ന്യൂഡല്‍ഹി: കശ്മീരിനെ കുറിച്ച് അനുചിതമായ പരാമര്‍ശം നടത്തിയ സിഎന്‍എന്‍ അവതാരകന് ക്ലാസെടുത്ത് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വാത്ര. തല്‍സമയ അഭിമുഖത്തിനിടെ, ഇന്ത്യ ഭരിക്കുന്ന കശ്മീരിലെ ഭാഗങ്ങള്‍ എന്ന വോള്‍ഫ് ബ്ലിറ്റ്‌സറുടെ പരാമര്‍ശമാണ് അംബാസഡര്‍ തിരുത്തിയത്.

' ആദ്യമേ ഞാന്‍ പറയട്ടെ, സോറി, അങ്ങയെ തിരുത്താന്‍ അനുവദിക്കൂ'- ക്വാത്ര വോള്‍ഫ് ബ്ലിറ്റ്‌സറോട് പറഞ്ഞു.' ജമ്മു-കശ്മീര്‍ ഒന്നാകെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ആകെ പരിഹരിക്കാനുള്ള പ്രശ്‌നം പാക് അധീന കശ്മീര്‍ ഇന്ത്യക്ക് മടക്കി തരുന്നതാണ്'. ഇന്ത്യയുമായി പാക്കിസ്ഥാന്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ വിനയ് ക്വാത്ര എടുത്തുപറഞ്ഞു.

പഹല്‍ഗാമില്‍ 26 പേരെ കൂട്ടക്കുരുതി നടത്തിയ ഭീകരരെ പാഠം പഠിപ്പിക്കുകയും ഇരകള്‍ക്ക് നീതി കിട്ടുകയുമാണ് ഇന്ത്യയുടെ പ്രഥമ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ' തങ്ങള്‍ ഭീകരര്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു എന്നാണ് പാക്കിസ്ഥാന്‍ ലോകത്തിന് മുന്നില്‍ കാണിക്കുന്നത്. ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം അവര്‍ക്ക് പിന്തുണ നല്‍കുകയാണ്. അവര്‍ നേരിട്ടുതന്നെ ഇതില്‍ ഉള്‍പ്പെട്ടിരുന്നാലും അദ്ഭുതപ്പെടാനില്ല'-വിനയ് ക്വാത്ര ആഞ്ഞടിച്ചു. നിരപരാധികളായ പൗരന്മാരുടെ കൂട്ടക്കൊലയില്‍ തങ്ങള്‍ പരിഷ്‌കൃത ലോകത്തിന് ഒപ്പമല്ല, മറിച്ച് അതുചെയ്തുകൂട്ടിയ ഭീകരര്‍ക്കൊപ്പമെന്നാണ് പാക്കിസ്ഥാന്‍ തെളിയിക്കുന്നത്.


ഇത്തരം ഭീകരരെ നമുക്ക് ഒരിക്കലും വെറുതെ വിടാനാവില്ല. അതാണ് ഞങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ നടപ്പാക്കിയത്. ഈ ഭീകരര്‍ക്കും, ഭീകര നിര്‍മ്മാണ ഫാക്ടറികള്‍ക്കും എതിരെ കിറുക്യത്യതയോടെ ഉള്ള ഓപ്പറേഷനാണ് ഇന്ത്യ നടത്തിയത്. പഹല്‍ഗാം ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറയുന്ന പാക്കിസ്ഥാന്റെ നിഷേധവും മൂടിവയ്ക്കലും അവരുടെ തന്ത്രത്തിന്റെ മുഖ്യഭാഗമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് വളരുമോ എന്ന ചോദ്യത്തിന് യഥാര്‍ഥ ആശങ്ക പാക്കിസ്ഥാന്‍ ഭീകരവാദത്തിന് പിന്തുണ തുടരുന്നതാണെന്നും വിനയ് ക്വാത്ര പറഞ്ഞു.