തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട വികസനത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശനിയാഴ്ച വൈകിട്ട് നാലിന് വിഴിഞ്ഞത്ത് നടന്ന ചടങ്ങിലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തുറമുഖത്തുനിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാര്‍ഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേക്ക് നിര്‍മിച്ച പുതിയ പോര്‍ട്ട് റോഡിന്റെയും ഉദ്ഘാടനവും അനുബന്ധമായി നടന്നു.

ഒന്നാംഘട്ടത്തില്‍ 8,867 കോടിരൂപയായിരുന്നു പദ്ധതിച്ചെലവ്. 10,000 കോടിരൂപയിലധികം നിക്ഷേപമുള്ള രണ്ടാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ മൊത്തംനിക്ഷേപം 18,000 കോടിയായി ഉയരും. തുറമുഖത്തിന്റെ വാര്‍ഷികശേഷി 15 ലക്ഷം ടിഇയുവില്‍നിന്ന് 50 ലക്ഷം ടിഇയുവായി വര്‍ധിക്കും. നിലവിലുള്ള ബെര്‍ത്ത് 800 മീറ്ററാണ്. 2000 മീറ്ററായി വികസിപ്പിക്കുന്നതോടെ രാജ്യത്തെ നീളംകൂടിയ കണ്ടെയ്‌നര്‍ ബെര്‍ത്തെന്ന നേട്ടവും സ്വന്തമാകും. 2.96 കിലോമീറ്റര്‍ പുലിമുട്ട് 920 മീറ്റര്‍കൂടി നിര്‍മിച്ച് 3.88 കിലോമീറ്ററാക്കും.

ഒന്നാംഘട്ടത്തില്‍ നിര്‍മിച്ച പുലിമുട്ട് രാജ്യത്തെ ഏറ്റവും ആഴംകൂടിയതാണ്. ബ്രേക്ക് വാട്ടര്‍ മൂന്ന് കിലോമീറ്ററില്‍നിന്ന് നാലുകിലോമീറ്ററാക്കും. റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയും രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടും. തുടര്‍വികസനത്തിന് ഭൂമി ഏറ്റെടുക്കേണ്ടതില്ല. 50 ഹെക്ടറോളം കടല്‍ നികത്തും.

കമ്മീഷനിങ്ങിന് മുന്‍പ് തന്നെ രാജ്യത്തിന്റെ വികസന നാഴികകല്ലായി മാറിയ വിഴിഞ്ഞത്ത് രണ്ടാം ഘട്ടത്തില്‍ 9,700 കോടി രൂപയുടെ നിക്ഷേപമാണ് കാത്തിരിക്കുന്നത്. അദാനി പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ കരണ്‍ അദാനി, മന്ത്രിമാരായ വി.എന്‍. വാസവന്‍, വി. ശിവന്‍കുട്ടി എന്നിവര്‍ ഉദ്ഘാടന വേദിയില്‍ സംസാരിച്ചു. കേരളത്തെ കേന്ദ്രം അവഗണിച്ചെന്ന് സ്വാഗത പ്രസംഗത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി വിമര്‍ശിച്ചു. തൂത്തുക്കുടിക്ക് നല്‍കിയ പരിഗണന കേരളത്തിന് കിട്ടിയില്ല. നീതിയുക്തമല്ലാത്ത നിബന്ധനകളാണ് വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ കേന്ദ്രം അടിച്ചേല്‍പ്പിച്ചത്. കേരളത്തിലേക്ക് എത്തുമ്പോള്‍ നിയമങ്ങള്‍ മാറുന്നു. വിജിഎഫിന്റെ കാര്യത്തില്‍ അതാണ് സംഭവിച്ചതെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ ഉമ്മന്‍ചാണ്ടിയുടെ പങ്ക് എടുത്തുപറഞ്ഞായിരുന്നു കരണ്‍ അദാനി സംസാരിച്ചത്. ഒരു സര്‍ക്കാരിന്റെ മാത്രം പ്രയത്‌നഫലമല്ല വിഴിഞ്ഞം. കൂട്ടായ ശ്രമത്തിന്റെ ഫലമാണ്. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ പദ്ധതി പൂര്‍ത്തിയാവില്ലായിരുന്നു. പ്രതിപക്ഷ നേതാവിനും നന്ദി.രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും വിഴിഞ്ഞത്തിനായി എല്ലാവരും പരിശ്രമിച്ചെന്നും കരണ്‍ അദാനി കൂട്ടിച്ചേര്‍ത്തു.

ലോകത്തില്‍ എവിടേയ്ക്കും ചരക്ക് ഗതാഗതം കൈകാര്യം ചെയ്യാവുന്ന വിധത്തിലാണ് തുറമുഖ വളര്‍ച്ചയെന്ന് മന്ത്രി വി.എന്‍. വാസവനും വേദിയില്‍ പറഞ്ഞു. റോഡ് മാര്‍ഗവും റെയില്‍ മാര്‍ഗവും ചരക്ക് നീക്കം ഉടന്‍ സാധ്യമാകും. തുരങ്ക റെയില്‍ പാതയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇച്ഛാശക്തി കൊണ്ട് മാത്രമാണ് തുറമുഖം ഇത്രമേല്‍ വികസനത്തില്‍ എത്തിയതെന്നും വി.എന്‍. വാസവന്‍ അഭിപ്രായപ്പെട്ടു.