- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയ്ക്കും മകള്‍ക്കും ആശ്വാസം; മാത്യു കുഴല്‍നാടന്റെ ഹൈക്കോടതിയിലെ ഹര്‍ജി തള്ളി ജസ്റ്റീസ് കെ ബാബു; ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഹര്‍ജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നുമുള്ള വിജിലന്‍സ് കോടതി വിധിയ്ക്ക് ഹൈക്കോടതിയിലും അംഗീകാരം; മാസപ്പടിയില്‍ വിജിലന്‍സില്ല
കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ഇല്ല. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ സ്ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആര്‍ എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടില്‍ വിജിലന്‍സ് അന്വേഷിക്കണമെന്നായിരുന്നുഹര്‍ജിക്കാരുടെ ആവശ്യം. മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റീസ് കെ ബാബുവാണ് വിധി പറഞ്ഞത്. വിജിലന്‍സ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കോടതി വിശദീകരിച്ചു.
ഇതിനെതിരെ മാത്യു കുഴല്‍നാടന്‍ എം എല്‍ എയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവുമാണ് റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജികളിലാണ് ഹൈക്കോടതി ഇന്ന് വിധി പറയുന്നത്.ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിര്‍കക്ഷികളാക്കിയാണ് മാത്യു കുഴല്‍നാടന്റെ ഹര്‍ജി. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎം ആര്‍ എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നുമാണ് വാദം. ഹര്‍ജിയില്‍ മാസങ്ങള്‍ക്കുമുമ്പ് വാദം പൂര്‍ത്തിയാക്കിയ സിംഗിള്‍ ബെഞ്ച്, കേസ് ഉത്തരവിനായി മാറ്റുകയായിരുന്നു. ഈ കേസിലെ വിധി പിണറായിയ്ക്കും മകള്‍ക്കും ആശ്വാസമാണ്.
സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ജനുവരിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എസ്എഫ്‌ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ചത്. അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും കേന്ദ്രവും ആദായനികുതി വകുപ്പും ഡല്‍ഹി ഹൈക്കോടതിയില്‍ എഴുതി നല്‍കിയ വാദങ്ങളില്‍ ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ നല്‍കിയെന്നാണ് വിവാദം. ഒരു സേവനവും കിട്ടാതെ തന്നെ കമ്പനി വീണയ്ക്ക് പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം കാരണമാണ് എന്ന് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് നേരത്തെ കണ്ടെത്തിയിരുന്നു.
മാസപ്പടി കേസില്‍ അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് പക്ഷപാതപരമെന്ന് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയില്‍ നിലപാട് എടുത്തിരുന്നു. സേവനങ്ങള്‍ നല്‍കാതെയാണ് മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയത്. ഇക്കാര്യം ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകളെന്ന നിലയിലാണ് വീണയുമായി സിഎംആര്‍എല്‍ കരാറുണ്ടാക്കിയത്. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകാതിരിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമ സ്ഥാപങ്ങള്‍ക്കും സി.എം.ആര്‍.എല്‍ പണം നല്‍കിയതെന്നും കുഴല്‍ നാടന്‍ ആരോപിച്ചിരുന്നു. ഹരജിയില്‍ സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കാത്തത് ദുരുദ്ദേശപരമാണെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ വാദം ഹൈക്കോടതി അംഗികരിക്കുകയും ചെയ്തിരുന്നു.
ഹര്‍ജിയില്‍ തെളിവുകളില്ലെന്നും ആരോപണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും പറഞ്ഞുെകൊണ്ടാണ് വിജിലന്‍സ് കോടതി മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളിയത്. ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഹര്‍ജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും വിധിന്യായത്തില്‍ പറഞ്ഞിരുന്നു. കുഴല്‍നാടന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമായ ആരോപണമെന്ന വാദം ശക്തിപ്പെടുത്തുന്നതാണെന്നും കോടതി വിമര്‍ശിച്ചിരുന്നു. മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ ആരോപണങ്ങള്‍ മാത്രമാണെന്നും ആരോപണം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ പരാതിക്കാരന്‍ പരാജയപ്പെട്ടുവെന്നുമായിരുന്നു ഹര്‍ജി തള്ളിക്കൊണ്ടുള്ള വിജിലന്‍സ് കോടതിയുടെ വിധിയില്‍ വ്യക്തമാക്കിയിരുന്നത്.
സി.എം.ആര്‍.എല്ലിന് എന്ത് ലാഭമുണ്ടായി എന്നും വ്യക്തമാക്കിയിട്ടില്ല. ഇതിനായി ഹര്‍ജിക്കാരന്‍ ഹാജരാക്കിയ ഇ-വേ ബില്ല് തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ സീരീയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണവും ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.