- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രപതിയെ നിയന്ത്രിക്കാനും സമയപരിധി നിശ്ചയിക്കാനും ജുഡീഷ്യറിക്ക് അധികാരമില്ല; 142ാം അനുച്ഛേദം ജനാധിപത്യ ശക്തികള്‍ക്കെതിരായ ആണവ മിസൈലായി മാറിയിരിക്കുന്നു; ജഡ്ജി ഭരണഘടന മറന്നു; ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലെ വിശ്വാസം നഷ്ടമാകുന്ന സാഹചര്യമുണ്ടെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍
ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലെ വിശ്വാസം നഷ്ടമാകുന്ന സാഹചര്യമുണ്ടെന്ന് ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: ജുഡീഷ്യറിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍കര്‍. കോടതിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് കുറഞ്ഞുവരുന്നതായി ഉപരാഷ്ട്രപതി കുറ്റപ്പെടുത്തി. രാഷ്ട്രപതിയെ നിയന്ത്രിക്കാനും സമയപരിധി നിശ്ചയിക്കാനും ജുഡീഷ്യറിക്ക് അധികാരമില്ലെന്ന് ജഗ്ദീപ് ധന്‍കര്‍ വ്യക്തമാക്കി. കോടതികള്‍ രാഷ്ട്രപതിയെ നയിക്കുന്ന ഒരു സാഹചര്യം ജനാധിപത്യത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ധന്‍കര്‍ പ്രസ്താവിച്ചു. നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളിന്മേല്‍ നടപടിയെടുക്കുന്നതില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് പ്രതികരണം. രാജ്യസഭാ ഇന്റേണുകളുടെ ആറാം ബാച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എങ്ങോട്ടാണ് പോകുന്നതെന്നും രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും ജഗ്ധീപ് ധന്‍കര്‍ ചോദിച്ചു. ഭരണഘടനയെ വ്യാഖ്യാനിക്കുക മാത്രമാണ് കോടതിയുടെ ഉത്തരവാദിത്തം. രാഷ്ട്രപതിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജി ഭരണഘടന മറന്നു. ആര്‍ട്ടിക്കിള്‍ 142 ജനാധിപത്യത്തിനെതിരായ 'ആണവ മിസൈലാ'യി എന്നും ധന്‍കര്‍ വിമര്‍ശിച്ചു.
ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലെ വിശ്വാസം നഷ്ടമാകുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഡല്‍ഹിയില്‍ കഴിഞ്ഞ മാര്‍ച്ച് 14, 15 ദിവസങ്ങളില്‍ ജഡ്ജിയുടെ വസതിയില്‍ എന്താണ് സംഭവിച്ചതെന്ന് ഇനിയും ആര്‍ക്കും അറിയില്ല. ജസ്റ്റിസ് വര്‍മ്മയുടെ വസതിയില്‍ തീ അണയ്ക്കാന്‍ അഗ്‌നിശമന സേന നടത്തിയ ഓപ്പറേഷനില്‍ പണം കണ്ടെടുത്തതിനുശേഷവും അദ്ദേഹത്തിനെതിരെ ഒരു എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. രാജ്യത്തെ ആര്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്യാം, എന്നാല്‍ ഒരു ജഡ്ജിക്കെതിരെ കേസെടുക്കണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണെന്ന സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഈ രാജ്യത്ത് ആര്‍ക്കും, നിങ്ങളുടെ മുമ്പിലുള്ളയാള്‍ ഉള്‍പ്പെടെ ഏതൊരു ഭരണഘടനാ ഉദ്യോഗസ്ഥനെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. എന്നാല്‍ ജഡ്ജിമാരാണെങ്കില്‍, എഫ്ഐആര്‍ ഉടനടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. ജുഡീഷ്യറിയിലെ ബന്ധപ്പെട്ടവര്‍ അത് അംഗീകരിക്കേണ്ടതുണ്ട്. പക്ഷേ ഭരണഘടനയില്‍ അത് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയാണ് രാജ്യത്തെ പരമോന്നത പദവിയിലുള്ള വ്യക്തി. ഈയടുത്ത് പുറപ്പെടുവിക്കപ്പെട്ട ഒരു വിധിയില്‍ രാഷ്ട്രപതിയോടായി ഒരു കാര്യം നിര്‍ദേശിക്കപ്പെട്ടിരിക്കുകയാണ്. നമ്മള്‍ എവിടേക്കാണ് പോകുന്നത്?- ബില്ലുകള്‍ പാസാക്കുന്നതിന് സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ സൂചിപ്പിച്ചുകൊണ്ട് ധന്‍കര്‍ പറഞ്ഞു. രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? റിവ്യൂ ഫയല്‍ ചെയ്യണോ വേണ്ടയോ എന്നതല്ല ഇവിടുത്തെ ചോദ്യം. സമയബന്ധിതമായി തീരുമാനമെടുക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ അത് നിയമമായി മാറുന്നു. നിയമ നിര്‍മ്മാണങ്ങള്‍ നടത്തുന്ന, എക്‌സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്ന 'സൂപ്പര്‍ പാര്‍ലമെന്റ്' ആയി പ്രവര്‍ത്തിക്കുന്ന ജഡ്ജിമാര്‍ നമുക്കുണ്ട്, ധന്‍കര്‍ വിമര്‍ശിച്ചു.
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വര്‍മയുടെ വീട്ടില്‍നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയ സംഭവത്തിലും ധന്‍കര്‍ ജുഡീഷ്യറിക്കെതിരേ വിമര്‍ശനം ഉന്നയിച്ചു. സംഭവത്തില്‍ സുപ്രീം കോടതി മൂന്നംഗ ജഡ്ജിമാരുടെ സമിതിയെ നിയമിച്ചിരുന്നു. ഇത്തരത്തില്‍ ഒരു അന്വേഷണം ജുഡീഷ്യറിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനത്തിലാണോ ഈ സമിതി രൂപീകരിച്ചത്. അതല്ല പാര്‍ലമെന്റ് പാസാക്കിയ ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലോ ഇതെന്നും ജഗദീപ് ധന്‍കര്‍ ചോദിച്ചു.
ഒരുമാസമായി അന്വേഷണം നടക്കുന്നു. ഈ സമിതിക്ക് എന്ത് നിയമസാധുതയാണുള്ളത്. ഈ സമിതി റിപ്പോര്‍ട്ട് നിയമപരമല്ല. ജഡ്ജിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാര്‍ച്ച് 14നും 15നും ഇടയിലുള്ള രാത്രിയില്‍ നടന്ന സംഭവം പുറത്തറിഞ്ഞത് ഏഴ് ദിവസത്തിന് ശേഷമാണ്. ഒളിപ്പിച്ചുവെച്ച വിവരങ്ങള്‍ പൂര്‍ണ്ണമായും പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാര്‍ക്കെതിരേ കേസെടുക്കണമെങ്കില്‍ ജുഡീഷ്യറിയുടെ അനുമതി വേണമെന്നത് ഭരണഘടനയില്‍ ഒരിടത്തുമില്ലാത്ത നിര്‍വചനമാണെന്നും അദ്ദേഹം പറഞ്ഞു. പണം കണ്ടെത്തിയ ശേഷ് ജഡ്ജിക്കെതിരേ ഒരു എഫ്ഐആര്‍ പോലും ഫയല്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ അനിശ്ചിതമായി തടഞ്ഞുവയ്ക്കരുതെന്നതിനെതിരെയുള്ള സുപ്രീം കോടതി വിധിയിലാണ് രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ചത്. പുനഃപരിശോധനയ്ക്കുശേഷം നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. 10 ബില്ലുകള്‍ രാഷ്ട്രപതിക്കയച്ചത് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് കോടതി പ്രഖ്യാപിച്ചിരുന്നു. ബില്ലുകളില്‍ ഗവര്‍ണര്‍ക്കുമുന്നില്‍ മുന്നുസാധ്യതകളാണുള്ളത്. അംഗീകാരം നല്‍കാം, അംഗീകാരം നല്‍കാതെ തടഞ്ഞുവെയ്ക്കാം, രാഷ്ട്രപതിക്ക് കൈമാറാം. ഇതിലൊന്നുചെയ്ത ശേഷം രാഷ്ട്രപതിക്ക് ബില്‍ കൈമാറാനാവില്ലെന്നുമായിരുന്നു സുപ്രീം കോടതി വിധിയില്‍ പറഞ്ഞിരുന്നത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ല. മന്ത്രിസഭയുടെ ഉപദേശാനുസരണമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണ്ണര്‍ക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാനാവില്ല. ബില്ലുകള്‍ വീറ്റോ ചെയ്യുന്നതിന് ഭരണഘടന അനുവദിക്കുന്നില്ലെന്ന് പറഞ്ഞ കോടതി ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ കൃത്യമായ സമയ പരിധിയും നിശ്ചയിക്കുകയായിരുന്നു. ബില്‍ തടഞ്ഞുവയ്ക്കണോ രാഷ്ട്രപതിക്ക് അയക്കണമോയെന്ന് ഒരു മാസത്തിനുള്ളില്‍ തീരുമാനിക്കണം. ബില്‍ തടഞ്ഞുവച്ചാല്‍ മൂന്നു മാസത്തിനുള്ളില്‍ തിരിച്ചയയ്ക്കണം. നിയമസഭ വീണ്ടും ഇതേ ബില്‍ പാസാക്കി അയച്ചാല്‍ ഒരു മാസത്തിനുള്ളില്‍ അനുമതി നല്‍കണം എന്നിങ്ങനെയാണ് സമയ പരിധി.
(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)