മിഴ് സൂപ്പര്‍താരം വിജയ്യുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് പിന്നാലെ താരത്തിന്റെ വ്യക്തിജീവിതവും പൊതുജീവിതവും കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. സിനിമ പൂര്‍ണ്ണമായും ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്ന വിജയ്ക്ക് തിരിച്ചടികളുടെ പരമ്പരയാണ് നേരിടേണ്ടി വരുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 27 വര്‍ഷം നീണ്ട ദാമ്പത്യത്തിന് വിള്ളല്‍ വീഴ്ത്തിക്കൊണ്ട് ഭാര്യ സംഗീത സ്വര്‍ണ്ണലിംഗം സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയാണ്.

ലണ്ടനിലെ പ്രമുഖ വ്യവസായിയായ ശ്രീലങ്കന്‍ തമിഴ് വംശജന്‍ സ്വര്‍ണ്ണലിംഗത്തിന്റെ മകളാണ് സംഗീത. വിജയ്യുടെ കടുത്ത ആരാധികയായിരുന്ന സംഗീത 1996-ല്‍ പുറത്തിറങ്ങിയ 'പൂവേ ഉനക്കാഗ' എന്ന ചിത്രം കണ്ടാണ് താരത്തോട് പ്രണയത്തിലാകുന്നത്. ലണ്ടനില്‍ നിന്ന് താരത്തെ കാണാന്‍ ചെന്നൈയിലെത്തിയ സംഗീതയുമായുള്ള സൗഹൃദം പിന്നീട് വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. 1999 ഓഗസ്റ്റ് 25-നായിരുന്നു ഇവരുടെ വിവാഹം. ജേസണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.

വെറുമൊരു താരപത്‌നി എന്നതിലുപരി 400 കോടിയോളം രൂപയുടെ ആസ്തിയുള്ള സംഗീതയ്ക്ക് സിനിമാ മേഖലയിലും പുറത്തും വലിയ സ്വാധീനമുണ്ട്. അജിത്തിന്റെ ഭാര്യ ശാലിനി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇവരുടെ അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ 2021 മുതല്‍ വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണമാണ് സംഗീത കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. വിജയ്യുടെ വരുമാനത്തിന് അനുസൃതമായ ജീവനാംശവും നിലവില്‍ താമസിക്കുന്ന വീട്ടില്‍ തുടരാനുള്ള അവകാശവും അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 20-ന് കേസ് പരിഗണിക്കുമ്പോള്‍ വിജയ് നേരിട്ട് ഹാജരാകാന്‍ ചെങ്കല്‍പേട്ട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വ്യക്തിജീവിതത്തിലെ തര്‍ക്കങ്ങള്‍ക്ക് പുറമെ രാഷ്ട്രീയ റാലിക്കിടെ കരൂരിലുണ്ടായ അപകടത്തില്‍ 41 പേര്‍ മരിച്ച സംഭവവും വിജയ്യെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ കേസില്‍ സിബിഐ വിജയ്യെ ചോദ്യം ചെയ്തിരുന്നു. ഇതിനിടെ താരത്തിന്റെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജനനായകന്‍' സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് റിലീസ് പ്രതിസന്ധിയിലാവുകയും ചെയ്തു. രാഷ്ട്രീയ എതിരാളികള്‍ വിജയ്യുടെ വ്യക്തിജീവിതത്തിലെ വിവാദങ്ങള്‍ ആയുധമാക്കാന്‍ കാത്തിരിക്കെ, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഈ പ്രതിസന്ധികളെ താരം എങ്ങനെ മറികടക്കും എന്നാണ് തമിഴ്‌നാട് ഉറ്റുനോക്കുന്നത്.

വിജയ്ക്കൊപ്പം എന്നും സഞ്ചരിച്ച സംഗീത ഒരുഘട്ടമെത്തിയപ്പോള്‍ പൊതു ഇടങ്ങളില്‍നിന്ന് അപ്രത്യക്ഷമായിരുന്നു. എന്നാല്‍, സാധാരണ ഒരു സൂപ്പര്‍താരത്തിന്റെ ഭാര്യയെപ്പോലെ കേവലം വീട്ടമ്മയായി കഴിഞ്ഞ വ്യക്തിയായിരുന്നില്ല സംഗീത. വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചവള്‍ എന്ന് വിശേഷിപ്പിക്കപ്പെടാന്‍ മാത്രം യോഗ്യയായ ജീവിത പഞ്ചാത്തലമായിരുന്നു, വിജയ്യെ പരിചയപ്പെടുംമുമ്പ് തന്നെ സംഗീതയുടേത്. ഇപ്പോള്‍ 400 കോടി രൂപയുടെ ആസ്തി ഇവര്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വ്യത്യസ്ത മതങ്ങളില്‍പെട്ടവരായതിനാല്‍ 1954-ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. കൂടാതെ വിവാഹത്തിന് ഇരുമതങ്ങളിലേയും ആചാരപ്രകാരമുള്ള ചടങ്ങുകളുമുണ്ടായിരുന്നു.

കുടുംബ ബിസിനസ് നോക്കിനടത്തുന്ന സംഗീത ഏറെക്കാലമായി ലണ്ടനിലാണെന്നാണ് പറയപ്പെടുന്നത്. വിജയ്- സംഗീത ദമ്പതിമാര്‍ക്ക് രണ്ടുമക്കളാണുള്ളത്. ജേസണ്‍ സഞ്ജയ് വിജയ്യും ദിവ്യാ സാഷയും. സംഗീതയെപ്പോലെ തന്നെ മക്കളും ഏറെക്കാലമായി വെള്ളിവെളിച്ചത്തില്‍നിന്ന് അകന്നുള്ള ജീവിതമായിരുന്നു നയിച്ചത്. 2009-ല്‍ പുറത്തിറങ്ങിയ 'വേട്ടൈക്കാരന്‍' എന്ന ചിത്രത്തില്‍ ജേസണ്‍ വേഷമിട്ടിരുന്നു. 'തെരി' എന്ന ചിത്രത്തിലൂടെ സാഷയും അച്ഛനൊപ്പം അഭിനയിച്ചു. ബാഡ്മിന്റണ്‍ താരമാണ് ദിവ്യ. സന്ദീപ് കിഷനെ നായകനാക്കി ഒരുങ്ങുന്ന 'സിഗ്മ' എന്ന ചിത്രത്തിലൂടെ സംവിധാന അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ജേസണ്‍ സഞ്ജയ് വിജയ്.

വിജയ്യുടെ വരുമാനത്തിന് അനുസൃതമായി സ്ഥിരമായ ജീവനാംശം വേണമെന്ന ആവശ്യം സംഗീത വിവാഹമോചന ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. വിവാഹശേഷം വിജയ്‌ക്കൊപ്പം താമസിച്ച വീട്ടില്‍ തുടര്‍ന്നും താമസിക്കാനുള്ള അവകാശവും വേണമെന്നും സംഗീത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇത്തരമൊരു വിഷയമായതിനാലും ഉള്‍പ്പെട്ടത് പ്രമുഖവ്യക്തികളായതിനാലും സ്വകാര്യത സംരക്ഷിക്കാന്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ അടച്ചിട്ട കോടതിമുറിയില്‍ നടത്തണമെന്നും സംഗീത ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കാനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

സ്വന്തം പാര്‍ട്ടിയായ തമിഴക വെട്രി കഴക(ടി.വി.കെ.)ത്തെ അധികാരത്തിലെത്തിച്ച് മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യത്തോടെയാണ് വിജയ് രാഷ്ട്രീയ പടയൊരുക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം റാലികള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു. വാരാന്ത്യങ്ങളില്‍ നടത്തുന്ന റാലി കരൂരിലെത്തിയപ്പോള്‍ വലിയ ദുരന്തമാണ് കാത്തിരുന്നത്. റാലിയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ചു. ദുരന്തത്തെ കൈകാര്യംചെയ്ത രീതി താരത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തി. പൊങ്കല്‍ റിലീസായി തിയേറ്ററിലെത്തേണ്ടിയിരുന്ന ചിത്രം 'ജനനായകന്‍' പെട്ടിയിലായത്. താരത്തിന്റെ അവസാനചിത്രമെന്നാണ് 'ജനനായകന്‍' വിശേഷിപ്പിക്കപ്പെടുന്നത്.

ഇതിനിടെയാണ് താരത്തിന്റെ വ്യക്തിജീവിതവും പൊതുയിടത്തില്‍ ചര്‍ച്ചയാവുന്നത്. ചെങ്കല്‍പേട്ട് കോടതിയിലാണ് വിജയ്യുടെ പങ്കാളി സംഗീത സ്വര്‍ണ്ണലിംഗം വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. ഏപ്രില്‍ 20-ന് കോടതി കേസ് പരിഗണിക്കും. അന്ന് വിജയ്യോട് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് വിവരം.