മില്‍. ഇക്കുറിയും ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് കരുതുന്ന മണ്ഡലത്തില്‍ ബിജെപി കളത്തിലിറക്കാന്‍ ഉദ്ദേശിക്കുന്നത് ശ്രീലേഖയെയാണ്. കെ മുരളീധരന്‍ ഗുരുവായൂരിലേക്ക് പോയാല്‍ കോണ്‍ഗ്രസില്‍ നിന്നും കെ എസ് ശബരീനാഥനും സാധ്യതയുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടാണ് വിവാദത്തില്‍ നേതാക്കള്‍ ഇടപെട്ടിരിക്കുന്നത്. ശ്രീലേഖ വ്യക്തിപരമായാണ് ഈ വിഷയം ഉയര്‍ത്തിയത് എങ്കിലും സാങ്കേതികമായി ബിജെപിക്ക് കൂടുതല്‍ ഇടപെടലിന് ഈ വിഷയം അവസരം ആയിട്ടുണ്ട്. കോര്‍പ്പറേഷനിലെ വാടക കൊള്ള ചര്‍ച്ചയാക്കാന്‍ ഇതുവഴി ബിജെപിക്കു സാധിച്ചു.

എംഎല്‍എ ഓഫീസ് വിവാദത്തില്‍ പ്രതികരിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷും ഇന്ന് രംഗത്തുവന്നു. വ്യക്തിപരമായ കാര്യങ്ങള്‍ പരിഗണിക്കാതെ നിയമപരമായ സാധ്യതകള്‍ പരിശോധിക്കുമെന്ന് വി വി രാജേഷ് പറഞ്ഞു. എംഎല്‍എ ഓഫീസിന്റെ വാടക കരാര്‍ പരിശോധിക്കുകയാണ്. എത്ര രൂപ വാടകയ്ക്കാണ് മുറി കൊടുത്തിരുന്നത് എന്നും അതുമായി ബന്ധപ്പെട്ട രേഖകളും പരിശോധിക്കും. കെട്ടിടം ഒഴിപ്പിക്കുമെന്ന് കോര്‍പ്പറേഷന്‍ പറഞ്ഞിട്ടില്ലെന്നും വി വി രാജേഷ് വ്യക്തമാക്കി.

കോര്‍പ്പറേഷനില്‍ പല കൗണ്‍സിലര്‍മാര്‍ക്കും ഇരിക്കാന്‍ പോലും സൗകര്യമില്ല. പ്രവര്‍ത്തന സൗകര്യം ഉയരണം. ആരാണ് സൗകര്യമൊരുക്കേണ്ടത് എന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്വന്തം വീട്ടില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലര്‍മാര്‍ പോലുമുണ്ട്. വാണിജ്യ കോംപ്ലക്‌സുകള്‍ക്ക് കൃത്യമായ വാടക ലഭിക്കണം. ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് നിയമപരമായ എന്തൊക്കെ ഇളവുകള്‍ ചെയ്യാനാകും എന്നുള്ളത് പരിഗണിക്കും. വി വി രാജേഷ് പ്രതികരിച്ചു. എന്നാല്‍ അതില്‍ വികെ പ്രശാന്ത് ഉള്‍പ്പെടുമോ എന്ന ചോദ്യത്തിന് വി വി രാജേഷ് മറുപടി നല്‍കിയില്ല.

അതേസമംയ ആര്‍. ശ്രീലേഖയുമായി ബന്ധപ്പെട്ട ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എം.എല്‍.എ ഓഫിസ് വിവാദത്തില്‍ മുന്‍ എം.എല്‍.എയും കൗണ്‍സിലറുമായ അഡ്വ. കെ.എസ്. ശബരിനാഥന് മറുപടിയുമായി വി.കെ. പ്രശാന്തും രംഗത്തുവന്നിരുന്നു. ബി.ജെ.പി അവരുടെ അജണ്ട നടപ്പാക്കുമ്പോള്‍ എം.എല്‍.എയായിരുന്ന ശബരിനാഥനെ പോലുള്ള ഒരാള്‍ പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ എന്ന് പ്രശാന്ത് ചോദിച്ചു. ഇത്തരം തിട്ടൂരത്തിന് തലകുനിച്ചാല്‍ കേരളത്തിന്റെ സ്ഥിതി എന്താകുമെന്ന് അദ്ദേഹം ഗൗരവമായി ആലോചിക്കണം. പ്രത്യേക രാഷ്ട്രീയ സ്ഥിതിയില്‍ ഇക്കാര്യം പഠിക്കേണ്ടതുണ്ടെന്നും പ്രശാന്ത് വ്യക്തമാക്കി.

മണ്ഡലത്തിലെ ജനങ്ങള്‍ ഏത് സമയത്തും കടന്നുവരാന്‍ സാധിക്കുംവിധമാണ് ശാസ്ത്രമംഗലത്തെ മുറി കണ്ടെത്തിയത്. അന്നത്തെ ഭരണസമിതിയോ കൗണ്‍സിലര്‍മാരോ എതിര്‍പ്പ് പറഞ്ഞിട്ടില്ല. ഏഴ് വര്‍ഷക്കാലം സുഗമായി ഓഫിസ് പ്രവര്‍ത്തിച്ചു. ശബരിനാഥന്റെ സൗകര്യത്തിനല്ല ഓഫിസ് ഉപയോഗിക്കുന്നത്. ബി.ജെ.പിയുടെ അജണ്ടയുടെ ഭാഗമായാണ് എം.എല്‍.എയെ ശാസ്ത്രമംഗലത്ത് നിന്ന് മാറ്റാന്‍ നീക്കം നടത്തുന്നത്.

എം.എല്‍.എ ഹോസ്റ്റലിലായ നിള ബ്ലോക്കിലെ മുറി തന്റെ താമസത്തിന് ഉള്ളതാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ ഒരു മൂലയിലാണ് എം.എല്‍.എ ഹോസ്റ്റല്‍ ഉള്ളത്. ശാസ്ത്രമംഗലം എന്നത് മണ്ഡലത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും എത്തിച്ചേരാന്‍ സാധിക്കുന്ന ഗതാഗത സൗകര്യമുള്ള സ്ഥലമാണ്. തനിക്കെതിരെ ആരും പരാതി ഉന്നയിച്ചില്ല.

മാര്‍ച്ച് 31 വരെ കെട്ടിടം ഉപയോഗിക്കാന്‍ തനിക്ക് സാധിക്കും. കാലാവധി കഴിയുമ്പോള്‍ മാറുന്ന കാര്യം ആലോചിക്കാം. ഇന്ത്യയില്‍ കേരളത്തിലെ എം.എല്‍.എമാര്‍ക്കാണ് ഏറ്റവും കുറവ് അലവന്‍സ് ലഭിക്കുന്നത്. അലവന്‍സ് ആയി ലഭിക്കുന്ന 25,000 രൂപ വിവിധ നിലയിലുള്ള ഓഫിസ് ചെലവുകള്‍ക്കാണിത്.

വാടകയിനത്തില്‍ എം.എല്‍.എ 25,000 രൂപ എഴുതി വാങ്ങി 820 രൂപ കോര്‍പറേഷന് കൊടുക്കുന്നുവെന്ന് ബി.ജെ.പി ഹാന്‍ഡിലുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചരണം നടത്തുകയാണ്. വ്യക്തിഹത്യ നടത്താനുള്ള ബി.ജെ.പിയുടെ നീക്കത്തിന് കോണ്‍ഗ്രസ് പിന്തുണ കൊടുക്കുകയാണെന്നും വി.കെ. പ്രശാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഓഫീസ് കെട്ടിട വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി ജി ആര്‍ അനിലും രംഗത്തെത്തി. വികെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസ് ഒഴിയണമെന്ന് കൗണ്‍സിലര്‍ അഭിപ്രായം പ്രകടിപ്പിച്ചത് അല്‍പ്പത്തരമാണെന്ന് മന്ത്രി പറഞ്ഞു. ശബരീനാഥന്റെ പ്രതികരണം പരസ്പര സഹായത്തിന്റെ പ്രത്യുപകാരമാണോ എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കേണ്ടുന്നത് എല്ലാ നിയോജക മണ്ഡലങ്ങളിലും ലോക്കല്‍ ബോഡികളാണ്. നെടുമങ്ങാട് എന്റെ എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്നത് നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയുടെ. ടൗണ്‍ഹാളിന്റെ കെട്ടിടത്തിലാണ്. അതുപോലെ മുന്‍സിപ്പാലിറ്റികളാണെങ്കിലും കോര്‍പറേഷനുകളാണെങ്കിലും എല്ലാ പിന്തുണയും കൊടുക്കുന്ന ഒരു രീതിയാണ് കേരളത്തില്‍ പൊതുവില്‍ ഉണ്ടായിരുന്നത് അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധിയാകാത്തതിന്റെ പരിചയക്കുറവ് കൊണ്ടായിരിക്കാം അവര്‍ ആദ്യം അങ്ങനെ പ്രകടിപ്പിച്ചതെന്നും അത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എംഎല്‍എ ഓഫീസ് എന്ന നിലയില്‍ മണ്ഡലത്തില്‍ ഒരു കേന്ദ്രം ഉണ്ടാകേണ്ടത് അവിടത്തെ ജനങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. അതിനപ്പുറത്ത് അതൊരു ആര്‍ഭാഢമല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.

എംഎല്‍എ ഹോസ്റ്റലിലെ മുറി, ഓഫീസ് ആവശ്യത്തിന് ഉപയോഗിക്കുന്നതില്‍ തടസം എന്തെന്ന് കെ മുരളീധരന്‍ ചോദിച്ചു. വികെ പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്നായിരുന്നു കെ എസ് ശബരീനാഥന്റെ പ്രതികരണം. വി കെ പ്രശാന്തിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇപ്പോഴും പൊലീസ് ഭാഷയില്‍ സംസാരിക്കുന്ന ധിക്കാരിയായ കൗണ്‍സിലര്‍ ആണ് ആര്‍ ശ്രീലേഖയെന്നായിരുന്നു പ്രതികരണം. ബിജെപിക്ക് അനുകൂലമായ നിലപാടാണ് കെ എസ് ശബരീനാഥിന്റേതെന്നും ബിനോയ് വിശ്വം പറഞ്ഞു. വാടക കരാര്‍ പരിശോധിച്ച് നടപടിയെന്ന് മേയര്‍ വി വി രാജേഷ് വ്യക്തമാക്കി.

അതിനിടെ എംഎല്‍എകൗണ്‍സിലര്‍ അവകാശത്തര്‍ക്കത്തില്‍പെട്ട ശാസ്തമംഗലത്തെ കോര്‍പറേഷന്‍ വക കെട്ടിടം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫിസിനായി പണികഴിപ്പിച്ചതാണ്. ഓടു മേഞ്ഞ കെട്ടിടം വി.കെ.പ്രശാന്ത് മേയറായിരിക്കെയാണു പുതുക്കിപ്പണിതത്. താഴത്തെ നിലയില്‍ എംഎല്‍എ ഓഫിസ്, കൗണ്‍സിലര്‍ ഓഫിസ്, കണ്ടിജന്‍സി ജീവനക്കാരുടെ വിശ്രമമുറി, ശുചീകരണ സാമഗ്രികള്‍ സൂക്ഷിക്കാനുള്ള മുറി എന്നിവയാണുള്ളത്. മുകള്‍ നിലയില്‍ എച്ച്‌ഐ ഓഫിസ്. മൂന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാളുമുണ്ട്.

എംഎല്‍എ ഓഫിസ് രണ്ടായി വിഭജിച്ചിരിക്കുന്നു. റിസപ്ഷനും എംഎല്‍എയുടെ കാബിനും. റിസപ്ഷനില്‍ എംഎല്‍എയുടെ പിഎയും ഓഫിസ് ജീവനക്കാരു. റിസപ്ഷന്റെ അരികിലൂടെയാണ് കൗണ്‍സിലറുടെ ഓഫിസിലേക്കു കയറേണ്ടത്. ഓഫിസ് മുറിയും ശുചിമുറിയുമാണ് ഇവിടെയുള്ളത്. ബിജെപിയുടെ തന്നെ മധുസുദനന്‍നായര്‍ കൗണ്‍സിലറായിരിക്കേ ഓഫിസ് മുറിയില്‍ സൗകര്യമില്ലെന്ന പേരില്‍ ശുചിമുറിയില്‍ അലമാര വച്ച് അതിലാണ് ഓഫിസ് ഫയലുകള്‍ സൂക്ഷിച്ചിരുന്നത്. മധുസൂദനന്‍ നായര്‍ ഇതേ വാര്‍ഡിലെ താമസക്കാരനായതിനാലും എപ്പോഴും സ്‌കൂട്ടറില്‍ വാര്‍ഡിലൂടെ സഞ്ചരിക്കുന്നതിനാലും ഓഫിസ് സ്ഥിരമായി ഉപയോഗിച്ചിരുന്നില്ല. ആര്‍.ശ്രീലേഖ താമസിക്കുന്നതു വഴുതക്കാടാണ്.

എന്നാല്‍, കോര്‍പറേഷന്‍ കൗണ്‍സില്‍ വാടക നിശ്ചയിച്ചു നല്‍കിയ കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെടേണ്ടതു കൗണ്‍സിലറല്ലെന്നാണു പ്രശാന്തിന്റെ വാദം. കോര്‍പറേഷന്‍ സെക്രട്ടറിക്കാണ് അധികാരം. തന്നെയുമല്ല, മാര്‍ച്ച് വരെയുള്ള വാടക കൃത്യമായി അടച്ചിട്ടുണ്ടെന്നും പ്രശാന്ത് അവകാശപ്പെടുന്നു. മാസം 872 രൂപ വച്ചാണു പ്രശാന്ത് ഏതാണ്ട് 350 ചതുരശ്രയടിയുള്ള ഓഫിസിനു വാടക നല്‍കുന്നത്. എംഎല്‍എ ഓഫിസിന്റെ വാടക സര്‍ക്കാര്‍ നല്‍കുന്നില്ല. എന്നാല്‍ കോര്‍പറേഷന്റെ കെട്ടിടത്തിലാണു പ്രവര്‍ത്തനമെങ്കില്‍ കൗണ്‍സിലര്‍ വാടക നല്‍കേണ്ടതില്ല.

സ്വകാര്യ കെട്ടിടം വാടകയ്‌ക്കെടുത്താല്‍ മാസം 8000 രൂപ വരെ കോര്‍പറേഷന്‍ വാടക നല്‍കും. ഈ സംവിധാനം ഏര്‍പ്പെടുത്തിയതു താന്‍ മേയറായിരുന്ന ഭരണസമിതിയാണെന്നും പ്രശാന്ത് വാദിക്കുന്നു. ഒഴിയില്ലെന്നു പ്രശാന്ത് പറയുന്നുണ്ടെങ്കിലും, ഇന്നു കോര്‍പറേഷനില്‍ രേഖകള്‍ പരിശോധിക്കും. വാടകയ്ക്കു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ രേഖകള്‍ ഇല്ലെങ്കില്‍ നോട്ടിസ് നല്‍കും. വാടകയ്ക്കു നല്‍കിയ തീരുമാനം റദ്ദാക്കാന്‍ കൗണ്‍സിലിന് അധികാരമുണ്ട്.