തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആടുജീവിതമാണ് കൂടുതല്‍ പുരസ്‌ക്കാരങ്ങള്‍ നേടിയത്. 2023ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ നിന്നുമായിരുന്നു പുരസ്‌ക്കാര പ്രഖ്യാപനം. ഇതിനിടെയാണ് നിര്‍മാതാവ് വേണു കുന്നപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാകുന്നത്.

ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌ക്കാര്‍ എന്‍ട്രിയായി മാറിയ 2018 എന്ന സിനിമക്ക് കാര്യമായി പുരസ്‌ക്കാരമൊന്നും ലഭിച്ചില്ല. കലാസംവിധായകനുള്ള പുരസ്‌ക്കാരം മോഹന്‍ദാസിന് ലഭിച്ചു എന്നതാണ് ഏറെ പ്രത്യേകത. ജനപ്രിയ സിനിമക്കുള്ള പുരസ്‌ക്കാരം ലഭ്യമാകാന്‍ ഈ സിനിമ അര്‍ഹമായിരുന്നു എന്ന വിലയിരുത്തലുകളുണ്ട്.

ഇതുമായി ചേര്‍ത്തുവെച്ചാണ് ചിത്രത്തിന്റെ നിര്‍മാതാവായ വേണു കുന്നപ്പള്ളിയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആ പോസ്റ്റ് ഇങ്ങനെയാണ്:

"എന്തിലുമേതിലും
വര്‍ഗീയതയും രാഷ്ട്രീയവും
മാത്രം കാണുന്ന
തമ്പ്രാക്കളുടെ പകയില്‍ ,
മോഹങ്ങള്‍ മോഹഭംഗങ്ങളായും, സ്വപ്നങ്ങള്‍ ദിവാസ്വപ്നങ്ങളായും പ്രതീക്ഷകള്‍ നഷ്ടബോധങ്ങളായും എരിഞ്ഞടങ്ങുമ്പോള്‍ ,
നിരാശയുടെ തേരിലേറി
വിധിയെ പഴിക്കാതെ ,
പകയേതുമില്ലാത്തവര്‍
വരുന്ന ആ
സുന്ദര പുലരിക്കായി കാത്തിരിക്കാമെന്നല്ലാതെ
എന്തു പറയാന്‍……
(അല്ല പിന്നെ)"

മികച്ച രാജ്യാന്തര സിനിമാവിഭാഗത്തില്‍ 2024 ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു 2018. കേരളീയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത 2018 എന്ന വര്‍ഷവും പ്രളയമെന്ന മഹാമാരിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു നേര്‍ക്കാഴ്ചയെന്നോണം അവതരിപ്പിച്ച ഈ ചിത്രത്തില്‍ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ദൃശ്യാവിഷ്‌ക്കരിച്ചിരുന്നത്. എന്നാല്‍ കേരള സര്‍ക്കാറിനെ വിമര്‍ശിക്കുന്ന വിധത്തിലുള്ള രംഗങ്ങളും 2018 സിനിമഇല്‍ ഉണ്ടായിരുന്നു. ഇതായിരിക്കാം ഇക്കുറി സിനിമ പുരസ്‌ക്കാരത്തില്‍ നിന്നും ജൂഡ് ആന്തണി ചിത്രത്തെ ഒഴിവാക്കാന്‍ കാരണമെന്ന വിലയിരുത്തലുകളുമുണ്ട്.

30 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്‌സ്ഓഫീസില്‍ 200 കോടി സ്വന്തമാക്കി, പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടുകയും ചെയ്തു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിത കോശി തുടങ്ങി മലയാളത്തിലെ മുന്‍നിരതാരങ്ങള്‍ സിനിമയില്‍ അണിനിരന്നിരുന്നു.