- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ കണ്ടെയ്നര്‍ ബിസിനസ്സിന്റെ കേന്ദ്രമായി കേരളം മാറും; അദാനിയും പിണറായി സര്‍ക്കാരും പ്രതീക്ഷയില്‍; വിഴിഞ്ഞത്ത് സാന്‍ ഫെര്‍ണാണ്‍ഡോ എത്തുമ്പോള്‍
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തനസജ്ജമാകുന്നു. പൂര്‍ണതോതില്‍ ചരക്കുനീക്കം നടക്കുന്നതരത്തിലുള്ള ട്രയല്‍റണ്ണാണ് വ്യാഴാഴ്ച തുടങ്ങുന്നത്. തുറമുഖത്തേക്കുള്ള ആദ്യചരക്കുകപ്പല്‍ വ്യാഴാഴ്ച രാവിലെയെത്തും. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്കിന്റെ സാന്‍ ഫെര്‍ണാണ്‍ഡോയെന്ന കപ്പലാണ് വിഴിഞ്ഞത്തേക്ക് കണ്ടെയ്നറുകളുമായെത്തുന്നത്. രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമാണ് വിഴിഞ്ഞത്ത് യാഥാര്‍ഥ്യമാകുന്നത്. പി.പി.പി. മാതൃകയില്‍ 7700 കോടിയുടെ പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതിയാണിത്.
നിലവില്‍ സാന്‍ ഫര്‍ണാണ്ടോ വിഴിഞ്ഞത്ത് നിന്നും 25 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്ത്യന്‍ പുറംകടലിലെത്തിച്ചേര്‍ന്നിട്ടുണ്ട്. 7.30ഓടെ തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയിലേക്ക് മദര്‍ഷിപ്പ് എത്തും. ഒന്‍പത് മണിക്ക് ബെര്‍ത്തിംഗ്. വാട്ടര്‍ സല്യൂട്ട് നല്കി കപ്പലിനെ വരവേല്‍ക്കും. നാളെയാണ് ട്രയല്‍ റണ്‍ നടക്കുക. 1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജുലൈ രണ്ടിന് ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്. വെള്ളിയാഴ്ച രാവിലെ 10-ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചരക്കുകപ്പലിന് ഔദ്യോഗികസ്വീകരണം നല്‍കും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുക്കും.
ചൈനയില്‍ നിന്നെത്തിക്കുന്ന കണ്ടെയ്നറുകള്‍ അടുത്ത ദിവസങ്ങളില്‍ തുറമുഖത്തെത്തുന്ന കപ്പലുകളില്‍ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും. ട്രയല്‍ റണ്ണിന്റെ ഭാഗമായി സെപ്റ്റംബര്‍വരെ തുടര്‍ച്ചയായി ചരക്കുകപ്പലുകള്‍ എത്തും. മൂന്നുമാസത്തിനുള്ളില്‍ തുറമുഖത്തിന്റെ വാണിജ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കും. ഓണത്തിന് ഉദ്ഘാടനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2015 ആഗസ്റ്റ് 17 നാണ് വിഴിഞ്ഞം തുറമുഖത്തിനായുള്ള കരാര്‍ ഒപ്പു വയ്ക്കുന്നത്. ആ വര്‍ഷം ഡിസംബറില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തു.
വിഴിഞ്ഞം തുറമുഖത്തിന് 8867 കോടി രൂപയാണ് ആകെ മുതല്‍മുടക്ക്. ഇതില്‍ 5595 കോടി രൂപ സംസ്ഥാന സര്‍ക്കാരും 818 കോടി രൂപ കേന്ദ്ര സര്‍ക്കാരുമാണ് വഹിക്കുന്നത്. ഈ തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്നര്‍ ബിസിനസ്സിന്റെ കേന്ദ്രമായി കേരളം മാറും. സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളര്‍ച്ചയ്ക്കും വിഴിഞ്ഞം തുറമുഖം മുതല്‍ക്കൂട്ടാകും.
12ലെ സ്വീകരണ ചടങ്ങിനു പിന്നാലെ സാന്‍ ഫെര്‍ണാഡോ കൊളംബോക്കു പുറപ്പെടുമെന്നാണ് വിവരം. പുറം കടലില്‍ നിന്നു ആദ്യ ചരക്കു കപ്പലിനെ ബെര്‍ത്തിലേക്ക് വാട്ടര്‍ സല്യൂട്ടോടെ വരവേല്‍ക്കും. വലിയ ടഗായ ഓഷ്യന്‍ പ്രസ്റ്റീജ് നേതൃത്വത്തില്‍ ഡോള്‍ഫിന്‍ സീരിസിലെ 27,28,35 എന്നീ ചെറു ടഗുകളാണ് വാട്ടര്‍ സല്യൂട്ട് നല്‍കിയുള്ള സ്വീകരണമൊരുക്കുക. ബെര്‍ത്തിങ് നടത്തുന്നതിനു പിന്നാലെ ചരക്കിറക്കല്‍ ജോലി തുടങ്ങും. 1500 മുതല്‍ 2000 വരെ കണ്ടെയ്നറുകള്‍ ആവും കപ്പലില്‍ ഉണ്ടാവുക എന്നാണ് പ്രാഥമിക വിവരം.
ഇവ ഇറക്കുന്നതിനു ഒരു ദിവസം മതിയാകും എന്നു ബന്ധപ്പെട്ടവര്‍ പറയുന്നു. ഓട്ടമേറ്റഡ് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന എസ്ടിഎസ്, യാര്‍ഡ് ക്രെയിനുകളാണ് ചരക്കിറക്കല്‍ ദൗത്യം നടത്തുന്നത്. വലിയ കപ്പലില്‍ നിന്നു ചെറു കപ്പലിലേക്കുള്ള ചരക്കു കയറ്റല്‍(ട്രാന്‍ഷിപ്മെന്റ്) നടത്തുന്നതിനായി മാറിന് അജൂര്, സീസ്പാന്‍ സാന്റോസ് എന്നീ രണ്ട് ചെറു കപ്പലുകള്‍ എത്തുമെന്നാണ് സൂചന.