- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് മാര്‍ഗം ചരക്കെത്തിച്ച് യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആഫ്രിക്കയിലേക്കും ഇപ്പോഴുള്ളതിന്റെ പകുതിയിലേറെ സമയം കൊണ്ട് എത്തിക്കാനാകും; ലോകത്ത് ഏറ്റവും വളര്‍ച്ചയുള്ള ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖം; കേരള പിറവി ദിനം മുതല്‍ റോഡു വഴിയും ചരക്കു നീക്കം; വിഴിഞ്ഞം അടുത്ത ഘട്ടത്തിലേക്ക്; കേരളത്തിന് പ്രതീക്ഷകള്‍ ഏറെ
തിരുവനന്തപുരം; വിഴിഞ്ഞം കൂടുതല്‍ ഉയരങ്ങളിലേക്ക്. എല്ലാ അര്‍ത്ഥത്തിലും തുറമുഖ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ് വിഴിഞ്ഞും. ഇതോടെ കേരളത്തിന് വരുമാനം കൂടും. ഇന്ത്യയിലേക്കുള്ള തുറമുഖ കവാടമായി വിഴിഞ്ഞം മാറും. കേരളപ്പിറവി ദിനംമുതല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആഭ്യന്തര ചരക്ക് കയറ്റിറക്ക് നടക്കും. ഇതോടെ കയറ്റുമതിയും ഇറക്കുമതിയുമെല്ലാം ഈ തുറമുഖം വഴി നടക്കും. നിലവില്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായാണ് പ്രവര്‍ത്തനം. കേരള പിറവിയോടെ അത് അടുത്ത ഘട്ടത്തിലെത്തും. ഏറ്റവും വളര്‍ച്ചയുള്ള ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമായാണ് വിഴിഞ്ഞത്തെ വിലയിരുത്തുന്നത്.
കസ്റ്റംസ് അനുമതി ലഭ്യമായതോടെയാണിത്. വിഴിഞ്ഞത്തെയും ദേശീയപാതയെയും ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും. 300 മീറ്റര്‍ റോഡുകൂടി നിര്‍മിക്കാനുണ്ട്. ഗേറ്റ് വേ കാര്‍ഗോ തുടങ്ങുന്നതോടെ തുറമുഖത്തിന്റെ ഗുണം പ്രാദേശിക വിപണിയിലും പ്രതിഫലിക്കും. കാര്‍ഷിക, മത്സ്യമേഖലയില്‍ കയറ്റുമതി വര്‍ധിക്കും. വിഴിഞ്ഞത്തുനിന്ന് റോഡ് മാര്‍ഗം ചരക്കെത്തിച്ച് യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഇപ്പോഴുള്ളതിന്റെ പകുതിയിലേറെ സമയംകൊണ്ട് എത്തിക്കാനാകും. യൂറോപ്യന്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന മെഡിറ്ററേനിയന്‍ ഷിപ്പിങ് കന്പനിയുടെ(എംഎസ്സി) ജേഡ് സര്‍വീസും ആഫ്രിക്കന്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ചരക്കുകപ്പല്‍ സര്‍വീസും വിഴിഞ്ഞത്ത് എത്തുന്നുണ്ട്. ഇത് വിഴിഞ്ഞത്തിന്റെ പ്രസക്തി കൂട്ടും. കൂടുതല്‍ അന്താരാഷ്ട്ര ചരക്കു കപ്പലുകളും എത്തും. വിനോദ സഞ്ചാര സാധ്യതകള്‍ക്കും വഴി തുറക്കും.
കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും റോഡ് മാര്‍ഗം ചരക്കുകള്‍ എത്തിക്കാനും കൊണ്ടുപോകാനും സംവിധാനം പ്രയോജനപ്പെടുത്തും. നിലവില്‍ വലിയകപ്പലുകളില്‍ എത്തുന്ന ചരക്കുകള്‍ ചെറുകപ്പലുകള്‍ വഴി മറ്റു തുറമുഖങ്ങളിലേക്ക് എത്തിക്കുകയാണ് വിഴിഞ്ഞത്ത് ഇപ്പോള്‍ നടക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് കൊമേഴ്സ്യല്‍ ഓപ്പറേഷന്‍സ് ആരംഭിച്ചത്. ഒന്പതുമാസം പൂര്‍ത്തിയാകുംമുന്പ് കൈകാര്യശേഷി പൂര്‍ണമായും നേടാനായി. 10 ലക്ഷം ടിഇയു ആണ് കൈകാര്യശേഷിയായി നിശ്ചയിച്ചിരുന്നത്. ഇതിനകം 470ലേറെ കപ്പലുകള്‍ വിഴിഞ്ഞത്തെത്തി. 10.20 ലക്ഷത്തിലേറെ കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തു. രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കം തുടങ്ങി. ഇത് പൂര്‍ത്തിയാകുന്നതോടെ കൈകാര്യശേഷി 45 ലക്ഷം കണ്ടെയ്നറായി ഉയരും.
ഇന്ത്യയുടെ ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ ചരക്ക് നീക്കത്തില്‍നിന്നുണ്ടായ വരുമാനം 450 കോടി രൂപ കടന്നിട്ടുണ്ട്. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് എട്ടാം മാസത്തിലേക്ക് കടക്കുമ്പോഴാണ് ഈ നേട്ടം. ഒരു മാസം മുമ്പത്തെ കണക്കാണ് ഇത്. അന്ന് 448 കപ്പലുകളാണ് ചരക്കുനീക്കത്തിനായി വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. ഇതുവഴി 9.77 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തു. രണ്ടുമുതല്‍ രണ്ടരക്കോടി വരെ കണ്ടെയ്‌നറുകളുടെ ചരക്കുനീക്കമാണ് രാജ്യത്ത് പ്രതിവര്‍ഷം കടല്‍മാര്‍ഗം നടക്കുന്നത്. ഇതില്‍ 25 ശതമാനവും 400 മീറ്ററോളം നീളമുള്ള മദര്‍ഷിപ്പുകള്‍ അടുക്കാവുന്ന ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖങ്ങള്‍ വഴിയാണ്.
മദര്‍ഷിപ്പുകള്‍ക്ക് അടുക്കാവുന്ന വിഴിഞ്ഞത്തുനിന്നാണ് ആഴമില്ലാത്ത തുറമുഖങ്ങളിലേക്ക് കണ്ടെയ്‌നറുകള്‍, ചെറിയ കപ്പലുകള്‍ വഴി കൊണ്ടുപോവുകയും തിരിച്ചെത്തിക്കുകയും ചെയ്യുന്നത്. ഇന്ത്യയില്‍ വിഴിഞ്ഞത്തിന് സമാനമായ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖങ്ങളില്ലാത്തതിനാല്‍ ട്രാന്‍സ്ഷിപ്മെന്റിന്റെ ഭൂരിഭാഗവും ശ്രീലങ്ക, കൊളംബോ, സിങ്കപ്പൂര്‍, സലാല എന്നീ പോര്‍ട്ടുകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഏകദേശം 30 ലക്ഷം കണ്ടെയ്‌നറുകള്‍ ഇത്തരത്തില്‍ വിദേശ തുറമുഖങ്ങള്‍ വഴി കൈകാര്യം ചെയ്യുന്നുണ്ട്. ഇതുവഴി 22 കോടി ഡോളറോളം വിദേശനാണ്യത്തിന്റെ നഷ്ടമാണ് രാജ്യത്തിനുണ്ടാകുന്നത്. ഇതില്‍ 15 ലക്ഷം കണ്ടെയ്‌നറിന്റെ ചരക്കുനീക്കം നടത്താനുള്ള ശേഷി നിലവില്‍ വിഴിഞ്ഞത്തിനുണ്ട്.
അടുത്തഘട്ട വികസനം 2028-ല്‍ പൂര്‍ത്തിയാകുന്നതോടെ 30 ലക്ഷം കണ്ടെയ്‌നര്‍ ശേഷി മറികടക്കുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ, 800 മീറ്റര്‍ നീളമുള്ള ബെര്‍ത്തിന്റെ നീളം രണ്ട് കിലോമീറ്ററായി വര്‍ധിപ്പിക്കും. ഇതോടെ 400 മീറ്റര്‍ നീളമുള്ള നാല് മദര്‍ഷിപ്പുകള്‍ക്ക് ഒരേസമയം വിഴിഞ്ഞത്ത് അടുക്കാം. 2034-ല്‍ തുറമുഖത്തിന്റെ ആകെ വരുമാനത്തിന്റെ ഒരു ശതമാനം ആദ്യ വിഹിതമായി സംസ്ഥാന സര്‍ക്കാരിന് ലഭിക്കും. പിന്നീടുള്ള ഓരോ വര്‍ഷവും ഒരു ശതമാനം എന്ന നിലയില്‍ വര്‍ധിച്ച് ഇത് 40 ശതമാനത്തിലെത്തും.
ഇങ്ങനെ 40 വര്‍ഷംകൊണ്ട് സംസ്ഥാന സര്‍ക്കാരിന് 25,000 കോടി രൂപയോളം ലഭിക്കുമെന്ന് അദാനി പോര്‍ട്സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക്‌സ് സോണ്‍ പറയുന്നു. നിലവില്‍ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് തുറമുഖത്തുനിന്ന് ലഭിക്കുന്നത്.