കല്‍പ്പറ്റ: രാജ്യം കണ്ടതില്‍ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ സംഭവിച്ചതെന്ന് സൈന്യത്തിന്റെ കേരള - കര്‍ണാടക ചുമതലയുള്ള മേജര്‍ ജനറല്‍ വിനോദ് ടി മാത്യു. ഇത്രയും ദൂരത്തിലും വ്യാപ്തിയിലും വലിയ അളവില്‍ പ്രദേശങ്ങള്‍ മണ്ണിനടിയിലാകുന്നത് ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് സൈന്യം വിലയിരുത്തുന്നു. ഉത്തരാഖണ്ഡിലടക്കം രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുള്ള സംഘമാണ് വിനോദ് മാത്യുവിന്റെ നേതൃത്വത്തിലുള്ളത്. ഇത്രയും വ്യാപ്തിയില്‍ മൂന്ന് വലിയ പ്രദേശങ്ങള്‍ പ്രകൃതിദുരന്തത്തിന് ഇരയായതും ഇത്രയും മനുഷ്യര്‍ മരണപ്പെടുന്നതും ആദ്യമാണെന്ന് വിനോദ് മാത്യു പറയുന്നു..

പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല എന്നീ ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു. ഉരുള്‍പ്പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തുനിന്ന്, ആളുകളെ മാറ്റിപ്പാര്‍പ്പിച്ചെങ്കിലും 20 പേര്‍ അവിടെ കുടുങ്ങിയിരുന്നു. വനത്തിലൂടെയും പുഴയിലൂടെയും ദുര്‍ഘടമായ പാതയിലൂടെ സഞ്ചരിച്ചെത്തിയ സൈന്യം ഉയരത്തില്‍നിന്ന് സാഹസികമായി ഇറങ്ങിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ യന്ത്രസഹായത്തോടെയുള്ള രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കാനാകും. രാത്രി വൈകിയും നിര്‍മാണവുമായി മുന്നോട്ടുപോയതിനാലാണ് പാലം നിര്‍മാണം അതിവേഗത്തില്‍ പൂര്‍ത്തീകരിക്കാനായത്.

പുതിയ പാലം നിര്‍മ്മിക്കുന്നതുവരെ ബെയ്ലി പാലം നിലനിര്‍ത്താനാണ് സൈന്യത്തിന്റെ തീരുമാനമെന്നും മേജര്‍ ജനറല്‍ വിനോദ് മാത്യു വ്യക്തമാക്കി. കൂടുതല്‍ സൈനികര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് റോഡ് മാര്‍ഗത്തിലൂടെയാണ് പാലത്തിന്റെ ഭാഗങ്ങളെത്തിച്ചത്. ഇന്നലെ ഉച്ചയോടെ സാമഗ്രികളെത്തി. രാപ്പകല്ലിലാതെ കഠിനാധ്വാനം ചെയ്താണ് പാലം യാഥാര്‍ത്ഥ്യമാക്കിയത്. മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പാണ് നിര്‍മാണത്തിലേര്‍പ്പെട്ടത്.

ബെയ്‌ലി പാലത്തിന്റെ നിര്‍മാണം ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാക്കുമെന്നും രക്ഷാപ്രവര്‍ത്തനം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമെന്ന് അദ്ദേഹം അറിയിച്ചു. 24 ടണ്‍ ശേഷിയാണ് പാലത്തിനുണ്ടാവുക. വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെയ്‌ലി പാലം വഴി ഉപകരണങ്ങലളും വാഹനങ്ങളും മുണ്ടക്കൈയിലെത്തിക്കും. തുടര്‍ന്ന് വഴി ശരിയാക്കി പുഞ്ചിരിമുട്ടത്തെത്തുമെന്നും മേജര്‍ ജനറല്‍ അറിയിച്ചു. തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള സൈനികരാണ് ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടി മണ്ണിനടിയിലായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നു രാവിലെ ഏഴോടെ രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയില്‍ എത്തി. ചൂരല്‍മലയില്‍നിന്ന് ഏകദേശം മൂന്നു കിലോമീറ്റര്‍ ദൂരെയാണ് മുണ്ടക്കൈ. 1,167 പേരടങ്ങുന്നതാണ് ദുരന്തത്തിന്റെ മൂന്നാംനാള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ഒന്‍പത് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. കൂടുതല്‍ യന്ത്രങ്ങളെത്തിച്ചാണ് മൂന്നാം നാളിലെ രക്ഷാപ്രവര്‍ത്തനം.15 മണ്ണുമാന്തി യന്ത്രങ്ങള്‍ ബുധനാഴ്ച രാത്രി മുണ്ടക്കൈയില്‍ എത്തിച്ചു. കൂടുതല്‍ കട്ടിംഗ് മെഷീനുകളും ആംബുലന്‍സുകളും എത്തിച്ചിട്ടുണ്ട്. സൈനികരും അഗ്‌നിരക്ഷാസേനാംഗങ്ങളും ഉള്‍പ്പെടുന്നതാണ് ഓരോ സംഘവും. കേരള പോലീസിന്റെ ഡോഗ് സ്‌ക്വാഡിനെ തിരച്ചിലിന് ഉപയോഗപ്പെടുത്തുന്നുണ്ട്.

ചൂരല്‍മല കടന്ന് മുണ്ടക്കൈ ഭാഗത്തേക്ക് നീങ്ങുന്നതിന് കരസേന താത്കാലിക നടപ്പാലം ഇന്നലെ രാത്രി നിര്‍മിച്ചു. ഇതിലൂടെയാണ് രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലേക്കുള്ള റോഡില്‍ എത്തിയത്. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഗണ്യമായി ഉയരുമെന്ന അനുമാനത്തിലാണ് ജില്ലാ ഭരണകൂടം. 400 ഓളം വീടുകള്‍ ഉണ്ടായിരുന്ന മുണ്ടക്കൈയില്‍ മുപ്പതോളം വീടുകളാണ് അവശേഷിക്കുന്നത്.

ഉരുള്‍വെള്ളം ഒഴുകിയ ഭാഗങ്ങളില്‍ മുകള്‍ഭാഗം മാത്രം മുകളില്‍ കാണാവുന്ന വിധത്തിലാണ് പല വീടുകളും. ചെറിയ വീടുകള്‍ അപ്പാടെ ഒലിച്ചുപോകുകയോ മണ്ണില്‍ പുതയുകയോ ചെയ്തിട്ടുണ്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നവര്‍ കരുതുന്നത്. മേല്‍ഭാഗം മാത്രം കാണാവുന്ന നിലയിലുള്ള വീടുകളില്‍ പരിശോധന നടത്തുന്നതിന് യന്ത്ര സാമഗ്രികള്‍ എത്തണം. കൂറ്റന്‍ പാറകളാണ് മലവെള്ളം പാഞ്ഞ പ്രദേശങ്ങളില്‍ അടിഞ്ഞുകിടക്കുന്നത്. ഇവ യന്ത്രസഹായത്തോടെയേ നീക്കാനാകൂ.