തിരുവനന്തപുരം: ഔദ്യോഗിക ഉദ്ഘാടനം വൈകുമ്പാഴും വിഴിഞ്ഞം പൂര്‍ണ്ണ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ ദിവസം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് രണ്ടു കപ്പലുകള്‍ ബര്‍ത്തിലെത്തി. ഏഴു കപ്പലുകള്‍ കൂടി ഉടനെത്തും. വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ ലോകം തിരിച്ചറിഞ്ഞതിന് തെളിവാണ് ഇത്. അടിസ്ഥാന സൗകര്യ വികസനത്തിലെ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള അതിവേഗ പ്രവര്‍ത്തനമാണ് നടക്കുന്നത്. റോഡ് കണക്ടിവിറ്റിയില്‍ വ്യക്തത വന്നാല്‍ ഉടന്‍ ഔദ്യോഗിക ഉദ്ഘാടനവും നടക്കും. വിഴിഞ്ഞത്ത് ഒരേസമയം രണ്ട് മദര്‍ഷിപ്പുകള്‍ക്ക് ബെര്‍ത്ത് ചെയ്യാന്‍ സൗകര്യമുണ്ടെന്നത് നേട്ടമായി. രണ്ട് കപ്പലുകളുടെ വരവ് ലോകത്തിന് നല്‍കുന്നത് ഈ സന്ദേശമാണ്. ഒക്ടോബര്‍ അവസാനത്തോടെയാവും തുറമുഖത്തിന്റെ കമ്മിഷനിങ് നടത്തുക എന്നാണ് സൂചന.

'എംഎസ്സി തവ്വിഷി' വെള്ളി പകല്‍ ഒന്നരയോടെയും 'എയ്റ' ശനി വൈകിട്ട് മൂന്നോടെയുമാണ് തീരമണഞ്ഞത്. 800 മീറ്റര്‍ ബെര്‍ത്താണ് വിഴിഞ്ഞത്തുള്ളത്. തവ്വിഷിക്ക് 278 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയും 13.5 മീറ്റര്‍ ഡ്രാഫ്റ്റുമുണ്ട്. എയ്റയ്ക്ക് 203 മീറ്റര്‍ നീളവും 26 മീറ്റര്‍ വീതിയും 9.5 മീറ്റര്‍ ഡ്രാഫ്റ്റും ഉണ്ട്. തുറമുഖത്തെത്തുന്ന 12-ാമത്തെ കപ്പലാണ് എയ്റ. കണ്ടെയ്നറുകള്‍ ഇറക്കി രാത്രിയോടെ എയ്റ തുറമുഖംവിട്ടു. തവ്വിഷി ഞായറാഴ്ച തിരിച്ചുപോകും. ട്രയല്‍ റണ്‍ ആരംഭിച്ചശേഷം ഇതുവരെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കൈകാര്യം ചെയ്തത് കാല്‍ലക്ഷത്തിലധികം കണ്ടെയ്നറാണ്. ജൂലൈ 11നാണ് ട്രയല്‍ റണ്‍ തുടങ്ങിയത്. അന്നും പിറ്റേന്നുമായി രണ്ടായിരത്തിലധികം കണ്ടെയ്നറുകള്‍ ഇറക്കി.

2025 മാര്‍ച്ച് 31 വരെ അറുപതിനായിരം ടിഇയു കണ്ടെയ്നര്‍ കൈകാര്യം ചെയ്യാനായിരുന്നു ലക്ഷ്യം. ഈ ആഴ്ച ഏഴു കപ്പലുകള്‍കൂടി എത്തുന്നതോടെ ഇത് മറികടക്കും. ആദ്യമെത്തുന്ന എംഎസ്സി അന്നയാണ് ഇതില്‍ ഏറ്റവും വലുത്. 400 മീറ്ററാണ് നീളം. എംഎസ്സി കേപ്ടൗണ്‍ 3, എംഎസ്സി റോസ്, എഎസ് ആല്‍വ, എംഎസ്സി അന്ന, എംഎസ്സി പലെമോ, എഎസ് സിസിലിയ, എംഎസ്സി പോളോ എന്നീ കപ്പലുകളും വിഴിഞ്ഞത്ത് ഉടന്‍ എത്തും. കപ്പലുകളില്‍നിന്ന് ഇവിടെ സ്ഥാപിച്ചിരിക്കുന്ന ക്രെയിനുകളുപയോഗിച്ച് കണ്ടെയ്നറുകള്‍ ഇറക്കുകയും തിരികെ കയറ്റുകയും ചെയ്യുന്ന സാങ്കേതികപ്രവര്‍ത്തനങ്ങളുടെ ട്രയല്‍ റണ്ണാണ് ഇപ്പോള്‍ നടക്കുന്നതെന്ന് തുറമുഖ അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച വന്ന എം.എസ്.സി.യുടെ കൂറ്റന്‍ മദര്‍ഷിപ്പ് ക്ലൗഡ് ജിറാര്‍ഡെറ്റിനുശേഷമാണ് തുടര്‍ച്ചയായി കപ്പലുകള്‍ എത്തിത്തുടങ്ങിയത്. വ്യത്യസ്ത വലുപ്പമുള്ള രണ്ട് കപ്പലുകള്‍ക്ക് ഒരേ സമയം ബെര്‍ത്തിലടുപ്പിക്കാനായെന്ന് ഏറെ ഗുണകരമായി മാറും. കഴിഞ്ഞ 19-ന് 4000ത്തോളം കണ്ടെയ്നറുകളമായി എത്തിയതാണ് 'എംഎസ്സി തവ്വിഷി'. ഇതില്‍നിന്നുള്ള കണ്ടെയ്നറുകള്‍ ഇറക്കുന്നത് പൂര്‍ത്തിയായി വരുന്നതേയുള്ളൂ. ഞായറാഴ്ചയോടെയാവും ഈ കപ്പല്‍ തുറമുഖംവിടുക. ഇതേസമയംതന്നെ ഐറ എന്ന വലുപ്പം കുറഞ്ഞ കപ്പലും തുറമുഖത്ത് എത്തി. ഇതില്‍നിന്നുള്ള 200 കണ്ടെയ്നറുകള്‍ ഇറക്കിയശേഷം വൈകീട്ടോടെ മടങ്ങി.

ഇനി പുറംകടലില്‍ നങ്കൂരമിട്ടിരിക്കുന്ന 364 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമുള്ള 'റോസ്', 223 മീറ്റര്‍ നീളമുള്ളതും 30 മീറ്റര്‍ വീതിയുമുള്ള 'കേപ്ടൗണ്‍-3' എന്നീ കപ്പലുകള്‍ ഞായറാഴ്ച ഉച്ചയോടെ തുറമുഖത്ത് അടുപ്പിച്ചേക്കും. 25-ന് പുലര്‍ച്ചെ എം.സി.യുടെതന്നെ കൂറ്റന്‍ മദര്‍ഷിപ്പായ 400 മീറ്റര്‍ നീളവും 58 മീറ്റര്‍ വീതിയുമുള്ള അന്നയും വിഴിഞ്ഞം തുറമുഖത്ത് അടുത്തേക്കും. അതായത് വിഴിഞ്ഞത്ത് എത്താന്‍ കപ്പലുകള്‍ ഓരോന്നായി എത്തികൊണ്ടിരിക്കുകയാണ്.

വിഴിഞ്ഞം തുറമുഖം ട്രയല്‍ റണ്‍ ആരംഭിച്ചതിന് ഇന്ത്യയിലേക്കുള്ള ചരക്കുകള്‍ ഇറക്കിയിരുന്ന കൊളംബോയില്‍ കപ്പല്‍ എത്തുന്നത് കുറഞ്ഞുതുടങ്ങി. ആറുശതമാനത്തിന്റേതാണ് കുറവ്. രണ്ടാമത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ മെര്‍സ്‌ക് ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കത്തിന് വിഴിഞ്ഞം തുറമുഖത്തെ ഉള്‍പ്പെടുത്തി പുതിയ പദ്ധതി ആവിഷ്‌കരിച്ചതായാണ് റിപ്പോര്‍ട്ട്. തുറമുഖത്ത് കപ്പല്‍ അടുപ്പിക്കുന്നതിന് ഉള്‍പ്പെടെയുള്ള നിരക്ക് കൊളംബോയിലേതിനേക്കാള്‍ പകുതിയാണ്. കൊളംബോയില്‍ ഏകദേശം 1762377 രൂപയും വിഴിഞ്ഞത്ത് 839227 രൂപയുമാണ്. ഇതും കപ്പല്‍ കമ്പനികളെ ആകര്‍ഷിക്കുന്നു.

ഓട്ടോമാറ്റിക് തുറമുഖമായതിനാല്‍ വേഗത്തില്‍ ചരക്ക് ഇറക്കാനും കയറ്റാനുമാകും. സമയനഷ്ടവുമില്ല. കൊളംബോയില്‍ തുറമുഖത്ത് അടുപ്പിക്കാന്‍ തിരക്ക് കാരണം കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്.