- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തിനാണ് ഒരു നടനെ കാണാന്‍ ആളുകള്‍ അഞ്ചും ആറും മണിക്കൂര്‍ കാത്തിരിക്കുന്നത്; നാമക്കലില്‍ രാവിലെ 8.45ന് യോഗം നടക്കുമെന്നാണ് പറഞ്ഞത്; എന്നാല്‍ ഈ മാന്യന്‍ 8.45നുള്ള വിമാനത്തിലാണ് പുറപ്പെട്ടതു തന്നെ; കരൂരില്‍ എത്തിയത് ഏഴ് മണിക്കൂര്‍ വൈകിയും; കരൂരിലേത് സൃഷ്ടിക്കപ്പെട്ട ദുരന്തമോ? വിജയിനെ അറസ്റ്റു ചെയ്യുമോ?
ചെന്നൈ: കരൂര്‍ ദുരന്തത്തിനു പിന്നാലെ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്യുടെ അറസ്റ്റാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തം. കരൂരിലെ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 39 പേര്‍ മരിച്ച ദുരന്തം വിജയ് ഉണ്ടാക്കിയെന്നതാണ് ആരോപണം. ദുരത്തിന് പിന്നാലെ ഒന്നും മിണ്ടാതെ വിജയ് ചെന്നൈയ്ക്ക് മടങ്ങുകയായിരുന്നു. ട്രിച്ചി വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടും അദ്ദേഹം പ്രതികരിച്ചില്ല. ഇതിനു പിന്നാലെ വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളും സമൂഹമാധ്യമങ്ങളിലും ആവശ്യം ശക്തമാകുകയായിരുന്നു. ചെന്നൈയിലെത്തിയ വിജയ് സംഭവത്തില്‍ പ്രതികരിച്ചു. ഹൃദയം തകര്‍ന്നുവെന്നായിരുന്നു പ്രതികരണം. സുരക്ഷാ മാനദണ്ഡങ്ങളുടെ അഭാവമാണ് ദുരന്തമായത്. 10000 പേര്‍ക്ക് പങ്കെടുക്കുന്ന പരിപാടിക്കാണ് അനുമതി തേടിയത്. എന്നാല്‍ അവിടെ എത്തിയത് ജനസാഗരമായി.
അപകടം സംഭവിച്ചയുടന്‍ ഒന്നും പ്രതികരിക്കാതെ വിജയ് ട്രിച്ചി വഴി ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. തമിഴ് സൂപ്പര്‍ താരം ഇളയ ദളപതി വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) കരൂരില്‍ സംഘടിപ്പിച്ച റാലിയിലാണ് അപകടം നടന്നത്. തിക്കിലും തിരക്കിലുംപെട്ട് ആറ് കുട്ടികളും16 സ്ത്രീകളും ഉള്‍പ്പെടെ 36പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളില്‍നിന്നുള്ള വിവരം. 58 പേര്‍ പരുക്കുകളോടെ ആശുപത്രികളിലാണ്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും കുട്ടികളും കുഴഞ്ഞു വീണവരില്‍ ഉള്‍പ്പെടുന്നു. ജനബാഹുല്യം മൂലം ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യവുമുണ്ടായി. അപകടത്തെ തുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച് ജനങ്ങളോട് സംയമനം പാലിക്കാനും ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കാനും മൈക്കിലൂടെ അഭ്യര്‍ഥിച്ചു. പക്ഷേ അതൊന്നും ദുരന്തം ഒഴിവാക്കിയില്ല.
സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. റാലിക്കായി വിവിധയിടങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. തിക്കും തിരക്കുമേറിയതോടെയാണ് ദുരന്തമുണ്ടായത്. കുഴഞ്ഞുവീണവരെ കരൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ദുരന്ത സ്ഥലത്ത് നിന്നും ആളുകളെ മാറ്റാന്‍ പോലും തിക്കും തിരക്കും കാരണം കഴിഞ്ഞില്ല. 12 മണിക്ക് പരിപാടി നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. അപ്പോള്‍ മുതല്‍ ആളുകളെത്തി. പക്ഷേ യോഗം തുടങ്ങിയത് ഏഴ് മണിക്കൂര്‍ കഴിഞ്ഞും. രാവിലെ മുതല്‍ എത്തിയവര്‍ വെള്ളവും ഭക്ഷണവും ഒഴിവാക്കി വിജയെ കാത്തിരുന്നു. ചെറിയ തിക്കും തിരക്കും വലിയ ദുരന്തമാകുന്ന അവസ്ഥ അവിടെ വൈകിട്ടോടെ സൃഷ്ടിക്കപ്പെട്ടു. ഇതിനെല്ലാം കാരണം വിജയുടെ പാര്‍ട്ടിയ്ക്കുണ്ടായ പിഴവാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. വിജയ് എത്താന്‍ മനപ്പൂര്‍വ്വം വൈകിയെന്നാണ് ആരോപണം.
വിജയ് ഉച്ചയ്ക്ക് 12 മണിയ്ക്ക് എത്തുമെന്ന് പറഞ്ഞിട്ടും അദ്ദേഹം വൈകിയതാണ് ഈ ദുരന്തത്തിനു കാരണമെന്നാണ് ഒരാള്‍ എക്‌സില്‍ കുറിച്ചത്. പൊലീസേ, വിഡ്ഢിത്തം നിര്‍ത്തൂ, വിജയ്യെ അറസ്റ്റ് ചെയ്യൂ എന്നാണ് മറ്റൊരാള്‍ കുറിച്ചത്. 10,000 പേര്‍ മാത്രമാണ് റാലിക്കെത്തുക എന്നാണ് ടിവികെയുടെ സംഘാടകര്‍ പറഞ്ഞതെന്നും എന്നാല്‍ ഒരു ലക്ഷത്തോളം പേരാണ് ഇവിടെയെത്തിയതെന്നും ഡിഎംകെ വക്താവ് സേലം ധരണീധരന്‍ ആരോപിച്ചു. സിനിമയും ജീവിതവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണമെന്നും ഓരോ ജീവനും നഷ്ടപ്പെട്ടതിനു കാരണക്കാരന്‍ വിജയ് ആണെന്നും അദ്ദേഹം ആരോപിച്ചു.
'എന്തിനാണ് ഒരു നടനെ കാണാന്‍ ആളുകള്‍ അഞ്ചും ആറും മണിക്കൂര്‍ കാത്തിരിക്കുന്നത്. നാമക്കലില്‍ രാവിലെ 8.45ന് യോഗം നടക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ ഈ മാന്യന്‍ 8.45നുള്ള വിമാനത്തിലാണ് പുറപ്പെട്ടതു തന്നെ. നാമക്കലില്‍ 4 മണിക്കൂര്‍ വൈകിയാണെത്തിയത്. കൊടുംവെയിലത്ത് മണിക്കൂറുകളോളം അയാളുടെ വരവും കാത്തുനിന്നതിനാലാണ് ആളുകള്‍ കുഴഞ്ഞുവീണത്. ദുരന്തമുണ്ടായപ്പോള്‍ വിജയ് ഒളിച്ചോടുകയാണ് ചെയ്തത്'ധരണീധരന്‍ പറഞ്ഞു.
അതേസമയം, വിജയ്യെ പിന്തുണച്ച് 'ഞാന്‍ വിജയ്‌ക്കൊപ്പം' എന്ന ഹാഷ്ടാഗുമായി മറ്റൊരു വിഭാഗവും പ്രചരണം തുടങ്ങിയിട്ടുണ്ട്. ഡിഎംകെയും ബിജെപിയും വിജയ്യെ വേട്ടയാടുകയാണെന്നാണ് ഇവരുടെ വാദം.