- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പ്രസ്ഥാനത്തിന്റെ യശസിനെ ഇടിച്ചുകയറി അപകീര്‍ത്തിപ്പെടുത്തരുത്; പാര്‍ട്ടി പരിപാടികളില്‍ പ്രോട്ടോക്കോള്‍ പാലിക്കുവാന്‍ എല്ലാവരും തയ്യാറാവണം; ക്യാമറയില്‍ മുഖം വരുത്താന്‍ ഉന്തും തള്ളുമുണ്ടാക്കുമ്പോള്‍ പാര്‍ട്ടിക്കുള്ള അവമതിപ്പ് സ്വയം തിരിച്ചറിയണം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വീക്ഷണം മുഖപ്രസംഗം
പ്രസ്ഥാനത്തിന്റെ യശസിനെ ഇടിച്ചുകയറി അപകീര്‍ത്തിപ്പെടുത്തരുത്;
തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി മുഖപത്രമായ വീക്ഷണം. കോഴിക്കോട് ഡിസിസി ഉദ്ഘാടനത്തില്‍ നടന്ന ഉന്തും തള്ളും സോഷ്യല്‍ മീഡിയയില്‍ നാണക്കേടായ കാര്യം ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിപത്രം തന്നെ വിമര്‍ശനം ഉന്നയിക്കുന്നത്. കോഴിക്കോട് നടന്നത് നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തിയാണെന്നും പ്രസ്ഥാനത്തിന്റെ യശസിനെ ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീര്‍ത്തിപ്പെടുത്തരുതെന്നുമാണ് മുഖപ്രസംഗത്തില്‍ പറയുന്നത്.
പാര്‍ട്ടി പരിപാടികളില്‍ പ്രോട്ടോക്കോള്‍ പാലിക്കുവാന്‍ എല്ലാവരും തയ്യാറാവണം. ജനക്കൂട്ട പാര്‍ട്ടിയെന്നത് ജനാധിപത്യപരമായ വിശാലതയാണ്. കുത്തഴിഞ്ഞ അവസ്ഥയാകരുത്. മാതൃക കാണിക്കുവാന്‍ ബൂത്ത് മുതല്‍ കെപിസിസി വരെയുള്ള ഭാരവാഹികള്‍ക്ക് കഴിയണം. ക്യാമറയില്‍ മുഖം വരുത്താന്‍ ഉന്തും തള്ളുമുണ്ടാക്കുമ്പോള്‍ പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന അവമതിപ്പ് സ്വയം തിരിച്ചറിയണമെന്നും അഴിമതി സര്‍ക്കാരിനെ പുറത്താക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ ജനങ്ങളുടെ മനസ് മടുപ്പിക്കരുതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഇടിച്ചുകയറിയല്ല മുഖം കാണിക്കേണ്ടതെന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.
അതേസമയം കോഴിക്കോട്ടെ പുതിയ ഡി.സി.സി മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട നാടമുറിക്കലിലുണ്ടായ ഉന്തുംതള്ളും അവമതിപ്പുണ്ടാക്കിയ സാഹചര്യത്തില്‍ കര്‍ശന നടപടിയുമായി കെ.പി.സി.സി രംഗത്തുണ്ട്. കോണ്‍ഗ്രസിന്റെ വിവിധ ഘടകങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് മാര്‍ഗരേഖ നടപ്പാക്കാനാണ് കെ.പി.സി.സി തീരുമാനം. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള കരട് മാര്‍ഗരേഖക്ക് ഒരാഴ്ചക്കുള്ളില്‍ കെ.പി.സി.സി രൂപം നല്‍കും. ഡി.സി.സി പ്രസിഡന്റുമാരും മുതിര്‍ന്ന നേതാക്കളും ചര്‍ച്ച ചെയ്ത ശേഷം അന്തിമ മാര്‍ഗരേഖക്ക് കെ.പി.സി.സി അംഗീകാരം നല്‍കും. തുടര്‍ന്ന് മെയ് മുതല്‍ മാര്‍ഗരേഖ പ്രകാരമായിരിക്കും സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തുന്ന മുഴുവന്‍ പരിപാടികളും നടക്കുക.
പെരുമാറ്റച്ചട്ടവും അച്ചടക്കവും നടപ്പാക്കാനുള്ള ചുമതല സേവാദളിന് നല്‍കും. പാര്‍ട്ടിയുടെ താഴേത്തട്ട് മുതല്‍ കെ.പി.സി.സി വരെയുള്ള പരിപാടികളില്‍ വേദിയില്‍ ആര്‍ക്കെല്ലാം ഇരിപ്പിടം നല്‍കണമെന്ന് പ്രോട്ടോകോള്‍ പ്രകാരമുള്ള പട്ടിക തയാറാക്കും. നോട്ടീസില്‍ പേരില്ലാത്തവര്‍ക്ക് വേദിയില്‍ ഇരിപ്പിടം ഉണ്ടാവില്ല.
വേദിയില്‍ ഇരിപ്പിടമില്ലാത്ത പ്രധാന നേതാക്കള്‍ക്ക് സദസിന്റെ മുന്‍നിരയില്‍ പ്രത്യേക ഇരിപ്പിടം ഒരുക്കും. നാടമുറിക്കല്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കേണ്ടവരുടെ പട്ടിക ഡി.സി.സി തന്നെ തയാറാക്കും. പാര്‍ട്ടി പരിപാടികളില്‍ മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുമാണ് കെ.പി.സി.സി തീരുമാനിച്ചിട്ടുള്ളത്.
കോഴിക്കോട്ടെ പുതിയ ഡി.സി.സി മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട നാടമുറിക്കല്‍ സമയത്ത് ചിത്രത്തില്‍ മുഖം വരാനായി നടന്ന ഉന്തുംതള്ളും പാര്‍ട്ടിക്ക് വലിയ അവമതിപ്പും പരിഹാസവുമാണ് ഉണ്ടാക്കിയത്. പരിപാടിയില്‍ പങ്കെടുക്കേണ്ട വിശിഷ്ട അതിഥികളും മുതിര്‍ന്ന നേതാക്കളും പിന്നിലാവുകയും മറ്റുള്ളവര്‍ മുമ്പില്‍ ഇടംപിടിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.
മുറിക്കേണ്ട നാടയുടെ സമീപത്തെത്താന്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ വളരെയധികം ബുദ്ധിമുട്ടുകയും ചെയ്തു. ഏറെ വാര്‍ത്താ പ്രാധാന്യം ലഭിച്ച പുതിയ ഡി.സി.സി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ ശോഭ കെടുത്തുന്നതിന് ഉന്തുംതള്ളും വഴിവെച്ചിരുന്നു. കൂടാതെ, ഉന്തും തള്ളും നടന്നതിന്റെ ദൃശ്യങ്ങള്‍ ട്രോളുകളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.