തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെ ഭയമുണ്ടോ? ഈ ചര്‍ച്ച ഉയര്‍ത്തുന്നത് യൂത്ത് കോണ്‍ഗ്രസ് നേതാവായ വീണാ എസ് നായര്‍. ' ഞാന്‍ കിഫ്ബി സി ഇ ഓ സ്ഥാനം മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവയ്ക്കാം ' വായിച്ചു നോക്കിയപ്പോള്‍ ഒരു ഭീഷണി പോലെ തോന്നി. ഈ ചിന്ത കൊണ്ട് ചെന്ന് എത്തിച്ചത് ഒരു ഞെട്ടിക്കുന്ന സത്യത്തിലേക്കാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായിരുന്ന സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ള എസ് എന്‍ സി ലാവലിന്‍ കേസില്‍ സി ബി ഐ. സാക്ഷിപ്പട്ടികയില്‍ (72ാം സാക്ഷി ) ഉള്ള വ്യക്തിയാണ് കെ എം എബ്രഹാം. രേഖകള്‍ പരിശോധിച്ചപ്പോള്‍ എസ് എന്‍ സി ലാവലിന്‍ ഇടപാടിനെതിരെ മൊഴി നല്‍കിയ വ്യക്തിയാണ് ഇദ്ദേഹം. ലാവ്ലിന്‍ ഇടപാടു നടക്കുന്ന കാലത്ത് ധനകാര്യവകുപ്പ് സെക്രട്ടറിയായിരുന്ന കെ.എം.എബ്രഹാം സി.ബി.ഐയ്ക്ക് കൊടുത്ത മൊഴിയില്‍ സംശയങ്ങളുയര്‍ത്തുകയാണ് അഡ്വ വീണാ എസ് നായര്‍.

വീണാ എസ് നായരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് കുറിപ്പ് ചുവടെ

ഡോക്ടര്‍ കെ എം എബ്രഹാം സാറിന് സംസ്ഥാന ഖജനാവില്‍ നിന്നും മാസം 6.75 ലക്ഷം രൂപ നല്‍കുന്നത് എന്തിനാണ് എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സംസ്ഥാനത്തു മിടുക്കരായ ഐ എ എസ് ഓഫീസര്‍ മാര്‍ ഇല്ലാഞ്ഞിട്ടാണോ? അല്ല!

എബ്രഹാം സാറിന്റെ ബുദ്ധി തന്നെ. റീ എംപ്ലോയ്‌മെന്റ് ഒഴിവാക്കി കിഫ്ബി സി ഇ ഓ കരാര്‍ നിയമനമാക്കി ശമ്പളവും പെന്‍ഷനും ഒരുമിച്ചു വാങ്ങാനുള്ള തന്ത്രണമാണ് ആദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് മൂവ് എന്നാണ് ഞാന്‍ ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ അഴിമതി കേസില്‍ ഹൈകോടതി സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ ആദ്ദേഹം ഇറക്കിയ കുറിപ്പിലെ ഒരു വാചകം കണ്ടപ്പോള്‍ ആ അഭിപ്രായം മാറി.

' ഞാന്‍ കിഫ്ബി സി ഇ ഓ സ്ഥാനം മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവയ്ക്കാം ' വായിച്ചു നോക്കിയപ്പോള്‍ ഒരു ഭീഷണി പോലെ തോന്നി. ഈ ചിന്ത കൊണ്ട് ചെന്ന് എത്തിച്ചത് ഒരു ഞെട്ടിക്കുന്ന സത്യത്തിലേക്കാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായിരുന്ന സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ള എസ് എന്‍ സി ലാവലിന്‍ കേസില്‍ സി ബി ഐ. സാക്ഷിപ്പട്ടികയില്‍ (72ാം സാക്ഷി ) ഉള്ള വ്യക്തിയാണ് കെ എം എബ്രഹാം. രേഖകള്‍ പരിശോധിച്ചപ്പോള്‍ എസ് എന്‍ സി ലാവലിന്‍ ഇടപാടിനെതിരെ മൊഴി നല്‍കിയ വ്യക്തിയാണ് ഇദ്ദേഹം. ലാവ്ലിന്‍ ഇടപാടു നടക്കുന്ന കാലത്ത് ധനകാര്യവകുപ്പ് സെക്രട്ടറിയായിരുന്ന കെ.എം.എബ്രഹാം സി.ബി.ഐയ്ക്ക് കൊടുത്ത മൊഴി ഇങ്ങനെ:

'GO ( MS)20/98/PD dated 04.07.98 പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി എസ്.ബി.ഐ, അല്ലെങ്കില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം എന്നിവയ്ക്ക് മാത്രമേ സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കാന്‍ പാടുള്ളു. കാനഡയിലെ എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ പോലുള്ള വിദേശ കമ്പനികളില്‍ നിന്ന് ലഭിക്കുന്ന വായ്പകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കാന്‍ പാടുള്ളതല്ല. കെ.എസ്.ഇ.ബി വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ സംസ്ഥാന സര്‍ക്കാര്‍ എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പറേഷന് വായ്പ തിരിച്ചുനല്‍കേണ്ടിവരും. ഇത് കേന്ദ്ര സര്‍ക്കാരിന്റെ 27.8.98 ല്‍ പുറത്തിറക്കിയ നിബന്ധനകള്‍ക്ക് വിരുദ്ധമാണ്.

സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ GO (MS)20/98/PD കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകളെ മറികടക്കാനുള്ള തന്ത്രമാണ്. കനേഡിയന്‍ കമ്പനികളില്‍ നിന്ന് വായ്പ വാങ്ങുന്നതിനു മുന്‍പായി എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, സംസ്ഥാന ധനകാര്യവകുപ്പ് എന്നിവയുമായി കെ.എസ്.ഇ.ബി കണ്‍സള്‍ട്ടേഷന്‍ നടത്തിയിട്ടില്ല. വായ്പ സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് കേരള സര്‍ക്കാരിന്റെ അനുവാദം വാങ്ങിച്ചിരിക്കണം.

എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ നിന്ന് വായ്പ വാങ്ങിയാല്‍ അതിന്റെ പലിശ നിരക്ക് ഈ കരാറില്‍ പറഞ്ഞിരിക്കുന്ന 6.8% അല്ല, 18.6% ആയിരിക്കും. വിദേശ വായ്പകളില്‍ വിവിധതരം അധിക ചാര്‍ജുകള്‍ വരുന്നതുകൊണ്ടാണ് ഈ വര്‍ദ്ധനവ്. ഇന്ത്യയിലെ ബാങ്കുളില്‍ നിന്നും വായ്പ എടുത്താല്‍ ഭീമമായ ഈ നഷ്ടം ഒഴിവാക്കാമായിരുന്നു.' ഇത് മാത്രമല്ല കേട്ടോ! മാസപ്പടി ചുഴിയില്‍ പെട്ടു കിടക്കുന്ന മുഖ്യന്‍ സ്വയം രാജിവയ്ക്കാതെ എങ്ങിനെ എബ്രഹാം സാറിനോട് രാജി വയ്ക്കാന്‍ പറയും.ഇനി നിങ്ങള്‍ പറയൂ എന്തൊരു കാഞ്ഞ ബുദ്ധിയാണ് അല്ലേ?

അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ കെ.എം എബ്രഹാം ഒരുങ്ങുകയാണ്. അഭിഭാഷമാരുമായി ആശയ വിനിമയം നടത്തി. തന്റെ വാദം കേട്ടിലെന്ന എബ്രഹാമിന്റ് നിലപാടിനൊപ്പമാണ് സംസ്ഥാന സര്‍ക്കാരും. കിഫ്ബി സിഇഒ കെ.എം എബ്രഹാമിനെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ ആധാരമായ പ്രാധാന കാരണങ്ങളില്‍ ഒന്നാണ് കൊല്ലം കടപ്പാക്കടയിലെ വാണിജ്യസമുച്ചയം. കെട്ടിടത്തില്‍ എബ്രഹാമിനും ഉടമസ്ഥാവകാശം ഉണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയതാണ് കേസില്‍ നിര്‍ണായകമായത്. എന്നാല്‍ സഹോദരന്‍മാര്‍ക്കൊപ്പം കെട്ടിടം പണിയാനുണ്ടാക്കിയ ധാരണാപത്രം കോടതി പരിഗണിച്ചില്ലെന്നാണ് കെ.എം എബ്രഹാമിന്റെ വിമര്‍ശനം.

ബാങ്ക് അടക്കം പ്രവര്‍ത്തിക്കുന്നതാണ് കടപ്പാക്കടയിലെ ബഹുനില കെട്ടിടം. തനിക്കും സഹോദരന്മാര്‍ക്കുമായി ലഭിച്ച പാരമ്പര്യ സ്വത്തില്‍ വാണിജ്യ സമുച്ചയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചുവെന്ന് എബ്രഹാം കോടതിയില്‍ പ്രതികരിച്ചു. തന്റെ സമ്പാദ്യം പര്യാപ്തമല്ലെന്ന് കണ്ടപ്പോള്‍ സഹോദരങ്ങള്‍ ധനസഹായം നല്‍കാന്‍ സമ്മതിച്ചു. അവരുടെ നിക്ഷേപം തിരിച്ചു പിടിക്കുന്നതുവരെ അവകാശം സ്ഥിരീകരിക്കുന്നതിനാണ് ധാരണാപത്രം ഒപ്പിട്ടത്. സുതാര്യമായ ബാങ്ക് രേഖകള്‍ ഉള്ള ഈ ഇടപാട് വിജിലന്‍സിന് ബോധ്യപ്പെട്ടു. എന്നാല്‍ ഹൈക്കോടതി ഈ ധാരണയുടെ സാധുതയെ ചോദ്യം ചെയ്തതെന്നുമായിരുന്നു കിഫ്ബിയിലെ ജീവനക്കാര്‍ക്ക് കെ.എം എബ്രഹാം നല്‍കിയ വിഷുദിന സന്ദേശത്തിലെ വിമര്‍ശനം.

കെട്ടിടം പണിയുന്നതിന് കൊല്ലം കോര്‍പ്പറേഷനില്‍ നിന്ന് ലഭിച്ച അനുമതി പത്രം അടക്കം ഹര്‍ജിക്കാരന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കിയതാണ് കെ.എം എബ്രഹാമിന് തിരിച്ചടിയായത്. 8 കോടി രൂപയുടെ സമുച്ചയം സഹോദരന്റെ പേരിലായതിനാലാണ് സ്വത്തു വിവരത്തില്‍ ഉള്‍പ്പെടുത്താത് എന്നാണ് കെ.എം.എബ്രഹാം വിജിലന്‍സിന് നല്‍കിയ മൊഴിയെന്ന് ഹര്‍ജിക്കാരന്‍ വാദിക്കുന്നു. ഇനിയുള്ള സിബിഐ അന്വേഷണത്തിലും കോടതി നടപടികളിലും കടപ്പാക്കടയിലെ സമുച്ചയവും വിവാദമായി ഉയര്‍ന്നു നില്‍ക്കും. കെട്ടിടം അടക്കമുള്ള വിഷയങ്ങളില്‍ അപ്പീലുമായി പോകാനാണ് കെ.എം എബ്രഹാമിന്റെ നീക്കം.