വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്റെയും എല്ലാം ഉറക്കം കെടുത്താന്‍ പോകുന്ന ഒരു പുസ്തകം ഉടന്‍ പുറത്തിറങ്ങും. ആന്‍ഡ്രൂ രാജകുമാരന്‍ നിരന്തരമായി ലൈംഗിക പീഡനം നടത്തി എന്നാരോപിച്ച വിര്‍ജീനിയ ഗിയുഫ്രെയുടെ നോബഡീസ് ഗേള്‍ എന്ന പുസ്തകം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറങ്ങും. അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനിന്റെ ഇരയായിരുന്ന ഗിയുഫ്രെ ജീവനൊടുക്കി ആറ് മാസം പിന്നീടുമ്പോഴാണ് ഈ വിവാദ പുസ്തകം വിപണിയില്‍ എത്തുന്നത്.

പതിനേഴ് വയസുള്ളപ്പോള്‍ എപ്സ്റ്റീന്റെ സഹായത്തോടെ ആന്‍ഡ്രൂ രാജകുമാരന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഗിയുഫ്രെ കേസ് കൊടുത്തിരുന്നു. എന്നാല്‍ രാജകുമാരന്‍ കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍ക്കുകയായിരുന്നു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് രാജകുമാരന്‍ വാദിക്കുന്നത്. നോബഡീസ് ഗേള്‍: എ മെമ്മോയര്‍ ഓഫ് സര്‍വൈവിംഗ് അബ്യൂസ് ആന്‍ഡ് ഫൈറ്റിംഗ് ഫോര്‍ ജസ്റ്റിസ് എന്നാണ് ഈ ഓര്‍മ്മക്കുറിപ്പിന്റെ പൂര്‍ണമായ പേര്.

ഒക്ടോബറില്‍ പുസ്തകം പുറത്തിറങ്ങും. ഗിഫ്രെ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് 400 പേജുള്ള കൈയെഴുത്തുപ്രതി പൂര്‍ത്തിയാക്കിയിരുന്നു. എപ്സ്റ്റീന്‍ കൂട്ടുപ്രതിയായ ഗിസ്ലെയ്ന്‍ മാക്സ്വെല്‍, ആന്‍ഡ്രൂ രാജകുമാരന്‍ എന്നിവരുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് ഈ പുസ്തകത്തില്‍ പറയുന്ന പല കാര്യങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്നാണ് പ്രസാധകര്‍ അവകാശപ്പെടുന്നത്. 2022 ല്‍ കോടതിക്ക് പുറത്ത് കേസ് ത്തുതീര്‍പ്പിന് ശേഷം ഗിയുഫ്രെ ആദ്യമായി ഇവരെക്കുറിച്ച് പരസ്യമായി കാര്യങ്ങള്‍ ഇതിലൂടെ വ്യക്തമാക്കുകയാണ്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വളരെ നിര്‍ണായകമാണ് എന്നാണ് അവര്‍ മരിക്കുന്നതിന് മുമ്പ് പലരോടും വെളിപ്പെടുത്തിയിരുന്നത്. താന്‍

മരിച്ചു പോയാല്‍ പോലും ഈ പുസ്തകം പ്രസിദ്ധീകരിക്കണം എന്നാണ് ആഗ്രഹമെന്നും ഗിയുഫ്രെ വ്യക്തമാക്കിയിരുന്നു. 12 മില്യണ്‍ പൗണ്ട് നല്‍കിയാണ് ആന്‍ഡ്രൂ രാജകുമാരന്‍ കോടതിക്ക് പുറത്ത് കേസ് അവസാനിപ്പിച്ചത്. എന്നാല്‍ ഇപ്പോഴും അദ്ദേഹത്തെ ഈ സംഭവം വേട്ടയാടുകയാണ്.

ആന്‍ഡ്രൂ രാജകുമാരന്റെസഹപാഠിയായിരുന്നു എപ്സ്റ്റീന്‍. എന്നാല്‍ ആന്‍ഡ്രൂ രാജകുമാരന്‍ താന്‍ ഗിയുഫ്രെയെ ഒരിക്കലും കണ്ടിട്ടില്ല എന്നാണ് രാജകുമാരന്‍ വാദിച്ചത്. ഒരു മസാജ് പാര്‍ലറിലെ ജീവനക്കാരിയായിരുന്നു ഗിയുഫ്രെ. പുസ്തക പ്രസാധകന്‍ വന്‍ തുകയാണ് അവര്‍ക്ക് മുന്‍കൂറായി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. 2019ല്‍ ജയിലില്‍ കഴിയുമ്പോഴാണ് ദുരൂഹ സാഹചര്യത്തില്‍ എപ്സ്റ്റൈന്‍ മരിച്ചത്. ഇയാളും ഡൊണാള്‍ഡ് ട്രംപുമായി അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ച വാര്‍ത്തകള്‍ വ്യാപകമായ സാഹചര്യത്തില്‍ ഈ പുസ്തകം പുറത്തു വരുമ്പോള്‍ ട്രംപും കുരുക്കിലാകാന്‍ സാധ്യതയുണ്ട്.