ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിന് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി തള്ളിപ്പറയാത്തതാണ് തിരഞ്ഞെടുപ്പു തിരിച്ചടിക്ക് കാരണമെന്ന വിധത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. ഈ പ്രചരണണങ്ങള്‍ക്കെതിരെ ഒടുവില്‍ പ്രതികരിച്ചു വെള്ളാപ്പള്ളി രംഗത്തുവന്നു.

പാവപ്പെട്ട സമുദായക്കാരനായതുകൊണ്ടാണോ തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തിന്റെ പേരില്‍ തന്നെമാത്രം ചിലര്‍ കുറ്റപ്പെടുത്തുന്നത് എന്നാണ് വെള്ളാപ്പള്ളി വിമര്‍ശിച്ചത്. മുന്നണികള്‍ മത-സാമുദായിക പ്രീണനം നടത്തുന്നതിനെതിരേ എല്ലാവരും പ്രതികരിക്കാറുണ്ട്. ന്യൂനപക്ഷ പ്രീണനത്തിനെതിരേ താന്‍ മാത്രമല്ല എന്‍.എസ്.എസ്. നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇതര സമുദായത്തിലുള്ളവര്‍ക്ക് സ്‌കൂളും കോളേജും മാത്രമല്ല ഒരു കുടിപ്പള്ളിക്കൂടം പോലും നല്‍കാത്തതിനെക്കുറിച്ച് പറഞ്ഞതു തെറ്റാണോ? വസ്തുതകളല്ലേ? ഈ വസ്തുത മറച്ചുവെച്ച് വര്‍ഗീയപ്രചാരണം നടത്തുന്നത് മുസ്ലിം ലീഗല്ലേ? കോണ്‍ഗ്രസ് അവര്‍ പറയുന്നതിനെയല്ലേ പിന്തുണയ്ക്കുന്നത്?

24 മണിക്കൂറും വര്‍ഗീയത പ്രസംഗിക്കുന്ന ലീഗിനെ കൂടെക്കൂട്ടി കോണ്‍ഗ്രസ് അവരുടെ വ്യക്തിത്വം നശിപ്പിക്കുകയാണ്. ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്ന വലിയ പാരമ്പര്യത്തിനുടമകളാണ് കോണ്‍ഗ്രസെന്ന് ഇപ്പോഴത്തെ നേതാക്കള്‍ തിരിച്ചറിയുന്നില്ല. അവര്‍ ലീഗിന് അടിമപ്പെടുകയാണ്. ആഗോള അയ്യപ്പ സംഗമത്തെ എസ്.എന്‍.ഡി.പി. യോഗം മാത്രമല്ല എന്‍.എസ്.എസും പിന്തുണച്ചിരുന്നു. അവരും പ്രതിനിധിയെ അയച്ചിരുന്നു. അതില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയെ മാത്രം കുറ്റപ്പെടുത്തുന്നതു മനസ്സിലാകുന്നില്ല. എന്തുകൊണ്ടാണ് എന്‍.എന്‍.എസിനെ കുറ്റപ്പെടുത്താത്തത്? - അദ്ദേഹം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ വാഹനത്തില്‍ പോയതിനെയും ചിലര്‍ പരിഹസിക്കുന്നുണ്ട്. അതിനെക്കാള്‍ വലിയ കാറുള്ളവനാണ് ഞാന്‍. മുഖ്യമന്ത്രിയോടൊപ്പം ഇരിക്കാതിരിക്കാന്‍ എനിക്കെന്താ അയിത്തമുണ്ടോ? -വെള്ളാപ്പള്ളി ചോദിച്ചു. പറയുന്ന കാര്യങ്ങളുടെ വസ്തുത നോക്കാതെ വര്‍ഗീയമായി വഴിതിരിച്ചുവിടുന്ന പ്രവണതയാണിപ്പോള്‍. ഭൂരിപക്ഷ സമുദായക്കാര്‍ പറയുന്നത് വര്‍ഗീയതയും ന്യൂനപക്ഷക്കാര്‍ പറയുന്നത് മതേതരത്വവുമാണെന്ന മട്ടില്‍ പ്രചാരണം നടത്തുന്നതാണ് അപകടമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുസ്ലിം സമുദായത്തെയും മലപ്പുറം ജില്ലയേയും വിമര്‍ശിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നിരന്തരം പ്രശംസിക്കുകയും ആദരിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രിയും എല്‍ഡിഎഫ് നേതാക്കളും സ്വീകരിച്ചതെന്ന വികാരം മലപ്പുറത്ത് അടക്കം ഇടതു മുന്നണിക്ക് തിരിച്ചടിയായി മാറിയിരുന്നു. വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന രീതിയിലായിരുന്നു സിപിഎം നിലപാട്.

വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ നാവാണെന്നും അദ്ദേഹം നടത്തുന്ന വിദ്വേഷപ്രചാരണത്തിന്റെ ആത്യന്തിക നേട്ടം എന്‍ഡിഎക്കാണെന്നും സിപിഎം നേതൃത്വത്തിന് തിരിച്ചറിയാനായില്ലെന്ന വിധത്തിലാണ് അവലോകനങ്ങള്‍ ഉണ്ടായത്. ശബരിമല വെള്ളാപ്പള്ളി വിഷയങ്ങളില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗവും രംഗത്തുവന്നിരുന്നു.

'ഒരു നൂറ്റാണ്ടിലേറെ നീണ്ട സാമൂഹ്യ നവോത്ഥാന പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുമ്പോഴും മത, ജാതിവാദങ്ങളടക്കം പ്രതിലോമ ചിന്തകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അടിത്തട്ടില്‍ ഇപ്പോഴും ആഴത്തില്‍ വേരോട്ടമുള്ള ഒരു സമൂഹംതന്നെയാണ് നമ്മുടേതെന്നും വിസ്മരിച്ചുകൂടാ. മതമൗലികവാദമടക്കം മതബോധത്തോടും ജാതീയതയോടും മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയം പാലിക്കേണ്ട അകലം പാലിക്കുന്നില്ലെന്നും അത്തരം പ്രവണതകളോടും ശക്തികളോടും മൃദുസമീപനം കൈകൊള്ളുന്നുവെന്നുമുള്ള തോന്നലും, പ്രതിപക്ഷ, മാധ്യമ പ്രചാരണങ്ങളും, ഇടതുപക്ഷ രാഷ്ട്രീയത്തിനെതിരെ വിവിധ ജനവിഭാഗങ്ങളില്‍ ആശങ്ക വളര്‍ത്തുക സ്വാഭാവികമാണ്. സദുദ്ദേശ്യത്തോടെയെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സമീപകാലത്ത് കൈക്കൊണ്ട ചില നടപടികളെങ്കിലും വിവിധ ജനവിഭാഗങ്ങളില്‍ ആശങ്കയും സംശയവും ജനിപ്പിച്ചിട്ടുണ്ടോ എന്നുള്ളതും ബന്ധപ്പെട്ടവര്‍ പുനര്‍വിചിന്തനവിധേയമാക്കണം' എന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിലും വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളിലും സിപിഎം മൃദുസമീപനം സ്വീകരിച്ചത് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി എന്ന വിമര്‍ശനം നിലനില്‍ക്കെയാണ് ജനയുഗത്തിന്റെ ഈ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്.