ചെന്നൈ: നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രം 'ജനനായകൻ' സിനിമയുടെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ചിത്രത്തിൻ്റെ റിലീസിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. ഇതോടെ പൊങ്കൽ റിലീസായി എത്താനിരുന്ന സിനിമയുടെ ഭാവി അനിശ്ചിതത്വത്തിലായി. കേസ് ഇനി ജനുവരി 21-ന് ശേഷമായിരിക്കും ഹൈക്കോടതി പരിഗണിക്കുക.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് തീരുമാനിച്ചിട്ടുണ്ട്. രാവിലെ സിംഗിൾ ബെഞ്ച് സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാനും ഉടൻ റിലീസ് ചെയ്യാനും അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വൈകുന്നേരത്തോടെ ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ ഉത്തരവ് വന്നത്.

കോടതിയിൽ കടുത്ത വാദപ്രതിവാദങ്ങളാണ് നടന്നത്. തങ്ങളുടെ ഭാഗം കൃത്യമായി കേൾക്കാൻ അവസരം ലഭിച്ചില്ലെന്നും സത്യവാങ്മൂലം സമർപ്പിക്കാൻ കഴിഞ്ഞില്ലെന്നും സെൻസർ ബോർഡിന് വേണ്ടി ഹാജരായ തുഷാർ മേത്ത വാദിച്ചു. നിർമ്മാതാക്കളോട് കോടതി ചില നിർണായക ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് എന്തിനാണ് റിലീസ് തീയതി പ്രഖ്യാപിച്ചതെന്നും കോടതിയെ അനാവശ്യമായി സമ്മർദ്ദത്തിലാക്കുന്നത് എന്തിനെന്നും നിർമ്മാതാക്കളുടെ അഭിഭാഷകൻ മുകുൾ റോത്തക്കിനോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

സുപ്രീം കോടതിയിൽ നിന്ന് അനുകൂലമായ വിധി ലഭിച്ചില്ലെങ്കിൽ 'ജനനായകൻ' സിനിമയുടെ റിലീസ് പൊങ്കൽ അവധിക്കപ്പുറത്തേക്ക് മാറുമെന്ന് ഉറപ്പാണ്. ജനുവരി 9-ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു 'ജനനായകൻ'. എന്നാൽ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിഷേധിച്ചതോടെയാണ് കാര്യങ്ങൾ സങ്കീർണ്ണമായത്.

വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനാൽ താരത്തിൻ്റെ കരിയറിലെ അവസാന ചിത്രമെന്ന നിലയിലാണ് 'ജനനായകൻ' ഒരുങ്ങുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനിരുദ്ധ് സംഗീതം നൽകുന്നു.

ബോബി ഡിയോൾ, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത എന്നിവർ ഉൾപ്പെടെയുള്ള വലിയ താരനിരയും ചിത്രത്തിലുണ്ട്. ഈ സാഹചര്യത്തിൽ, സുപ്രീം കോടതിയുടെ തീരുമാനവും ജനുവരി 21-ന് ശേഷമുള്ള അടുത്ത ഹൈക്കോടതി ഹിയറിംഗും ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച നിർണായക വഴിത്തിരിവാകും.