പാലക്കാട്: മലയാള സിനിമാ മേഖലയില്‍ നടികളടക്കം നേരിടേണ്ടി വരുന്ന ചൂഷണങ്ങളെ കുറിച്ച് തുറന്നടിച്ച് നടി വിന്‍സി അലോഷ്യസ്. ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റി നിര്‍ത്തുന്ന പുരുഷാധിപത്യ സമീപനമാണ് മലയാള സിനിമാ മേഖലയിലുളളതെന്ന് നടി വിന്‍സി അലോഷ്യസ് ആരോപിച്ചു. തെറ്റായ കാര്യങ്ങള്‍ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ ഗോസിപ്പുകള്‍ പറഞ്ഞു പരത്തും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തിലാണ് ഇതുണ്ടാകുന്നതെന്നും വിന്‍സി പ്രതികരിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും അതിന്റെ സത്യാവസ്ഥയറിയാനുള്ള കാത്തിരിപ്പിലാണെന്നും വിന്‍സി അലോഷ്യസ് പറഞ്ഞു. എല്ലാത്തിനും വ്യക്തത വേണം. താന്‍ ലൈംഗികാതിക്രമങ്ങള്‍ നേരിട്ടിട്ടില്ലെന്നും നടി വ്യക്തമാക്കി. എതിര്‍ത്ത് സംസാരിച്ചാല്‍ മാറ്റി നിര്‍ത്തുന്ന സമീപനമുണ്ടെന്നും അവര്‍ സമ്മതിച്ചു. തെറ്റായ കാര്യങ്ങള്‍ ചോദ്യം ചെയ്താല്‍ അവര്‍ക്കെതിരെ ഗോസിപ്പുകള്‍ പറഞ്ഞു പരത്തും. പലസിനിമകളിലും പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്. സിനിമയില്‍ പുരുഷാധിപത്യം നിലനില്‍ക്കുന്നുണ്ട്.

ലൈംഗികാതിക്രമങ്ങളുണ്ടായിട്ടില്ലെങ്കിലും പല സിനിമകളിലും പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്. പ്രതിഫലത്തിന് കോണ്‍ട്രാക്ട് പോലും പല സിനിമയിലുണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെയാണ് സിനിമയിലെന്നും നീ വന്നിട്ട് 5 വര്‍ഷമായിട്ടല്ലേയുളളുവെന്നുമാണ് പറഞ്ഞത്. മലയാള സിനിമയില്‍ പുരുഷ അപ്രമാദിത്വം നിലനില്‍ക്കുന്നുണ്ട്. എതിര്‍ത്ത് സംസാരിക്കുന്നവരെ മാറ്റി നിര്‍ത്തുന്ന സമീപനമുണ്ടായിട്ടുണ്ട്.

ചില വിഷയങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ നീ വന്നിട്ട് 5 വര്‍ഷം ആയിട്ടേയുളളൂവെന്ന് പറഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ നേതൃത്വത്തിലാണ് മലയാള സിനിമയില്‍ പലതും നടക്കുന്നത്. സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടു. എന്തിനു വേണ്ടിമാറ്റി നിര്‍ത്തി എന്നറിയില്ല. പ്രതികരിക്കുന്നവരോടാണ് ഈ സമീപനമെന്നും വിന്‍സി തുറന്നടിച്ചു.

അഡ്വാന്‍സ് പോലും കിട്ടാതെ സിനിമ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും വിന്‍സി സൂചിപ്പിച്ചു. കോണ്‍ട്രാക്റ്റ് പോലും ഒപ്പുവെക്കാതെ സിനിമ ചെയ്തിട്ടുണ്ട്. അതെല്ലാം തെറ്റാണെന്ന് ഇപ്പോഴാണ് മനസിലാക്കാന്‍ സാധിച്ചത്. ഇതിനെ കുറിച്ച് ചോദിക്കുമ്പോള്‍, സിനിമയില്‍ ഇത് സാധാരണമാണ് എന്നാണ് പറയാറുള്ളത്. ലൈംഗികാതിക്രമം പോലെ പ്രാധാന്യമുള്ളതാണ് തൊഴിലിടങ്ങളിലെ ലിംഗ സമത്വവും. അതിനു വേണ്ടി സര്‍ക്കാറും സംഘടനകളും ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും വിന്‍സി പറഞ്ഞു.