കൊല്ലം: മദ്യപിച്ച് ഹോട്ടലില്‍ ബഹളമുണ്ടാക്കി ജീവനക്കാരോട് മോശമായി പെരുമാറിയതിന് നടന്‍ വിനായകനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചത് രാസ ലഹരിയോ കഞ്ചാവോ ഉപയോഗിച്ചിട്ടില്ലെന്ന നിഗമനത്തില്‍. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ തേവള്ളിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയായി ഹോട്ടലില്‍ താമസിക്കുകയായിരുന്ന താരം ഇന്നലെ മദ്യലഹരിയിലായിരുന്നു. തുടര്‍ന്ന് പ്രകോപനമില്ലാതെ ഹോട്ടലിലെ ജീവനക്കാരോട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ബഹളം വയ്ക്കുകയുമായിരുന്നു. വിവാദങ്ങള്‍ വിനായകന് എന്നും കൂടപ്പിറപ്പാണ്. വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും പൊലീസ് കസ്റ്റഡിയിലാകും. അതൊന്നും വിനായകന് വിനയാകാറുമില്ല.

സംഭവത്തെത്തുടര്‍ന്ന് അഞ്ചാലുംമൂട് പോലീസെത്തി വിനായകനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ മദ്യപിച്ചെന്ന് കണ്ടതിനെത്തുടര്‍ന്ന് ഇയാളെ സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷനകത്തുവച്ചും തന്നെ എന്തിനാണ് പിടിച്ചുകൊണ്ടു വന്നതെന്നു ചോദിച്ച് ബഹളമുണ്ടാക്കി. മദ്യപിച്ച് ബഹളമുണ്ടാക്കിയ കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് ആള്‍ജാമ്യത്തില്‍ വിട്ടയച്ചു. അഞ്ചാലുംമൂട് പൊലീസ് ആണ് നടനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരെയും വിനായകന്‍ അസഭ്യം വിളിച്ചു.ഒടുവില്‍ നാലുമണിക്കൂറിന് ശേഷമാണ് വിനായകനെ വിട്ടയച്ചത്. കടവൂര്‍ റാവീസ് ഹോട്ടലിന് സമീപമായിരുന്നു തര്‍ക്കെന്ന് എഫ് ഐ ആര്‍ പറയുന്നു.

പ്രതി ഏതോ ലഹരിക്ക് അടിപ്പെട്ട് കലഹസ്വഭാവിയായി സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ വഴി യാത്രക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും അസഹ്യതയും ശല്യവും ഉണ്ടാക്കിയെന്നാണ് എഫ് ഐ ആര്‍ പറയുന്നത്. ഉച്ചയ്ക്ക് 1.35നായിരുന്നു സംഭവമെന്നും പറയുന്നുണ്ട്. സിനിമാ ചിത്രീകരണത്തിനാണ് വിനായകന്‍ കൊല്ലത്ത് എത്തിയത്. ചിത്രീകരണം പൂര്‍ത്തിയാക്കി വിശ്രമിക്കുന്നതിനിടെ വിനായകന്റെ മാനേജര്‍ മദ്യപിച്ച് ബഹളം വച്ചു. ഇത് ചോദിക്കാനാണ് നടന്‍ ഇടപെട്ടത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടെ ഹോട്ടലില്‍ എത്തിയ സ്ത്രീകളും കുട്ടികളും കേള്‍ക്കേ അസഭ്യവര്‍ഷം നടത്തി.ഹോട്ടല്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി വിനായകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കെപി ആക്ടിലെ 118 എ വകുപ്പാണ് നടനെതിരെ ചുമത്തിയത്.

പോലീസ് സ്‌റ്റേഷനില്‍ നിന്നും പുറത്തേക്കിറങ്ങി പോകാന്‍ ശ്രമിച്ചതോടെ പൊലീസ് സ്റ്റേഷന്റെ വാതില്‍ മുന്നില്‍ നിന്ന് പൂട്ടി. ഇതിനിടെ വിനായകന്റെ മാനേജര്‍ ദൃശ്യങ്ങള്‍ പകര്‍ത്തരുത് എന്ന് പറഞ്ഞത് തര്‍ക്കത്തിനിടയാക്കി. ഒടുവില്‍ പൊലീസ് വിട്ടയച്ചപ്പോള്‍ പോകുന്നില്ല എന്ന് പറഞ്ഞും വിനായകന്‍ ബഹളം വച്ചു. നാലു മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന വിനായകനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഹോട്ടലുകാര്‍ക്ക് പരാതിയില്ലാത്ത പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയതിനാണ് വിനായകനെതിരെ അഞ്ചാലമൂട് പൊലീസ് കേസെടുത്തത്. അഞ്ചാലമൂട് പോലീസിനെ അക്ഷരാര്‍ത്ഥത്തില്‍ വിനായകന്‍ പ്രതിസന്ധിയിലാക്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശയിലാണ് നടനെതിരെ കെപി ആക്ട് ചുമത്തിയത്.


വിനായകന്‍ മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി സിനിമകളില്‍ അഭിയിച്ചിട്ടുണ്ട്. രജനീകാന്ത് നായകനായിരുന്ന ജയിലറില്‍ വില്ലനായതോടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയനാണ്. 2016ല്‍ കമ്മട്ടിപാടം എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം നേടി. തിരക്കുള്ള നടനായി മാറിയതിനൊപ്പം വിവാദങ്ങളുടെ സഹയാത്രികനുമായി വിനായകന്‍. 2024 സെപ്റ്റംബര്‍ ഏഴിന് ഹൈദരാബാദ് വിമാനത്താവളത്തില്‍ മദ്യപിച്ച് ബഹളംവച്ചതിന് ഹൈദരാബാദ് പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്തിരുന്നു. വാക്കുതര്‍ക്കത്തിനിടയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്നാരോപിച്ചായിരുന്നു വിനായകന്‍ ബഹളം.

മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായി സംസാരിച്ചത് വിവാദമായിരുന്നു. ഫോണിലൂടെ ലൈംഗികചുവയോടെ സംസാരിച്ചതായുള്ള യുവതിയുടെ 'മിടൂ' ആരോപണം വിനായകനെതിരെ പരാതിയായതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. പിന്നീട് വിനായകന്‍ അഭിനയിച്ച ഒരുത്തീ എന്ന മലയാളം സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ 'മീടു' പ്രസ്ഥാനത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും വിവാദങ്ങള്‍ക്ക് വഴിവച്ചു.

കുടുംബവുമൊന്നിച്ച് താമസിക്കുന്ന സ്ഥലത്ത് പൊലീസ് എത്തിയെന്നാരോപിച്ച് ബഹളമുണ്ടാക്കിയതും പൊലീസ് സ്റ്റേഷനില്‍ വച്ച് ബഹളമുണ്ടാക്കിയതും വിവാദമായിരുന്നു. 2023ല്‍ പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചതിനും പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും വിനായകനെ എറണാകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫ്‌ളാറ്റില്‍ വച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന ആരോപണവും വിനായകനെതിരെ ഉയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് വിനായകന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടന്‍ നിരന്തരം വിവാദങ്ങളില്‍ അകപ്പെടുന്നത് സിനിമാ മേഖലയ്ക്കുതന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. നഗ്‌നതാ പ്രദര്‍ശനത്തിന് പിന്നീട് വിനായകന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തി. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയസൂര്യയ്‌ക്കൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുകയാണ് വിനായകന്‍. സിനിമാ ഷൂട്ടിങിനായാണ് വിനായകന്‍ കൊല്ലത്ത് എത്തിയത്.

മാന്ത്രികം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സിനിമയിലെത്തിയ വിനായകന്‍ എ കെ സാജന്‍ സംവിധാനം ചെയ്ത സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകര്‍ക്ക് പരിചിതനാവുന്നത്. ക്രൂര കഥാപാത്രങ്ങളുടെ പെര്‍ഫെക്ഷനാണ് വിനായകന്‍ എന്ന നടനെ ശ്രദ്ധേയനാക്കിയത്.