ചേര്‍ത്തല: തുടര്‍ച്ചയായി വിവാദ പ്രസ്താവനകള്‍ തുടര്‍ന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്ഷേത്രങ്ങളും നാടും കൊള്ളയടിച്ചും കൊലവിളിച്ചും നടത്തിയ ടിപ്പുവിന്റെ പടയോട്ടവും വെട്ടിയും കുത്തിയും സ്ത്രീകളെ ഉപദ്രവിച്ചും നടത്തിയ മലബാര്‍ ലഹളയും പോലും സ്വാതന്ത്ര്യ സമരമാക്കാനുളള ശ്രമമാണ് നടന്നതെന്നും ഇതിനു പിന്നില്‍ സംഘടിത മതശക്തിയുടെ ഭരണ സ്വാധീനമാണെന്നും വെളളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂനിയന്‍ ശാഖ നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലപ്പുറം പറയുമ്പോള്‍ മലക്കുന്നതാണ് ഇന്നത്തെ കേരള രാഷ്ട്രീയം. മതേതരത്വമല്ല, ഒരു വിഭാഗത്തിന്റെ മഹാ ആധിപത്യമാണ് നടക്കുന്നത്. ഒന്നിച്ചു പോരാടി അധികാരത്തിലെത്തിയപ്പോള്‍ വഞ്ചിച്ച ചരിത്രമാണ് മുസ്‌ലിം ലീഗിനെന്നും വെളളാപ്പള്ളി പറഞ്ഞു. ചില കുലംകുത്തികള്‍ കുത്തി കുത്തി ഇപ്പോള്‍ അവരുടെ നെഞ്ചില്‍ തന്നെ കുത്തുകൊള്ളുന്ന സാഹചര്യമാണ്. ഈഴവര്‍ക്കായുള്ള അവകാശങ്ങള്‍ ചോദിച്ചു വാങ്ങുമ്പോള്‍ ചിലര്‍ എന്നെ വര്‍ഗീയവാദിയെന്ന് വിളിക്കുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി അവസരങ്ങള്‍ ഉപേക്ഷിക്കുന്നതാണോ മതേതരത്വമെന്നും വെള്ളാപ്പള്ളി ചോദിച്ചു.

യോഗത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങളുടെ ഭാഗമാണ് തുടര്‍ച്ചയായ കേസും ആരോപണങ്ങളുമെന്നും ഇതിനൊന്നും മുന്നില്‍ തലകുനിക്കില്ലെന്നും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ ദിവസവും മലപ്പുറം വിരുദ്ധ പ്രസ്താവനയുമായി വെള്ളാപ്പള്ളി രംഗത്തുവന്നിരുന്നു. മലപ്പുറത്ത് മുസ്ലിം ആധിപത്യമുള്ള സ്ഥലത്ത് നോമ്പ് കാലത്ത് ഒരു പെട്ടിക്കട പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും വോട്ട് ബാങ്ക് കാട്ടി ഭരിക്കുന്ന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുന്ന നടപടിയാണ് മുസ്ലിം വിഭാഗം സ്വീകരിക്കുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളി ആരോപിച്ചുത്.

മുസ്ലിം ലീഗ് അവരുടെ രാജ്യം സൃഷ്ടിക്കാനും അതുവഴി എല്ലാവരിലേക്കും ശരീഅത്ത് നിയമം കൊണ്ടുവരാനുമാണു ശ്രമിക്കുന്നത്്. കോണ്‍ഗ്രസ് എന്നും മുസ്ലിം ലീഗിന്റെ പുറകെയാണു നടക്കുന്നത്. മുസ്ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടു പോകാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

''മലപ്പുറത്ത് മുസ്ലിം ആധിപത്യമുള്ള സ്ഥലത്ത് നോമ്പ് കാലത്ത് ഒരു പെട്ടിക്കട പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. എന്നും വോട്ട് ബാങ്ക് കാട്ടി ഭരിക്കുന്ന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുന്ന നടപടിയാണ് മുസ്ലിം വിഭാഗം സ്വീകരിക്കുന്നത്. കാലാകാലങ്ങളായി കുട്ടനാട്ടുകാരുടെ വോട്ട് വാങ്ങിക്കുന്നവര്‍ക്ക് കുട്ടനാട്ടുകാരെ ആവശ്യമില്ല. സംഘടിതമായി ഒത്തുചേര്‍ന്നാല്‍ മാത്രമേ സമുദായത്തിന് അര്‍ഹമായത് വാങ്ങിയെടുക്കാന്‍ പറ്റുകയുള്ളൂ.'' വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.