കോട്ടയം: വര്‍ഷങ്ങളായി മലയാള സിനിമയിലെ നിറസാന്നിധ്യം, വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത നടന്‍, ഏത് കഥാപാത്രങ്ങള്‍ കൊടുത്താലും അതിനെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കുന്ന താരം. അതേ എല്ലാവരുടെയും കുട്ടേട്ടന്‍ എന്ന വിജയരാഘവന്‍. തന്റെ 75-ാം പിറന്നാള്‍ ഇന്ന് ആഘോഷിക്കുകയാണ്.

പലര്‍ക്കും വയസ് പറയാന്‍ മടിയാണ്. എനിക്ക് അതിന് ഒരു മടിയും ഇല്ല. ശരിക്കും ഇന്നാണ് എന്റെ പിറന്നാള്‍ എങ്കിലും പാസ്‌പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്ത് ഫെബ്രുവരി 12 എന്നാണ്. അതിന് കാരം എന്റെ അച്ഛനാണ്. മലയായിലായിരുന്നു എന്റെ ജനനം. ജനിച്ചതിന് ശേഷം ഇത്ര ദിവസത്തിനുള്ളില്‍ നമ്മുടെ ജനനതീയതി റജിസ്റ്റര്‍ ചെയ്യണം അല്ലെങ്കില്‍ അവിടെ പിഴ അടക്കേണ്ടി വരും. അത് ഒഴിവാക്കാന്‍ അച്ഛന്‍ ഒരു യോജിച്ച തീയതി കണ്ടെത്തി ചേര്‍ക്കുകയായിരുന്നു. 75ലും യുവത്വത്തിന്റെ പ്രസരിപ്പോടെ അദ്ദേഹം പറഞ്ഞു.

ശരിക്കും പറഞ്ഞാല്‍ 75 പിന്നിട്ട ഒരു യുവാവ്. ചുളിവ് വീഴാത്ത മുഖവും, തിളക്കവും ഇപ്പോഴും 35കാരനെ തോന്നിപ്പിക്കുന്നത്. നടത്തത്തിലും ചലനത്തിലും സംസാരത്തിലും ഒന്നും ഇടര്‍ച്ചയോ തളര്‍ച്ചയോ അദ്ദേഹത്തിന് ഇല്ല. ജീവിതം ആഘോഷമാക്കി കൊണ്ടാടുകയാണ് അദ്ദേഹം. വില്ലന്‍ കഥാപാത്രങ്ങളായി അദ്ദേഹം എല്ലാവരെയും വിറപ്പിക്കുമെങ്കിലും ജീവിതത്തില്‍ അദ്ദേഹത്തോളും നല്ലൊരു മനുഷ്യന്‍ ഇല്ല. സൗഹൃദങ്ങളും, അതിഥികള്‍ നിറഞ്ഞ വീടും ആയിരിക്കാം അദ്ദേഹത്തെ ഇപ്പോഴും യുവത്വത്തിന്റെ തിളക്കം കാത്ത്‌സൂക്ഷിക്കാന്‍ സഹായിക്കുന്നത്.

കോട്ടയം ജില്ലയിലെ ഒളശ്ശ ഗ്രാമമാണ് സ്വദേശം. നാടകാചാര്യനായ എന്‍.എന്‍.പിളളയുടെയും നാടകനടിയായിരുന്ന ചിന്നമ്മയുടെയും മകനായ വിജയരാഘവന്‍ ജനിച്ചത് മലേഷ്യയിലെ ക്വാലാലമ്പൂരിലാണ്. നാടക റിഹേഴ്സല്‍ ക്യാമ്പുകളും നാടക വേദികളും കണ്ട് വളര്‍ന്ന കുട്ടന്‍ ബാല്യത്തില്‍ തന്നെ പിതാവിന്റെ നാടക ട്രൂപ്പായ വിശ്വകേരള കലാസമിതിയിലുടെ അഭിനയരംഗത്ത് പിച്ചവച്ചു. എസ്.എന്‍.കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ കുട്ടന്റെ സിനിമയിലെ അരങ്ങേറ്റവും അച്ഛന്റെ നാടകം നിമിത്തമാണെന്നത് ചരിത്രത്തിലെ ഒരു യാദൃച്ഛികതയാവാം. എന്‍.എന്‍.പിളളയുടെ കാപാലിക എന്ന നാടകം ക്രോസ്‌ബെല്‍റ്റ് മണി അതേപേരില്‍ സിനിമയാക്കിയപ്പോള്‍ കുട്ടന് അതില്‍ പോര്‍ട്ടര്‍ കുഞ്ഞാലി എന്ന വേഷം ലഭിച്ചു. അന്ന് പ്രായം കേവലം 22 വയസ്സ്. ആ കണക്കില്‍ അദ്ദേഹം സിനിമയിലെത്തിയിട്ട് കൃത്യം 50 വര്‍ഷം തികയുന്നു. കാപാലിക അദ്ദേഹത്തിന് വഴിത്തിരിവായില്ല.

വിജയരാഘവന്‍ എന്ന നടന്റെ സാന്നിധ്യം അദ്ദേഹം അര്‍ഹിക്കുന്ന തലത്തില്‍ മലയാള സിനിമ തിരിച്ചറിയുന്നത് 1982ല്‍ കലാസംവിധായകന്‍ എസ്.കൊന്നനാട്ട് സംവിധാനം ചെയ്ത 'സുറുമയിട്ട കണ്ണുകള്‍' എന്ന ചിത്രത്തിലൂടെയാണ്. വിജയരാഘവന്‍ അതില്‍ നായകനായിരുന്നു. എന്നാല്‍ നായകനായി അദ്ദേഹം അത്രക്ക് ശോഭിച്ചില്ല. പിന്നീട് വീണ്ടും നാടകത്തിലേക്ക് കടന്ന അദ്ദേഹം വീണ്ടും സിനിമയിലേക്ക് എത്തുന്നത് ന്യൂഡല്‍ഹിയിലൂടെയാണ്. അദ്ദേഹം ആ സിനിമയില്‍ ചെയ്ത വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വില്ലനായും, ഹാസ്യനടനായും, സപ്പോര്‍ട്ടിങ് റോളായും മികച്ച അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു.

പുതിയ സിനിമകളില്‍ അദ്ദേഹത്തിന് ലഭിച്ചത് പ്രായമുള്ള വേഷങ്ങളാണ്. പൂക്കാലത്തിലെ ഇട്ടൂപ്പായി എത്തിയ ഞെട്ടിച്ചു. ചെയ്യുന്ന കഥാപാത്രങ്ങളില്‍ എല്ലാം വ്യത്യസ്തത കൊണ്ടുവരുന്ന നടന്‍. കിഷ്‌കിണ്ഡാകാണ്ഡത്തിലും അദ്ദേഹത്തിന്റെ അച്ഛന്‍ കഥാപാത്രം വളരെ മികച്ചു നിന്നു. അദ്ദേഹം കൈകാര്യം ചെയ്ത കഥാപാത്രങ്ങള്‍ മലയാള സിനിമയുടെ ചലച്ചിത്ര ചരിത്രത്തില്‍ സ്ഥിരമായ ഓര്‍മ്മകളായിരിക്കും. 75-ാം പിറന്നാളിന്റെ ഈ നിമിഷം വിജയരാഘവന്റെ ഒരു വിജയം മാത്രമല്ല, മലയാള സിനിമയുടെ കിരീടത്തിലേറ്റ പുതിയൊരു ചാരുത കൂടിയാണ്.