- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷുക്കണിയു, വിഷുകൈനീട്ടവും കഴിഞ്ഞാല്‍ പിന്നെ പ്രധാനം വിഷു സദ്യയാണ്; ഉപ്പും മധുരവും പുളിയും കയ്പും നിറഞ്ഞ വിഭവങ്ങളാണ് വിഷുസദ്യയില്‍ വിളമ്പേണ്ടത്; തൊടിയില്‍ വിളയുന്ന പച്ചക്കറികള്‍ കൊണ്ടുള്ള വിഭവങ്ങള്‍ വിഷു സദ്യയുടെ പ്രത്യേകത; ഈ വിഷുവിന് വിളമ്പാം 10 നാടന്‍ വിഭവങ്ങള്‍
മലയാളികളുടെ സാന്ദ്രമായ കാര്‍ഷിക പാരമ്പര്യത്തെയും പുതുവത്സരത്തിന്റെയും ചിഹ്നമായി വരുന്നത് വിഷു. നിശ്ചിത സമയംതന്നെ കണിക്കൊന്ന പൂക്കള്‍ തൊടികളില്‍ സുവര്‍ണമഴയായ് വിരിയുമ്പോഴാണ് ഈ ആഘോഷം കുടുംബങ്ങളിലേക്ക് പടരുന്നത്. പുതുതായി വിളഞ്ഞ തറവാടിന്റെ ഫലഫലങ്ങളുമായി ഐശ്വര്യത്തിന്റെ പ്രതീകമായ വിഷുക്കണി ഒരുക്കുന്നത് സമൃദ്ധിയുടെ സന്ദേശവുമായിരിക്കും.
കണിയോടൊപ്പം വിഷുക്കൈനീട്ടവും, പിന്നീട് രുചിയുടെ നനവായി എത്തുന്നത് സദ്യയും. പുന്നെല്ല് അരിയും തേങ്ങാപ്പാലും ശര്‍ക്കരയും ചേര്‍ന്ന് തയാറാക്കുന്ന വിഷുക്കട്ടയോ വിഷുക്കഞ്ഞിയോ ആണ് പ്രധാന പ്രഭാത വിഭവം. തൊടിയില്‍ തന്നെ ലഭ്യമായ പച്ചക്കറികളാല്‍ സമ്പന്നമാകുന്ന നാടന്‍ വിഭവങ്ങളാണ് സദ്യയുടെ മികവ്. ഇനി ഈ പാരമ്പര്യ ആഘോഷത്തിന് രുചിഭേദം പകരുന്ന 10 നാടന്‍ വിഭവങ്ങളെ പരിചയപ്പെടാം...
വിഷുക്കട്ട
തൃശൂരുകാരുടെ വിഷുദിനത്തിലെ മുഖ്യ ഇനമാണ് വിഷുക്കട്ട. മധുരമോ ഉപ്പോ ഇല്ലാത്ത വിഷുക്കട്ടയ്ക്കു ശര്‍ക്കരപ്പാനിയും മത്തനും പയറും ഉപയോഗിച്ചുള്ള കൂട്ടുകറിയും തൊട്ടുകൂട്ടാന്‍ ഉത്തമം!ഒരിക്കല്‍ കഴിച്ചാല്‍ പിന്നെ ഓര്‍ത്താല്‍ പോലും നാവില്‍ കൊതിയൂറുന്നതാണ് വിഷു വിഭവങ്ങള്‍. വിഷുക്കട്ട എങ്ങനെ തയാറാക്കാമെന്നു നോക്കാം.
1. പച്ചരി അര കിലോ
2. തേങ്ങ ചിരകിയത് രണ്ട്
3. ജീരകം ഒരു ചെറിയ സ്പൂണ്‍
4. ഉപ്പ് പാകത്തിന്
5. അണ്ടിപ്പരിപ്പ്, മുന്തിരി പാകത്തിന്
6. നെയ്യ് രണ്ടു ചെറിയ സ്പൂണ്‍
തയാറാക്കുന്ന വിധം
തേങ്ങ ചിരകിയതു പിഴിഞ്ഞ് ഒരു കപ്പ് ഒന്നാം പാലും രണ്ടു കപ്പ് രണ്ടാം പാലും വേര്‍തിരിക്കുക. രണ്ടാം പാലും ഉപ്പും ചേര്‍ത്തു പച്ചരി വേവിക്കുക. വെന്തു കഴിയുമ്പോള്‍ ജീരകവും ഒന്നാം പാലും ചേര്‍ത്തിളക്കി വെള്ളം വറ്റിക്കുക. ഒരു പരന്ന പാത്രത്തില്‍ വേവിച്ച വിഷുക്കട്ട നിരത്തുക. നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു മുകളില്‍ വിതറി കട്ടകളാക്കി മുറിക്കുക.
കണിയപ്പം
മലബാര്‍ പ്രദേശങ്ങളില്‍ വിഷുവിന്റെ ഭാഗമായി ഒരുക്കുന്ന കണിയില്‍ പ്രധാനമാണ് കണിയപ്പം. പച്ചരി കുതിര്‍ത്തു പൊടിച്ചത് അര കിലോ, സോഡാപ്പൊടി ഒരു നുള്ള്, എള്ള് മൂന്നു ചെറിയ സ്പൂണ്‍, തേങ്ങാക്കൊത്ത് അര കപ്പ്, ശര്‍ക്കര കാല്‍ കിലോ.
തയാറാക്കുന്ന വിധം
ശര്‍ക്കര പാവാക്കി വയ്ക്കുക. അരിപ്പൊടി, സോഡാപ്പൊടി, എള്ള്, എന്നിവ പച്ചവെള്ള ത്തില്‍ കുഴയ്ക്കുക. ഇതില്‍ ശര്‍ക്കരപ്പാനിയും തേങ്ങാക്കൊത്തും ചേര്‍ത്ത് ഒരു മണിക്കൂര്‍ വയ്ക്കുക. ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് ഇവ ചുട്ടെടുക്കുക.
പഴമാങ്ങാക്കറി
ഇത് മാമ്പഴക്കാലം, മധുരമുള്ള മാമ്പഴം കൊണ്ട് രുചികരമായി തയാറാക്കുന്ന പഴമാങ്ങാക്കറി. നല്ല മധുരമുള്ള ചെറിയ നാടന്‍ മാമ്പഴം, ചുന ചെത്തിയത് എട്ട്, മുളകുപൊടി ഒരു ചെറിയ സ്പൂണ്‍, മഞ്ഞള്‍പ്പൊടി അര ചെറിയ സ്പൂണ്‍, ഉപ്പ് പാകത്തിന്, തേങ്ങാ തിരുമ്മിയത് ഒരു മുറി ജീരകം അര ചെറിയ സ്പൂണ്‍, വെള്ളം ചേര്‍ക്കാതെ ഉടച്ചെടുത്ത അല്‍പ്പം പുളിയുള്ള മോര് അര ലീറ്റര്‍, ഉലുവാ പൊടിച്ചത് ഒരു ചെറിയ സ്പൂണ്‍, വെളിച്ചെണ്ണ ഒരു വലിയ സ്പൂണ്‍, കടുക് ഒരു ചെറിയ സ്പൂണ്‍, വറ്റല്‍ മുളക് രണ്ട് (ഓരോന്നും മൂന്നായി മുറിക്കണം), കറിവേപ്പില രണ്ടു തണ്ട്.
തയാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവകള്‍ ഒന്നിച്ചാക്കി, ഒരു കപ്പു വെള്ളം ചേര്‍ത്തു വേവിക്കുക. വെന്തു വരുമ്പോള്‍ തേങ്ങയും ജീരകവും നന്നായി അരച്ചു ചേര്‍ക്കുക. ചേരുവ തിളച്ചു കഷണവുമായി യോജിക്കുമ്പോള്‍, മോരു ചേര്‍ത്ത് തുടരെയിളക്കി പതഞ്ഞു വരുമ്പോള്‍ (മോരൊഴിച്ചു പിന്നെ തിളയ്ക്കാന്‍ പാടില്ല) വാങ്ങി, അല്‍പ്പം കഴിഞ്ഞ് ഉലുവാപ്പൊടി ചേര്‍ക്കുക. അഞ്ചാമത്തെ ചേരുവകള്‍ വറുത്തിടുക.
മുരിങ്ങക്കായ് മുളകുഷ്യം
സൂപ്പര്‍ ഫുഡിലാണ് മുരിങ്ങക്കായുടെ സ്ഥാനം. നിരവധി ഗുണങ്ങളുള്ള മുരങ്ങക്കായ് നോണ്‍ വെജ് വിഭവങ്ങളിലും താരമാണ്. രക്തത്തെ ശുദ്ധികരിക്കുന്നതിനും പ്രതിരോധ ശക്തി. മുരിങ്ങക്കായ് മുളകുഷ്യം. മുരിങ്ങക്കായ് കഷണങ്ങളാക്കിയത് മൂന്ന്, മഞ്ഞള്‍പ്പൊടി ഒരു ചെറിയ സ്പൂണ്‍, ഉപ്പ് പാകത്തിന്. മഞ്ഞള്‍പ്പൊടി ചേര്‍ത്തു വേവിച്ച തുവര പരിപ്പ് ഒരു കപ്പ്. തിരുമ്മിയ തേങ്ങ ഒരു കപ്പ് പച്ചമുളക്, ജീരകം അര ചെറിയ സ്പൂണ്‍, ഉപ്പ് പാകത്തിന്. വെളിച്ചെണ്ണ ഒരു വലിയ സ്പൂണ്‍, ഉഴുന്നു പരിപ്പ് അര ചെറിയ സ്പൂണ്‍, കടുക് ഒരു ചെറിയ സ്പൂണ്‍, വറ്റല്‍ മുളക് രണ്ട്, കറിവേപ്പില രണ്ടു തണ്ട്.
തയാറാക്കുന്ന വിധം
മുരിങ്ങക്കായ് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു പാകത്തിനു വെള്ളമൊഴിച്ചു വേവിക്കുക. വേവിച്ച തുവര ഇതില്‍ ചേര്‍ത്തു തിളപ്പിക്കുക. മൂന്നാമത്തെ ചേരുവകള്‍ മയത്തില്‍ അരച്ചത് ഇതില്‍ ചേര്‍ക്കുക. തിളയ്ക്കുമ്പോള്‍ വാങ്ങി അഞ്ചാമത്തെ ചേരുവകള്‍ വറുത്തിടുക.
ചക്ക എരിശേരി
ചക്ക ഒരൊറ്റ പഴമല്ല, അനവധി ചെറിയ പഴങ്ങള്‍ കൂടി ച്ചേര്‍ന്നതാണ്. ഓരോ ചുളയും ഓരോ പഴമാണ്. ചക്കയ്ക്ക് ഏറെ ഔഷധഗുണമുണ്ട്. വിഷുവിഭവങ്ങളില്‍ പ്രധാനമാണ്് ചക്ക എരിശേരി. ചക്കച്ചുള കനംകുറച്ച് വട്ടത്തില്‍ അരിഞ്ഞത് കാല്‍ കിലോ, ചക്കക്കുരു വട്ടത്തിലരിഞ്ഞത് 100 ഗ്രാം. 2. മഞ്ഞള്‍പ്പൊടി അര ചെറിയ സ്പൂണ്‍, മുളകുപൊടി ഒരു ചെറിയ സ്പൂണ്‍, ഉപ്പ് പാകത്തിന്. 3. തേങ്ങാ തിരുമ്മിയത് ഒരു മുറി (അര കപ്പ് വറുത്തിടാന്‍ മാറ്റി വയ്ക്കുക), വെളുത്തുള്ളിയല്ലി മൂന്ന്, ജീരകം കാല്‍ ചെറിയ സ്പൂണ്‍, കറിവേപ്പില രണ്ടു തണ്ട്. 4. വെളിച്ചെണ്ണ രണ്ടു വലിയ സ്പൂണ്‍, കടുക് ഒരു ചെറിയ സ്പൂണ്‍, വറ്റല്‍ മുളക് മൂന്നായി മുറിച്ചത് രണ്ട്, കറിവേപ്പില ഒരു തണ്ട്
തയാറാക്കുന്ന വിധം
മൂന്നാമത്തെ ചേരുവകള്‍ തരുതരുപ്പായി അരയ്ക്കുക. ചക്കയും ചക്കക്കുരുവും രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത്, പാകത്തിനു വെള്ളമൊഴിച്ച് വേവിച്ചുടയ്ക്കുക. ഇതിന്റെ നടുക്ക് അരപ്പിട്ട്, ചക്കകൊണ്ടു മൂടി വയ്ക്കുക. ചേരുവകള്‍ നന്നായി യോജിക്കുമ്പോള്‍ വാങ്ങുക. ചൂടായ എണ്ണയില്‍ അര കപ്പു തേങ്ങാ തിരുമ്മിയത്, മുളക്, കടുക്, കറിവേപ്പില എന്നിവ വറുത്തിടുക. തേങ്ങാ ഇളം ചുവപ്പു നിറത്തില്‍ വേണം വറക്കാന്‍.
ഇടിച്ചക്കത്തോരന്‍
വിഷു വിഭവങ്ങള്‍ തയാറാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. രുചികരമായ ഇടിച്ചക്ക തോരന്‍ വിഷു സദ്യയ്ക്ക് തയാറാക്കിയാലോ? ഇടിച്ചക്ക ഒരു ചെറുത്. 2. മഞ്ഞള്‍പ്പൊടി അര ചെറിയ സ്പൂണ്‍. 3. ഉപ്പ് പാകത്തിന്. 4. തേങ്ങ ഒന്നിന്റെ പകുതി, ചുരണ്ടിയത്, പച്ചമുളക് രണ്ട്, ജീരകം അര ചെറിയ സ്പൂണ്‍, വറ്റല്‍ മുളക് ഒന്ന്. 5. വെളിച്ചെണ്ണ രണ്ടു വലിയ സ്പൂണ്‍. 6. കടുക് അര ചെറിയ സ്പൂണ്‍, ഉഴുന്നു പരിപ്പ് കാല്‍ ചെറിയ സ്പൂണ്‍. 7. കറിവേപ്പില രണ്ടു തണ്ട്. 8. പച്ച വെളിച്ചെണ്ണ രണ്ടു ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ഇടിച്ചക്ക തൊലിയും കൂഞ്ഞിലും (നടുവിലുള്ള തണ്ട്) കളഞ്ഞു ചെറിയ കഷണങ്ങളായി അരിയുക. ഇതില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു നികക്കെ വെള്ളമൊഴിച്ചു വേവിക്കുക. ഇടിച്ചക്ക പകുതി വേവാകുമ്പോള്‍ ഉപ്പും ചേര്‍ത്തു വേവിച്ചു വെള്ളം ഊറ്റി വയ്ക്കുക. ഇടിച്ചക്ക വേവും മുമ്പ് ഉപ്പ് ചേര്‍ത്താല്‍ എളുപ്പം വേവുകയില്ല. ചൂടാറിയശേഷം ഇടിച്ചക്ക കഷണങ്ങള്‍ ചതച്ചു വയ്ക്കുക. നാലാമത്ത ചേരുവ യോജിപ്പിച്ചു ചതച്ചു വയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകും ഉഴുന്നു പരിപ്പും മൂപ്പിച്ച ശേഷം തേങ്ങ ചതച്ച മിശ്രിതം ചേര്‍ത്തിളക്കി ഇതിലേക്കു ചക്ക ചതച്ചതും കറിവേപ്പിലയും ചേര്‍ത്തിളക്കുക. ഏറ്റവും ഒടുവില്‍ പച്ച വെളിച്ചെണ്ണയൊഴിച്ചിളക്കി വാങ്ങുക.
ബീറ്ററൂട്ട് പച്ചടി
ഇലയില്‍ ഒഴിക്കുമ്പോള്‍ ഒഴുകി പോകാത്തതാണ് പച്ചടിയുടെ പരുവം. സദ്യക്കുള്ള 26 വിഭവങ്ങളില്‍ ഒന്നാണ് പച്ചടി. ഒരു ദിവസം മുന്‍പ് ഉണ്ടാക്കി വയ്ക്കാവുന്ന പച്ചടി ആണ് ബീറ്റ്‌റൂട്ട് പച്ചടി. ബീറ്റ്‌റൂട്ട് പൊടിയായി അരിഞ്ഞത്, ഇഞ്ചി ചെറിയ കഷ്ണം, പച്ചമുളക് ചെറുതായി അരിഞ്ഞത്, കറിവേപ്പില ആവശ്യത്തിന്, ഉപ്പ് ആവശ്യത്തിന്
അരപ്പിന്
തേങ്ങാ ചിരകിയത് 1/2 കപ്പ്, കടുക് 1/2 ടീസ്പൂണ്‍, ചെറിയ ജീരകം 1/4 ടീസ്പൂണ്‍, ഇത് നന്നായി അരച്ചെടുക്കുക. കട്ട തൈര് 1കപ്പ്
കടുക് താളിക്കുന്നതിന്
വെളിച്ചെണ്ണ 1 ടീസ്പൂണ്‍, കടുക് 1/2 ടീസ്പൂണ്‍, വറ്റല്‍ മുളക് 2 -3, കറിവേപ്പില ആവശ്യത്തിന്.
തയാറാക്കുന്ന വിധം
ബീറ്റ്‌റൂട്ട് ചോപ്പര്‍ ഉപയോഗിച്ച് അല്ലെങ്കില്‍ കൈ കൊണ്ട് പൊടി ആയിട്ട് അരിഞ്ഞെടുക്കുക. പച്ചടി ഉണ്ടാക്കുന്നതിനുള്ള പാത്രം അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിച്ചു അതിലേക്കു ഇഞ്ചി പച്ചമുളക് കറിവേപ്പിലയും ഇട്ട് വഴറ്റിയതിനു ശേഷം അതിലേക്കു അരിഞ്ഞുവച്ചിരിക്കുന്ന ബീറ്റ്‌റൂട്ട് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റിയതിനു ശേഷം അടച്ചു വച്ച് നന്നായി വേവിക്കുക . വെന്തു വരുമ്പോള്‍ അരപ്പു ചേര്‍ത്ത് നന്നായി വേവിച്ചു വെള്ളമുണ്ടെങ്കില്‍ വറ്റിച്ചെടുക്കുക. വെള്ളം വറ്റിവരുമ്പോള്‍ തീ നന്നായി കുറച്ചു വച്ച് തൈര് ചേര്‍ത്ത് ഇളക്കി വാങ്ങി കടുക് താളിച്ചു ഉപയോഗിക്കാം.
തേന്‍ വരിക്ക വരട്ടിയതുകൊണ്ടു പ്രഥമന്‍
ചക്കപ്രഥമന് തേന്‍ വരിക്കയാണു വേണ്ടത്. ചക്ക വരട്ടിയത് (നന്നായി പഴുത്തവരിക്കച്ചക്ക ചെറുതായരിഞ്ഞു തരിയില്ലാതെ അരച്ച് ആവശ്യത്തിനു ശര്‍ക്കരയും നെയ്യും ചേര്‍ത്തു വരട്ടിയെടുക്കണം. ആറു കിലോ ചക്കപ്പഴം അരച്ചതിന് ഒരു കിലോ ശര്‍ക്കര എന്നാണു കണക്ക്) ഒന്നര കിലോ. 2. ശര്‍ക്കര ഒന്നര കിലോ, തേങ്ങ ചിരകിയത് നാല് (തേങ്ങാ തിരുമ്മി ചതച്ചെടുത്ത ഒന്നാം പാല്‍ ഒന്നര കപ്പ്, രണ്ടാം പാല്‍ ആറു കപ്പ്, മൂന്നാം പാല്‍ രണ്ടര കപ്പ് എന്നിങ്ങനെ എടുക്കണം.), 3. ഏലയ്ക്ക ൧൨ തേങ്ങാക്കൊത്ത് നാലു വലിയ സ്പൂണ്‍, അണ്ടിപ്പരിപ്പ് 12, നെയ്യ് രണ്ടു വലിയ സ്പൂണ്‍
തയാറാക്കുന്ന വിധം
ശര്‍ക്കര ഉരുക്കി അരിച്ച് ഉരുളിയില്‍ അടുപ്പത്തു വയ്ക്കുക. ഇതില്‍ ചക്ക വരട്ടിയതു ചേര്‍ത്തു നന്നായിളക്കി അലിയിക്കുക. തരിയില്ലാതെ അലിയുമ്പോള്‍ മൂന്നാം പാല്‍ ചേര്‍ത്തിളക്കി വറ്റിക്കുക. പിന്നീട് രണ്ടാം പാല്‍ ചേര്‍ത്തു പാകത്തിനു കുറുകുമ്പോള്‍, ഏലയ്ക്കാപ്പൊടി ചേര്‍ത്തു കലക്കിവച്ചിരിക്കുന്ന തലപ്പാല്‍ ചേര്‍ത്തു വാങ്ങുക.തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും നെയ്യില്‍ വറുത്തു ചേര്‍ക്കുക.
ഓലന്‍
സദ്യയ്ക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്ത വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണ് ഓലന്‍.ഈ വിഷുവിനു സദ്യ സ്‌റ്റൈലില്‍ ഒരു ഓലന്‍ തയാറാക്കിയാലോ?
ചേരുവകള്‍
കുമ്പളങ്ങ - 1/2 കപ്പ്, പച്ചക്കായ - 1/2 കഷണം , പയര്‍ - 2 എണ്ണം , പച്ചമുളക് - 1, തേങ്ങയുടെ ഒന്നാം പാല്‍ - 250 മില്ലി, തേങ്ങയുടെ രണ്ടാം പാല്‍ - 250 മില്ലി, ഉപ്പ് - ആവശ്യത്തിന്, കറിവേപ്പില - കുറച്ച്, വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന രീതി:
മുറിച്ചുവെച്ച കുമ്പളങ്ങയും പച്ചക്കായയും പയറും പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തേങ്ങയുടെ രണ്ടാം പാലില്‍ കുക്കറില്‍ ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. വെന്തു വന്നതിനുശേഷം ഒന്നാം പാല്‍ ഒഴിച്ച് തിളപ്പിക്കുക. തിളച്ചുവരുമ്പോള്‍ അതിലേക്ക് കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ക്കുക. നമ്മുടെ സദ്യ സ്‌റ്റൈല്‍ കുമ്പളങ്ങാ ഓലന്‍ തയാര്‍!
വിഷുവിന് കിടിലന്‍ അവിയല്‍
ചേന - 250 ഗ്രാം, വാഴയ്ക്ക - 250 ഗ്രാം, പയര്‍ - 250 ഗ്രാം, മുരിങ്ങക്കായ - 250 ഗ്രാം, പാവക്ക - 1 എണ്ണം, കാരറ്റ് - 1, പച്ചമുളക് - 8 എണ്ണം, ഇഞ്ചി - ചെറിയ കഷണം, തൈര് - 1 കപ്പ്, കറിവേപ്പില - 3 തണ്ട്, വെളിച്ചെണ്ണ, ഉപ്പ് ആവശ്യത്തിന്, തേങ്ങ - 1, തേങ്ങ രണ്ടു പച്ചമുളകും ഇഞ്ചിയും ചേര്‍ത്ത് ചതച്ചെടുക്കുക.
പാകം ചെയ്യുന്ന വിധം
എല്ലാ കഷണങ്ങളും ഒരേ വലിപ്പത്തില്‍ മുറിച്ചെടുത്ത് മുളക്‌പൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. അതിലേക്ക് തേങ്ങയുടെ അരപ്പും ചേര്‍ക്കുക. നല്ലപോലെ തിളച്ചു പാകമായാല്‍ തൈര് കട്ടയില്ലാതെ ഉടച്ചത് ചേര്‍ത്ത് കറിവേപ്പിലയും വെളിച്ചെണ്ണയും തൂവി ഉപയോഗിക്കാം. വടക്കന്‍ ജില്ലകളില്‍ തയ്യാറാക്കുന്ന രീതിയാണ് ഇത്.