- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരന്തബാധിതരുടെ കുടുംബങ്ങളെ തനിക്ക് കാണണം; കരൂരിലേക്ക് പോകാന്‍ അനുവദിക്കണം; ഡിജിപിക്ക് മെയില്‍ അയച്ച് വിജയ്; ഡിഎംകെയെയും എം കെ സ്റ്റാലിനെയും തോല്‍പ്പിക്കാന്‍ ഒന്നിക്കണമെന്ന എടപ്പാടി പളനിസ്വാമിയുടെ ആവശ്യം തള്ളാതെ തന്ത്രപരമായ മൗനത്തില്‍ വിജയ്: എന്‍ഡിഎ പക്ഷത്തേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍
ദുരന്തബാധിതരുടെ കുടുംബങ്ങളെ തനിക്ക് കാണണം; കരൂരിലേക്ക് പോകാന്‍ അനുവദിക്കണം
ചെന്നൈ: കരൂരിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്ക് ഇമെയില്‍ അയച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ്. ദുരന്തബാധിതരുടെ കുടുംബങ്ങളെ തനിക്ക് കാണണമെന്നും അവര്‍ക്ക് സഹായം നല്‍കണമെന്നുമാണ് ആവശ്യം. നേരത്തെ, കരൂരിലെ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളുമായി വീഡിയോ കോളിലൂടെ വിജയ് സംസാരിച്ചിരുന്നു.
അതിനിടെ എന്‍ഡിഎയിലേക്ക് വിജയ് അടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തെ കൂടെ കൂട്ടാനുള്ള ശ്രമങ്ങള്‍ എഐഎഡിഎംകെയും ബിജെപിയും ശക്തമാക്കി. ഡിഎംകെയെയും എം.കെ. സ്റ്റാലിനെയും തോല്‍പ്പിക്കാന്‍ ഒന്നിക്കണമെന്ന് വിജയിയോട് എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടതായാണ് വിവരം. ഇപിഎസ്സിന്റെ ക്ഷണം വിജയ് തള്ളിയിട്ടില്ലെന്നാണ് സൂചന. പൊങ്കലിനു ശേഷം ഇക്കാര്യത്തില്‍ മറുപടി പറയാമെന്നാണ് വിജയ് ഇപിഎസിന് നല്‍കിയ മറുപടി.
വിജയുമായി ചര്‍ച്ചയ്ക്ക് തമിഴ്നാടിന്റെ തിരഞ്ഞെടുപ്പ് സഹ-ചുമതലയുള്ള കേന്ദ്ര മന്ത്രി മുരളീധര്‍ മോഹോളിനെ ബിജെപി നിയോഗിച്ചിട്ടുണ്ട്. ദൗത്യവുമായി കഴിഞ്ഞ ഞായറാഴ്ച മന്ത്രിയെത്തി വിജയ്യുമായി രഹസ്യ കൂടിക്കാഴ്ചയ്ക്കു കളമൊരുക്കിയെങ്കിലും നീക്കം സംസ്ഥാന ഇന്റലിജന്‍സ് മണത്തറിഞ്ഞതോടെ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്നു വിജയ്യുമായി ഫോണില്‍ സംസാരിച്ചു തൃപ്തിപ്പെടേണ്ടി വന്നെന്നാണ് റിപ്പോര്‍ട്ട്.
ദുരന്തം നടന്ന പത്ത് ദിവസം പിന്നിട്ടിട്ടാണ് വിജയ് മരിച്ചവരുടെ ബന്ധുക്കളെ ബന്ധപ്പെടാനോ സംസാരിക്കാനോ ശ്രമിച്ചത്. ഇന്നലെ വീഡിയോകോള്‍ വഴി സംസാരിക്കുമ്പോള്‍ തനിക്ക് ദുഃഖമുണ്ടെന്നും വീഡിയോ കാളിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കരുതെന്നും വിജയ് ബന്ധുക്കളോട് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളെ പനയൂരിലെ പാര്‍ട്ടി ഓഫീസിലെത്തിച്ച് നഷ്ടപരിഹാരം നല്‍കുമെന്നാണ് ടിവികെ പറയുന്നത്. ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് ആരെയും നേരിട്ട് വന്ന് കാണാന്‍ സാധിക്കാത്തതെന്നും ഉടന്‍ തന്നെ നിങ്ങളുടെ അടുത്തെത്തുമെന്നും വിജയ് കുടുംബാംഗങ്ങളോട് പറഞ്ഞു.
സെപ്റ്റംബര്‍ 27 നാണ് കരൂരില്‍ വിജയ് പങ്കെടുത്ത പരിപാടിക്കിടയില്‍ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ചത്. ഉച്ചയ്ക്ക് എത്തുമെന്ന് പറഞ്ഞിരുന്ന വിജയ് എത്തിയത് വൈകുന്നേരം ഏഴു മണിക്കാണ്. അത്രയും സമയം വെള്ളവും ഭകഷണവുമില്ലാതെ ജനങ്ങള്‍ കാത്തുനിന്നതും അവരുടെ ആരോഗ്യനില വഷളാക്കി.
വിജയ് എത്തിയപ്പോഴുണ്ടായ തിക്കും തിരക്കുമാണ് ദുരന്തത്തിലേക്ക് നയിച്ചത്. എന്നാല്‍ സംഭവശേഷം വിജയ് ചെന്നൈയിലേക്ക് പോയി എന്നത് വലിയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കളെയോ പരിക്കേറ്റവരെയോ സന്ദര്‍ശിക്കാന്‍ വിജയ് കൂട്ടാക്കിയില്ല എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.
അതേസമയം, സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് വിജയ് സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. സത്യം ജനങ്ങള്‍ക്ക് അറിയാം എന്നും തന്നെ എന്ത് ചെയ്താലും തന്റെ അണികളെ ഒന്നും ചെയ്യരുതെന്നുമാണ് അന്ന് വിജയ് വിഡിയോയില്‍ പറഞ്ഞത്. ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.