തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നിന്ന് സാന്‍ ഫര്‍ണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കും. കണ്ടെയ്‌നറുകള്‍ ഇറക്കാന്‍ വൈകുന്നതാണ് ഇതിന് കാരണം. വളരെ പതുക്കെയാണ് കപ്പലില്‍ നിന്നും കണ്ടെയ്‌നറുകള്‍ ഇറക്കുന്നത്. അതിനാല്‍ കൂടുതല്‍ സമയം ചരക്കിറത്തിന് എടുക്കുന്നുണ്ട്. ട്രയല്‍ റണ്‍ ആയതു കൊണ്ടാണ് ഇത്.

1000ഓളം കണ്ടെയ്‌നറുകള്‍ ഇതുവരെ ഇറക്കിയിട്ടുണ്ടെന്നാണ് വിവരം. കണ്ടെയ്‌നര്‍ ഇറക്കുന്നത് പൂര്‍ത്തിയായാല്‍ ഇന്നോ, അല്ലെങ്കില്‍ നാളെയോ സാന്‍ ഫര്‍ണാണ്ടോ തീരം വിടും. 15ന് ആണ് സാന്‍ ഫര്‍ണാണ്ടോയുടെ കൊളംബോ തീരത്തെ ബര്‍ത്തിങ് നിശ്ചയിച്ചിരുന്നത്. കപ്പല്‍ മടങ്ങുന്നത് അനുസരിച്ച് വിഴിഞ്ഞത്ത് ഇറക്കിയ കണ്ടെയ്‌നറുകള്‍ കൊണ്ടുപോകാന്‍ ഫീഡര്‍ കപ്പല്‍ എത്തും. ഈ ചരക്ക് നീക്കവും കരുതലോടെയാകും ചെയ്യുക.

അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും വിഴിഞ്ഞത്ത് എത്താനുണ്ട്. വികസന ലക്ഷ്യം പൂര്‍ത്തിയാക്കാനാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കല്‍ ഇഴഞ്ഞു നീങ്ങുന്നുവെന്ന പരാതി ഉയരുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വികലമായ ധനവിനിയോഗവും പണക്ഷാമവും വികസനത്തെ പിന്നോട്ടുവലിക്കുകയാണെന്ന ആശങ്കയും പരക്കെ ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണ് ചരക്ക് കപ്പലിന്റെ മടക്കം വൈകുന്നത്.

കരവഴിയുള്ള ചരക്കുനീക്കത്തിനു വേണ്ട യാതൊരുവിധ സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. നിലവില്‍ കടല്‍മാര്‍ഗം എത്തുന്ന ചരക്കില്‍ 16 ശതമാനമാണ് കരവഴി നീക്കുമെന്ന് കരുതുന്നത്. എന്നാല്‍ അതിനുള്ള യാതൊരു സൗകര്യങ്ങളും ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടില്ല. മദര്‍ഷിപ്പിലെത്തുന്ന വമ്പന്‍ കണ്ടെയ്നറുകള്‍ കരമാര്‍ഗം ലക്ഷ്യത്തിലെത്തിക്കാന്‍ നിലവില്‍ ഫലപ്രദമായ മാര്‍ഗങ്ങളൊന്നുമില്ലെന്നും ആക്ഷേപമുണ്ട്.

എന്‍എച്ച് ബൈപ്പാസിനെ ബന്ധിപ്പിച്ചുകൊണ്ട് നിര്‍മിക്കുന്ന നാലുവരിപ്പാത പൂര്‍ത്തിയാകാന്‍ ഒന്നരവര്‍ഷത്തോളം സമയമെടുക്കും. തുറമുഖത്തു നിന്നും 15 മുതല്‍ 30 മീറ്റര്‍ ആഴത്തില്‍ ബാലരാമപുരത്ത് എത്തിച്ചേരുന്ന ഭൂഗര്‍ഭ റെയില്‍പ്പാത അനിശ്ചിതത്വത്തിന്റെ മണ്ണുമൂടി കിടക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കൈവശം പണമില്ലാത്തതിനാല്‍ സ്ഥലമേറ്റെടുപ്പുപോലും വെല്ലുവിളിയിലാണ്. കൊങ്കണ്‍ റെയില്‍വേയുമായി നിര്‍മാണ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.

ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മിക്കാനുദ്ദേശിച്ച ഔട്ടര്‍റിങ് റോഡ് സ്ഥലമേറ്റെടുപ്പുപോലും പൂര്‍ത്തിയായിട്ടില്ല. ഇതോടെ ഔട്ടര്‍ റിങ്റോഡിനോടുചേര്‍ന്ന് എട്ട് സാമ്പത്തിക മേഖലകളിലായി 34,000 കോടി രൂപയുടെ ഔട്ടര്‍ ഏരിയാ ഗ്രോത്ത് കോറിഡോര്‍ പദ്ധതിയും അനിശ്ചിതത്വത്തിലായി.