- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുറമുഖം പ്രവര്‍ത്തന സജ്ജമെങ്കിലും തിരുവനന്തപുരത്ത് കയറ്റിറക്കുമതി നടക്കില്ല! തുടങ്ങുന്നത് വലിയ കപ്പലുകളില്‍ ചരക്കെത്തിച്ച് ചെറിയ കപ്പലുകളില്‍ മറ്റിടങ്ങളില്‍ എത്തിക്കുന്ന ട്രാന്‍സ്ഷിപ്മെന്റ് മാത്രം; ആ റോഡില്ലാ വീഴ്ച തിരിച്ചടി തന്നെ; റെയില്‍ ട്രാക്ക് പണി തുടങ്ങിയതു പോലുമില്ല; വിഴിഞ്ഞത്ത് ഓപ്പറേഷന് തുടങ്ങുമ്പോള്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി പ്രവര്‍ത്തനസജ്ജം. ഓപ്പറേഷണല്‍ ഘട്ടം ആരംഭിച്ചു. വിസിലും(വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ്) അദാനി ഗ്രൂപ്പും തമ്മിലുള്ള തുറമുഖ നിര്‍മാണക്കരാര്‍ അവസാനിക്കുന്ന 2024 ഡിസംബര്‍ മൂന്നു മുതലാണ് തുറമുഖത്തിന്റെ കമ്മിഷനിങ്. പ്രധാനമന്ത്രിയുടെ സൗകര്യം കണക്കിലെടുത്തായിരിക്കും ഉദ്ഘാടനച്ചടങ്ങ്. തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ചെന്നൈ ഐ.ഐ.ടി.യുടെ ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയര്‍മാരുടെ സംഘം നിര്‍മാണം പൂര്‍ത്തിയായെന്നുള്ള സര്‍ട്ടിഫിക്കറ്റ് വിഴിഞ്ഞത്തിന് നല്‍കും.
അറുപതു കപ്പലുകള്‍ എത്തിയ ട്രയല്‍ റണ്‍ വന്‍ വിജയമായിരുന്നു. ട്രയല്‍ റണ്ണിന്റെ നാലു മാസത്തിനിടെ, ഒരു ലക്ഷത്തിലേറെ കണ്ടെയ്‌നറുകളാണ് തുറമുഖം കൈകാര്യംചെയ്തത്. ഓപ്പറേഷനെ ബാധിക്കാത്ത ചില നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയാകാനുള്ളതിനാല്‍, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് കംപ്ലീഷന്‍ ആണ് ഇപ്പോള്‍ ലഭിക്കുക. പണികള്‍ തീര്‍ക്കാന്‍ മൂന്നു മാസംകൂടി സമയം അനുവദിച്ചിട്ടുണ്ട്. തുറമുഖനിര്‍മാണത്തിനായി അദാനി ഗ്രൂപ്പിന് സംസ്ഥാന സര്‍ക്കാര്‍ 1600 കോടി രൂപയാണ് നല്‍കേണ്ടത്. പണി പൂര്‍ത്തിയായെങ്കിലും ഇതുവരെ 700 കോടി രൂപ മാത്രമേ നല്‍കിയിട്ടുള്ളൂ. 900 കോടി കൂടി അടിയന്തരമായി നല്‍കേണ്ടതുണ്ട്. ഇതാവശ്യപ്പെട്ടുള്ള കത്ത് സര്‍ക്കാരിന് അദാനി നല്‍കിയിട്ടുണ്ട്.
നിലവില്‍ പ്രവര്‍ത്തനസജ്ജമായെങ്കിലും റോഡ് കണക്ടിവിറ്റി പൂര്‍ത്തിയാകാത്തതിനാല്‍ കേരളത്തിലേക്കുള്ള കയറ്റിറക്കുമതി ഉടനുണ്ടാകാനിടയില്ല. വലിയ കപ്പലുകളില്‍ ചരക്കെത്തിച്ച് ചെറിയ കപ്പലുകളില്‍ മറ്റിടങ്ങളില്‍ എത്തിക്കുന്ന ട്രാന്‍സ്ഷിപ്മെന്റ് മാത്രമാകും ഇപ്പോള്‍ നടക്കുക. തിരുവനന്തപുരത്തെ കയറ്റിറക്കുമതിക്ക് ഇനിയും ഏറെ നാള്‍ എടുക്കും. ലക്ഷ്യബോധത്തോടെ റോഡ് നിര്‍മ്മാണവും റെയില്‍ ട്രാക്ക് നിര്‍മ്മാണവും നടത്താത്തതാണ് ഇതിന് കാരണം. അടുത്ത ദിവസം മുതല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അദാനി ഗ്രൂപ്പ് വിസിലിനെ രേഖാമൂലം അറിയിക്കും. കരാര്‍പ്രകാരം 2035 മുതലായിരിക്കും തുറമുഖത്തിന്റെ വരുമാനം വിസിലുമായി പങ്കുവെക്കുക. ഇത്തരമൊരു പദ്ധതിയ്ക്ക് വേണ്ടി റെയില്‍വേ ട്രാക്ക് പണി തുടങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല.
ലോകത്തെ മുന്‍നിര കപ്പല്‍ കമ്പനിയായ എം.എസ്.സി., തങ്ങളുടെ അടുത്ത വര്‍ഷത്തെ ഷെഡ്യൂളില്‍ രണ്ട് പ്രധാന സര്‍വീസുകളിലും വിഴിഞ്ഞത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ജെയ്ഡ് സര്‍വീസിലും യൂറോപ്പിനെയും കിഴക്കന്‍ ഏഷ്യയെയും ബന്ധിപ്പിക്കുന്ന ഡ്രാഗണ്‍ സര്‍വീസിലുമാണ് വിഴിഞ്ഞത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ലോകത്തെ ഏറ്റവും വലിയ കപ്പലായ എം.എസ്.സി. ഐറിന വിഴിഞ്ഞത്തെത്താനുള്ള സാധ്യതയും തെളിഞ്ഞു. ഇതെല്ലാം വിഴിഞ്ഞത്തിന് വലിയ മുതല്‍ക്കൂട്ടാകും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ചരക്ക് ഗതാഗതത്തിനായി തുറന്നുകൊടുത്തതോടെ കേരളത്തിന്റെ വിവിധ രംഗങ്ങളിലെ സാധ്യതകളും വര്‍ധിച്ചുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. പ്രധാനനേട്ടം നികുതി വരുമാനം കൂടുമെന്നതാണ്. ചരക്കിറക്കുമ്പോള്‍ അതിന്റെ മൂല്യത്തിന്മേല്‍ ഇന്റഗ്രേറ്റഡ് ജിഎസ്ടി കൂടി കസ്റ്റംസ് വിഭാഗം ഈടാക്കും. ഇതിന്റെ പകുതി സംസ്ഥാനത്തിനാണ്. പുറമെ ചരക്കുകള്‍ കയറ്റിയിറക്കു ഫീസുമായി ബന്ധപ്പെട്ട നികുതിയും ലഭിക്കും. തുറമുഖം കപ്പലുകള്‍ക്ക് നല്‍കുന്ന മറ്റു സേവനങ്ങളുടെ ഫീസിലും കപ്പലുകള്‍ തുറമുഖത്ത് ഇന്ധനം നിറയ്ക്കുന്ന ചില സാഹചര്യങ്ങളിലും സംസ്ഥാനത്തിന് നികുതി ലഭിക്കും. ഒരു കപ്പല്‍ വന്നു പോകുമ്പോള്‍ ഒരു കോടി രൂപ എങ്കിലും വിഴിഞ്ഞം തുറമുഖത്തിന് ലഭിക്കും. ഇതിന്റെ 18 ശതമാനം ജിഎസ്ടിയാണ്. അതില്‍ പകുതി കേരളത്തിനുള്ളതാണ്. അങ്ങനെ നികുതി വരുമാനം കൂടും.
രാജ്യത്തേക്കുള്ള കണ്ടെയ്‌നറുകളില്‍ 70-80 ശതമാനംവരെ കൊളംബോ തുറമുഖത്താണ് ഇറക്കുന്നത്. അതില്‍ 20-30 ശതമാനംവരെ വിഴിഞ്ഞത്തേക്ക് കൊണ്ടുവരാന്‍ കഴിയും. ഒന്നാംഘട്ടത്തില്‍ തുറമുഖത്തിന് 10 ലക്ഷം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയാണുള്ളത്. 15 ലക്ഷം കണ്ടെയ്‌നര്‍ കൊണ്ടുവരാന്‍ കഴിയും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും സപ്ലിമെന്ററി കണ്‍സെഷന്‍ കരാറില്‍ ഏര്‍പ്പെടും. ആര്‍ബിട്രേഷന്‍ നടപടികള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് സപ്ലിമെന്ററി കരാര്‍ ആവശ്യമായി വന്നത്. നിയമവകുപ്പിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും ഉപദേശം തേടിയശേഷമാണ് സപ്ലിമെന്ററി കരാര്‍ കേരളം അംഗീകരിച്ചത്. കരാര്‍പ്രകാരം 2045-ല്‍ പൂര്‍ത്തിയാക്കേണ്ട വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട പ്രവൃത്തികള്‍ 2028ഓടെ പൂര്‍ത്തീകരിക്കും. ഇത് സാധ്യമായില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും.
നേരത്തെയുള്ള കരാറില്‍നിന്നു വ്യത്യസ്തമായി തുറമുഖത്തിന്റെ മുഴുവന്‍ ഘട്ടങ്ങളും 2028ഓടെ പൂര്‍ത്തിയാകും. നാലുവര്‍ഷത്തിനകം 10,000 കോടി രൂപയുടെ പുതിയ നിക്ഷേപം അദാനി പോര്‍ട്ട് നടത്തും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ തുറമുഖത്തിന്റെ കുറഞ്ഞശേഷി 30 ലക്ഷം ടി.ഇ.യു. ആകും. കോവിഡ്, ഓഖി, പ്രളയം തുടങ്ങിയ പ്രതിസന്ധികളുണ്ടായതു കണക്കിലെടുത്ത് പദ്ധതി കാലയളവ് അഞ്ചുവര്‍ഷം നീട്ടി നല്‍കും. പദ്ധതിക്ക് കാലതാമസം വന്നതിനാല്‍ പിഴയായ 219 കോടി രൂപയില്‍ 43.8 കോടി രൂപ സംസ്ഥാനം പിഴയായി ഈടാക്കും. ബാക്കിത്തുക 2028വരെ തടഞ്ഞുവെക്കും. 2028-ല്‍ പദ്ധതി സമ്പൂര്‍ണമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ കരാര്‍ കാലാവധി അഞ്ചുവര്‍ഷം നീട്ടിയത് റദ്ദുചെയ്യും. തടഞ്ഞുവെച്ച തുകയും സര്‍ക്കാര്‍ തിരിച്ചു പിടിക്കും.