കരൂര്‍: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 41 ആയി. ചികിത്സയിലായിരുന്ന സുഗുണ (65) ആണ് മരിച്ചത്. കരൂരിലേക്ക് പോകാന്‍ വിജയ് അനുമതി തേടിയെങ്കിലും പൊലീസ് നിഷേധിച്ചു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും പുരോഗമിക്കുകയാണ്. തമിഴക വെട്രി കഴകത്തിന്റെ ജനറല്‍ സെക്രട്ടറി എന്‍.ആനന്ദിനും കരൂര്‍ ജില്ലാ ഭാരവാഹികള്‍ക്കുമെതിരെ മനഃപൂര്‍വമായ നരഹത്യാശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. തല്‍കാലം ആരേയും അറസ്റ്റു ചെയ്യില്ല. വിജയിയെ പ്രതിയാക്കുന്നതും പരിഗണനയിലുണ്ട്. കോടതി തീരുമാനങ്ങള്‍ അനുസരിച്ചാകും അന്തിമ നിലപാടുകള്‍ എടുക്കുക. വിജയ് ചെന്നൈയിലെ വീട്ടില്‍ തുടരുകയാണ്. ആസൂത്രിത അട്ടിമറിയാണ് നടന്നതെന്നു വിജയ്യും അശ്രദ്ധ മൂലമുള്ള മനുഷ്യനിര്‍മിത ദുരന്തമെന്നു മറുപക്ഷവും ആരോപിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തെ തള്ളി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചു. കോടതി തീരുമാനം വരുംവരെ ജില്ലാ പര്യടനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.

അതിനിടെ പൊതുപരിപാടികളില്‍ നേതാക്കള്‍ സമയകൃത്യത പാലിക്കണമെന്ന് മന്ത്രി ഉദയനിധി സ്റ്റാലിന്‍ ആവശ്യപ്പെട്ടു. വിജയ്യെ കാത്ത് ജനങ്ങള്‍ നിന്നത് എട്ടുമണിക്കൂറിലേറെയാണ്. നേതാക്കള്‍ ഒരിക്കലും ജനങ്ങളോടുള്ള ഉത്തരവാദിത്വം മറക്കരുത്. സമയം എല്ലാവര്‍ക്കും വിലപ്പെട്ടതാണ്. പൊതുയോഗങ്ങളില്‍ ജനങ്ങളെ നിയന്ത്രിക്കേണ്ടത് രണ്ടാം നിര നേതാക്കളാണ്. അതിനവര്‍ക്ക് കരുത്തുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സമ്മേളനങ്ങള്‍ സമാധാനപരമായി അവസാനിപ്പിക്കേണ്ടത് പാര്‍ട്ടിയുടെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൂട്ടുത്തരവാദിത്തമാണ്. മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനായി ഏഴ് മന്ത്രിമാര്‍ വന്നിരുന്നു. ഇത്തരത്തിലുള്ള ഒരു സംഭവം നടക്കുമ്പോള്‍ ജനങ്ങള്‍ സംയമനം പാലിക്കണം. മരിച്ചവരുടെ ബന്ധുക്കളോടും പരിക്കേറ്റവരോടും സഹാനുഭൂതിയോടെ പെരുമാറണം. തമിഴ് വെട്രി കഴകത്തിന്റെ യോഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടി തമിഴ് വെട്രി കഴകത്തിന്റെ നേതാവ് വിജയ്യാണ് നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വിജയ് 20 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്കു 2 ലക്ഷം രൂപ നല്‍കും. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 2 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞദിവസം യഥാക്രമം 10 ലക്ഷം രൂപയും ഒരു ലക്ഷം രൂപയും വീതം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി മൊത്തം ഒരു കോടി രൂപ നല്‍കുമെന്നു കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ബിജെപിയും പ്രഖ്യാപിച്ചു. വിജയ്‌യുടെ വസതിക്ക് ബോംബ് ഭീഷണിയുമുണ്ട്. ചെന്നൈയിലെ നീലാങ്കരൈയിലുള്ള വസതിക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇതോടെ സുരക്ഷ ശക്തമാക്കി. കരൂരിലെ റാലിയിലെ ദുരന്തത്തിനു പിന്നാലെ അന്ന് രാത്രി തന്നെ വിജയ് വീട്ടിലെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വീടിന് സുരക്ഷ ഏര്‍പ്പെടുത്തി. ഇന്നലെയാണ് ബോംബ് ഭീഷണി ലഭിച്ചത്. ചെന്നൈ സിറ്റി പൊലീസിനെയും സിആര്‍പിഎഫ് ഉദ്യോഗസ്ഥരെയും വീടിന് ചുറ്റും വിന്യസിച്ചു. ബോംബ് സ്‌ക്വാഡ് സ്‌നിഫര്‍ നായ്ക്കളെ എത്തിച്ച് പരിശോധന നടത്തി.

സംഘാടനത്തിലെ ഗുരുതര പിഴവാണ് വന്‍ ദുരന്തത്തിലേക്ക് നയിച്ചത്. ദുരന്തമുണ്ടായതിനുപിന്നാലെ സ്ഥലത്തുനിന്ന് മടങ്ങിയ വിജയ് ചാര്‍ട്ടേഡ് വിമാനത്തില്‍ അര്‍ധരാത്രി തന്നെ ചെന്നൈയിലെത്തി. സോഷ്യല്‍ മീഡിയയില്‍ അനുശോചന സന്ദേശവും നല്‍കി. വിജയ്‌യുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിജയ് രാഷ്ട്രീയം വിടണമെന്ന ചര്‍ച്ച പോലും സജീവമാണ്. കരുതലോടെ വിഷയങ്ങളില്‍ പ്രതികരിക്കാനാണ് വിജയുടെ തീരുമാനം.