- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സത്യത്തില്‍ ഏത് പാട്ടിനാണെന്ന് മനസിലായില്ല': പാട്ടുകാരനായെത്തി സംഗീത സംവിധായകനായി പാട്ടുകാരനുള്ള പുരസ്‌കാരം; വിദ്യാധരന്‍ മാസ്റ്ററെ അംഗീകരിക്കുമ്പോള്‍
തിരുവനന്തപുരം: ഒരുപക്ഷെ നിഷ്‌കളങ്കതയുടെ ഏറ്റവും വലിയ ഉദാഹരണം..അങ്ങിനെ വിശേഷിപ്പിക്കാം ജീവിതത്തിലാദ്യമായി സംസ്ഥാന പുരസ്‌കാരം നേടിയപ്പോഴുള്ള മലയാളിയുടെ സ്വന്തം വിദ്യാധരന്‍ മാസ്റ്ററുടെ പ്രതികരണത്തെ..സത്യം പറഞ്ഞാല്‍ ഏത് പാട്ടിനാണ് കിട്ടിയതെന്ന് പോലും എനിക്ക് അറിയില്ല… കുറെക്കാലമായി ആഗ്രഹിക്കുന്നതാണ്.. ഇതായിരുന്നു മാസ്റ്ററുടെ പ്രതികരണം. മലയാളിക്ക് വിദ്യാധരന്‍ മാസ്റ്റര്‍ അപരിചതനല്ല..പക്ഷെ 79 വയസ്സുള്ള വിദ്യാധരന്‍ മാസ്റ്റര്‍ സംസ്ഥാന പുരസ്‌കാര വേദിയില്‍ പുതുമുഖമാണ്. പാട്ടുകാരനായി വന്ന് സംഗീത സംവിധായകനായി വീണ്ടും പാട്ടുകാരനായി ആദരമേറ്റുവാങ്ങുകയാണ് മാഷ്. സംഗീത സംവിധായകന്‍ എന്ന നിലയില്‍ നാല് പതിറ്റാണ്ടും ഗായകനെന്ന […]
തിരുവനന്തപുരം: ഒരുപക്ഷെ നിഷ്‌കളങ്കതയുടെ ഏറ്റവും വലിയ ഉദാഹരണം..അങ്ങിനെ വിശേഷിപ്പിക്കാം ജീവിതത്തിലാദ്യമായി സംസ്ഥാന പുരസ്‌കാരം നേടിയപ്പോഴുള്ള മലയാളിയുടെ സ്വന്തം വിദ്യാധരന്‍ മാസ്റ്ററുടെ പ്രതികരണത്തെ..സത്യം പറഞ്ഞാല്‍ ഏത് പാട്ടിനാണ് കിട്ടിയതെന്ന് പോലും എനിക്ക് അറിയില്ല… കുറെക്കാലമായി ആഗ്രഹിക്കുന്നതാണ്.. ഇതായിരുന്നു മാസ്റ്ററുടെ പ്രതികരണം. മലയാളിക്ക് വിദ്യാധരന്‍ മാസ്റ്റര്‍ അപരിചതനല്ല..പക്ഷെ 79 വയസ്സുള്ള വിദ്യാധരന്‍ മാസ്റ്റര്‍ സംസ്ഥാന പുരസ്‌കാര വേദിയില്‍ പുതുമുഖമാണ്.
പാട്ടുകാരനായി വന്ന് സംഗീത സംവിധായകനായി വീണ്ടും പാട്ടുകാരനായി ആദരമേറ്റുവാങ്ങുകയാണ് മാഷ്. സംഗീത സംവിധായകന്‍ എന്ന നിലയില്‍ നാല് പതിറ്റാണ്ടും ഗായകനെന്ന നിലയില്‍ ആറ് പതിറ്റാണ്ടും പൂര്‍ത്തിയാകുന്ന വേളയിലാണ് പുരസ്‌കാരലബ്ധി. മാഷ് പാടിയ പാട്ടുകളേക്കാള്‍ മലയാളി നെഞ്ചേറ്റിയത് മാഷ് സംഗീതം പകര്‍ന്ന പാട്ടുകളായിരുന്നു. പക്ഷെ പാട്ടുകാരനാവാന്‍ മോഹിച്ച മാഷിനെ ഒടുവില്‍ പാട്ടുകാരനായി തന്നെ അംഗീകരിക്കുകയാണ്
പാട്ടുകാരനാവാന്‍ വീടുവിട്ടു.. സംഗീത സംവിധായകനായി
തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴ മംഗളാലയത്തില്‍ ശങ്കരന്‍, തങ്കമ്മ എന്നിവരുടെ ഏഴു മക്കളില്‍ മൂത്തവനായാണ് വിദ്യാധരന്‍ മാസ്റ്റര്‍ ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ മാസ്റ്റര്‍ സംഗീതം അഭ്യസിച്ച് തുടങ്ങിയിരുന്നു. ഹാര്‍മോണിയവുമായി വീടുകള്‍ തോറും സംഗീതം പഠിപ്പിച്ചിരുന്ന മുത്തച്ഛന്‍ കൊച്ചക്കന്‍ ആശാനാണ് സംഗീതത്തിലെ ആദ്യഗുരു. ഇരിഞ്ഞാലക്കുട ഗോവിന്ദന്‍കുട്ടി പണിക്കര്‍, ആര്‍ വൈദ്യനാഥ ഭാഗവതര്‍, ശങ്കരനാരായണ ഭാഗവതര്‍ എന്നിവരില്‍ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു.
സംഗീതത്തോടുള്ള അതിയായ ആവേശം മൂലം പാട്ടുകാരനാവാന്‍ ചെറുപ്പത്തിലേ വീടുവിട്ടു.സിനിമാ ഗായകന്‍ എന്ന മോഹവുമായി എത്തിയത് ചെന്നൈയിലും.1965ല്‍ പുറത്തിറങ്ങിയ 'ഓടയില്‍ നിന്ന്' എന്ന ചിത്രത്തിലെ 'ഓ റിക്ഷാവാല' എന്ന പാട്ടിന് മെഹ്ബൂബിനൊപ്പം കോറസ് പാടിയാണ് വിദ്യാധരന്‍ മാസ്റ്റര്‍ സിനിമാലോകത്തേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ വിദ്യാധരന്‍ മാസ്റ്ററില്‍ ഭാവി കണ്ട ദേവരാജന്‍ മാസ്റ്റര്‍ കൂടുതല്‍ പഠനത്തിനായി അദ്ദേഹത്തെ നാട്ടിലേക്ക് തിരിച്ചയച്ചു. ദേവരാജന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാധരന്‍ നാട്ടിലെത്തി തന്റെ പഠനം തുടര്‍ന്നു.ഇക്കാലയളവില്‍ സ്റ്റേജ് നാടകങ്ങള്‍ക്കു വേണ്ടിയും പാടിത്തുടങ്ങി.
എന്നാല്‍ വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതസംവിധായകനാകുന്നത് ബലിയാടുകള്‍ എന്ന നാടകത്തില്‍ മോഹങ്ങള്‍ ഞെട്ടറ്റുവീഴുന്ന ഊഷ്മളഭൂമി എന്ന ഗാനത്തോടെയാണ്.1984ല്‍ ശ്രീമുലനഗരം വിജയന്റെ എന്റെ ഗ്രാമം എന്ന ചിത്രത്തിലൂടെ സിനിമാ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചു.രണ്ടാമത്തെ ചലച്ചിത്രം ജേസി സംവിധാനം ചെയ്ത ആഗമനം എന്ന ചിത്രമായിരുന്നു.തുടര്‍ന്നങ്ങോട്ട് സംഗീതസംവിധാനവും ഇടയ്ക്ക് ആലാപനവുമായി മാസ്റ്റര്‍ തന്റെ സംഗീത ജീവിതം തുടര്‍ന്നു.ഈ കാലയളില്‍ 400 ലേറെ ആല്‍ബങ്ങളും മാഷുടേതായി പുറത്തിറങ്ങി.
2004ല്‍ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരവും 2017-ല്‍ ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി ഏര്‍പ്പെടുത്തിയ ജി. ദേവരാജന്‍ മാസ്റ്റര്‍ അവാര്‍ഡും മാസ്റ്റര്‍ നേടിയിട്ടുണ്ട്. മുംബൈയിലെ സാംസ്‌കാരിക സംഘടനയായ കേളി ഏര്‍പ്പെടുത്തിയ സുധാംശു പുരസ്‌കാരവും അദ്ദേഹത്തെ തേടിയേത്തി.
മലയാളി നെഞ്ചേറ്റിയ വിദ്യാധരന്‍ മാസ്റ്ററുടെ ഈണങ്ങളും ഗാനങ്ങളും
ആറുപതിറ്റാണ്ടിലേറെ നീളുന്ന സംഗീത സപര്യയില്‍ നാലായിരത്തിലേറെ പാട്ടുകളാണ് വിദ്യാധരന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് ആരാധകര്‍ ഏറെയുണ്ട്.കല്‍പ്പാന്തകാലത്തോളം, കാതരേനീയെന്മുന്നില്‍, കല്‍ഹാരഹാരവുമായി… എന്ന ഗാനം ഒരിക്കലെങ്കിലും പാടാത്ത മലയാളിയുണ്ടാവില്ല.ഗാനഗന്ധര്‍വന്റെ ശബ്ദമാധുര്യത്തില്‍ കേള്‍ക്കുന്ന ഈ ഗാനത്തിന്റെ ഈണത്തിനുടമ വിദ്യാധരന്‍ മാസ്റ്ററാണ്. എല്ലാ വാക്കുകളും 'ക' കൊണ്ട് ആരംഭിക്കണം എന്ന നിര്‍ബന്ധത്തില്‍ ശ്രീമൂലനഗരം വിജയന്‍ കുറിച്ച വരികള്‍ക്ക് ഇണങ്ങുന്ന ഈണം ചമച്ചത് വിദ്യാധരന്‍ മാസ്റ്റര്‍ ആണ്.'എന്റെ ഗ്രാമം' എന്ന സിനിമയില്‍ നിന്നുമുള്ള കാലാതീതമായ ഗാനം, അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്ര ഗാനമായിരുന്നു.
ഒ.എന്‍.വി. കുറുപ്പ്, എസ്. രമേശന്‍ നായര്‍, പി. ഭാസ്‌കരന്‍ എന്നിവരുടെ വരികള്‍ക്ക് എപ്പോഴെല്ലാം വിദ്യാധരന്‍ മാസ്റ്റര്‍ ഈണം നല്‍കിയോ അപ്പോഴെല്ലാം മലയാള സിനിമയ്ക്ക് പിറന്നത് ഒന്നിലേറെ ഹിറ്റുകള്‍.വീണ പൂവിലെ 'നഷ്ടസ്വര്‍ഗങ്ങളേ…', അച്ചുവേട്ടന്റെ വീട്ടിലെ 'ചന്ദനം മണക്കുന്ന പൂന്തോട്ടം…', കാണാന്‍ കൊതിച്ചു എന്ന സിനിമയിലെ 'സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം' തുടങ്ങിയ ഗാനങ്ങള്‍ ഉദാഹരണം.പഞ്ചാരിമേളം, പാണ്ടിമേളം, കൊയ്ത്തുപാട്ടുകള്‍, വള്ളംകളിപ്പാട്ടുകള്‍, ചക്രംചവിട്ടുപാട്ടുകള്‍, തേക്കുപാട്ടുകള്‍, പുള്ളുവന്‍പാട്ടുകള്‍, തുയിലുണര്‍ത്തുപാട്ടുകള്‍ എന്നിവയുടെ ശീലുകള്‍ വിദ്യാധരന്‍ മാസ്റ്ററിലൂടെ മലയാള സിനിമയിലും, അതിലൂടെ ശ്രോതാക്കളിലേക്കും എത്തിച്ചേര്‍ന്നു.
ദക്ഷിണാമൂര്‍ത്തി സ്വാമി, ബാലമുരളീകൃഷ്ണ, കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാര്‍ എന്നിങ്ങനെ സംഗീത ലോകത്തെ പ്രഗത്ഭ ഗായകര്‍ പലരും മാസ്റ്റര്‍ക്കായി പാടിയിട്ടുണ്ട്.മാഷ് പുരസ്‌കാരങ്ങളെക്കുറിച്ച് സങ്കടത്തോടെ പറഞ്ഞത് ഇങ്ങനെ..
എന്റെ പാട്ടുകള്‍ പാടിയതിന് യേശുദാസിനും ചിത്രയ്ക്കും ഒഎന്‍വി സാറിനുമൊക്കെ പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. പക്ഷേ എനിക്കു മാത്രമില്ല.സമീപകാലാത്ത് സംഗീതം ചെയ്യുന്നതിനപ്പുറം പാട്ടുകള്‍ പാടാനാണ് മാസ്റ്ററെ വിളിക്കുന്നത്.പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ സംഗീതസംവിധായകര്‍ ആവശ്യപ്പെടുന്ന ഫീല്‍ നല്‍കി പാടാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുവെന്നും പിന്നണി പാടുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി മുമ്പൊരിക്കല്‍ വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞിട്ടുണ്ട്.
കഥാവശേഷനിലെ കണ്ണുനട്ട് കാത്തിരുന്നിട്ടും, തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ എന്ത് വിധിയിത്, മഹാവിര്യറിലെ രാധെ രാധെ തുടങ്ങിയ
ഗാനങ്ങള്‍ സമീപകാലത്ത് നല്ലരീതിയില്‍ സ്വീകരിക്കപ്പെട്ടു. വിദ്യാധരന്‍ മാസ്റ്ററിനെ അവാര്‍ഡിന് അര്‍ഹനാക്കിയ ജനനം 1947; പ്രണയം തുടരുന്നു എന്ന സിനിമ സംവിധാനം ചെയ്തത് അഭിജിത്ത് അശോകനാണ്.
നിത്യഹരിതങ്ങളായി നില്‍ക്കുന്ന അനവധി ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് വിദ്യാധരന്‍മാസ്റ്റര്‍. അതുകൊണ്ട് തന്നെ വൈകിയാണെങ്കിലും അദ്ദേഹത്തെ തേടിയെത്തിയ അംഗീകാരത്തില്‍ സംഗീതപ്രേമികളും സന്തോഷത്തിലാണ്. സംഗീത സംവിധാനത്തില്‍ ഓരോരുത്തരും അവരവരുടേതായ ശൈലി രൂപപ്പെടുത്തണം എന്ന പക്ഷക്കാരനാണ് വിദ്യാധരന്‍ മാസ്റ്റര്‍.