- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതുവരെ ഇന്ത്യന്‍ കണ്ടെയ്‌നര്‍ നീക്കത്തിന്റെ 75 ശതമാനവും കൈകാര്യം ചെയ്തത് കൊളംബോ തുറമുഖം; വലിയ തോതിലുള്ള വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവും രാജ്യത്തിനുണ്ടായി; നാളെ മുതല്‍ കളി പുതിയ തലത്തില്‍; പ്രധാനമന്ത്രിയെ തുറമുഖത്ത് സ്വീകരിക്കുക കൂറ്റന്‍ മദര്‍ഷിപ്പ്; കടലില്‍ യുദ്ധകപ്പല്‍ അടക്കമുള്ള സുരക്ഷാ സന്നാഹം; മോദി ഇന്നെത്തും; വിഴിഞ്ഞം സര്‍വ്വസജ്ജം; കമ്മീഷനിംഗ് ആഘോഷമാകും
തിരുവനന്തപുരം : കേരളത്തിനിത് സ്വപ്നസാഫല്യം. സ്വതന്ത്ര ഇന്ത്യയുടെ വികസന ചരിത്രത്തിലെ മറ്റൊരു അഭിമാന മുഹൂര്‍ത്തമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് വെള്ളിയാഴ്ച. രാജ്യത്തെ ആദ്യ ആഴക്കടല്‍ ട്രാന്‍ഷിപ്‌മെന്റ് തുറമുഖം രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിക്കും. മെയ് ഒന്നിന് എം എസ് എ സി സെലസ്റ്റീനോ മറെസ്‌കാ എന്ന കൂറ്റന്‍ മദര്‍ഷിപ്പാകും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുക. പുറംകടലില്‍ എത്തിയ കപ്പല്‍ വ്യാഴാഴ്ച ബര്‍ത്തിലടുപ്പിക്കും. 24,116 ടിഇയു കണ്ടയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലിന് 399 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുണ്ട്.
വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. പ്രദേശത്തിന്റെ നിയന്ത്രണം എന്‍ എസ് ജി ഏറ്റെടുത്തു. നാവിക സേനയുടെ യുദ്ധ കപ്പല്‍ അടക്കം വിഴിഞ്ഞം തീരത്ത് തമ്പടിച്ചിട്ടുണ്ട്. ഇതിനൊപ്പം വ്യോമസേനയ്ക്ക് ആകാശ നിരീക്ഷണ ചുമതലയും ഉണ്ട്. കമ്മീഷനിംഗിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന സാഹചര്യത്തിലാണ് വിപുലമായ സുരക്ഷാ ക്രമീകരണം. ഇന്ന് രാത്രി ഏഴു മണിയോടെ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തും. രാജ് ഭവനില്‍ തങ്ങും. വെള്ളിയാഴ്ച രാവിലെ വിഴിഞ്ഞത്ത് എത്തും. 11 മണിക്കാണ് ഉദ്ഘാടനം. പഹല്‍ഗാം സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് അതിശക്തമായ സുരക്ഷ ഒരുക്കുന്നത്. കേന്ദ്ര ഇന്‍ലിജന്‍സ് അടക്കമുളള ഏജന്‍സികളും ഏകോപനത്തിന് തിരുവനന്തപുരത്ത് സജീവമാണ്. മേയ് 2ന് 10 മണിയോടെ പ്രധാനമന്ത്രി തുറമുഖത്ത് എത്തി സന്ദര്‍ശനം നടത്തും. അതിനു ശേഷം 11 മണിയോടെ ആയിരിക്കും യോഗം ആരംഭിക്കുക. അതിന് ശേഷം പ്രധാനമന്ത്രി ഡല്‍ഹിക്ക് മടങ്ങും.തുറമുഖ കമ്മീഷനിംഗ് ആഘോഷമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, തുറമുഖമന്ത്രി വി എന്‍ വാസവന്‍ എന്നിവര്‍ പങ്കെടുക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്. ഇന്ത്യന്‍ കണ്ടെയ്‌നര്‍ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ തുറമുഖമാണ് കൈകാര്യം ചെയ്തിരുന്നതെന്നും വലിയ തോതിലുള്ള വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവുമാണ് രാജ്യത്തിനുണ്ടായിരുന്നതെന്നതുമാണ് വസ്തുത. വിഴിഞ്ഞം സജ്ജമാകുന്നതോടെ കൊളംബോ തുറമുഖം കൈകാര്യംചെയ്ത നല്ലൊരുഭാഗം ഇന്ത്യന്‍ ട്രാന്‍സ്ഷിപ്മെന്റ് കാര്‍ഗോയും വിഴിഞ്ഞത്തെത്തും. ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്തിന് വര്‍ഷം 15 ലക്ഷം ടിഇയു കണ്ടെയ്നര്‍ കൈകാര്യശേഷിയുണ്ട്. 2024 ജൂലൈ 11 മുതല്‍ ട്രയല്‍ റണ്ണും ഡിസംബര്‍ മൂന്ന് മുതല്‍ കൊമേഴ്സ്യല്‍ ഓപ്പറേഷനും നടക്കുന്നു ഇതിനകം 283 കപ്പലുകളെത്തി. ആറ് ലക്ഷം കണ്ടെയ്നര്‍ കൈകാര്യംചെയ്തു. ഇതെല്ലാം വിഴിഞ്ഞത്തിന്റെ അനന്ത സാധ്യതകളാണ് തുറന്നു കാട്ടുന്നത്.
അതിനിടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കമ്മിഷനിങ്ങുമായി ബന്ധപ്പെട്ട് ക്ഷണം കിട്ടയവരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുകയാണ്. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. ഇതിനൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ അതിഥികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സംസ്ഥാന തുറമുഖമന്ത്രി, മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, സജി ചെറിയാന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ.എ.റഹിം, എന്‍.വിന്‍സന്റ് എംഎല്‍എ, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, മേയര്‍ ആര്യ രാജേന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, കരണ്‍ അദാനി തുടങ്ങിയവരുടെ പേരാണ് കേന്ദ്രത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ അയച്ചത്.
ഇതില്‍ ആരൊക്കെ വേദിയില്‍ ഇരിക്കണമെന്നു തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസാണ്. സാധാരണ നിലയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിയില്‍ ഏഴു പേരില്‍ കൂടുതല്‍ ആളുകളെ പ്രസംഗിക്കാന്‍ അനുവദിക്കില്ല. ഇതില്‍ രാജീവ് ചന്ദ്രശേഖര്‍ എത്തിയത് അസ്വാഭാവികമാണെന്നാണ് ഉയരുന്ന വാദം. അതിനിടെ കേന്ദ്രത്തിനു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ പ്രതിപക്ഷ നേതാവ് സതീശന്റെ പേര് ഉണ്ടായിരുന്നെന്നു തുറമുഖമന്ത്രി വി.എന്‍.വാസവന്‍ പ്രതികരിച്ചു. വേദിയില്‍ പ്രതിപക്ഷ നേതാവിനു സ്ഥാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കമ്മിഷനിങ് ചടങ്ങ് സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷം തന്നെയാണെന്നും മന്ത്രി ആവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കി പി.പി.പി മോഡലില്‍ നടത്തുന്ന പദ്ധതിയാണ്. അത് വാര്‍ഷികസമയത്ത് ഉദ്ഘാടനം ചെയ്യുമ്പോള്‍ വാര്‍ഷികാഘോഷമാണെന്നു പറയുന്നതില്‍ എന്താണു കുഴപ്പമെന്നും മന്ത്രി ചോദിച്ചു. പതിനായിരം പേരോളം പങ്കെടുക്കുന്ന ചടങ്ങാണ് സംഘടിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. എങ്കിലും കോണ്‍ഗ്രസിന്റെ എംപിമാരും എംഎല്‍എയും ചടങ്ങില്‍ എത്തുകയും ചെയ്യും.
പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു പട്ടിക കിട്ടിയ ഉടന്‍ പ്രതിപക്ഷ നേതാവിനു കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെ ഉള്‍പ്പെടുത്തിയത് ബിജെപി അധ്യക്ഷന്‍ എന്ന നിലയില്‍ അല്ല. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് ഇത്തരമൊരു കാര്യം പറയുമ്പോള്‍ നിരാകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. 21ന് സംഘാടകസമിതി യോഗം ചേര്‍ന്നപ്പോള്‍ എംഎല്‍എയെയും എംപിയെയും ക്ഷണിച്ചിരുന്നു. ഇരുവരും പങ്കെടുത്തില്ല. 23ന് സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനത്തിനും അവര്‍ എത്തിയില്ല. എന്നിട്ടും ഇവരുടെ പേര് ഉള്‍പ്പെടുത്തിയാണ് പട്ടിക കൊടുത്തതെന്നും മന്ത്രി പറഞ്ഞു.