തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം കുതിപ്പിനാണ് ഇതോടെ തുടക്കമായത്. വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറി. നാടിന്റെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമായത്. അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ അദ്ധ്യായമാണിത്.

വിഴിഞ്ഞം തുറമുഖത്തിനായി കേന്ദ്രമന്ത്രി സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പുണ്ട്.എത്രയോ പതിറ്റാണ്ടുകളാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം പേറി നടന്നത്. ഓരോ വട്ടവും വലിയ തടസങ്ങളുണ്ടായി. ഒരു ഭാഗത്ത് പ്രകൃതി ദുരന്തങ്ങളും മഹാമാരിയുമുണ്ടായി. മറുഭാഗത്ത് മറ്റുപ്രശ്‌നങ്ങളും. അത്തരം തടസങ്ങള്‍ക്കുമുന്നില്‍ സ്തംഭിച്ച് നില്‍ക്കാനാവില്ല.

2016ന് മുന്‍പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്തമുണ്ടായത് എല്‍ഡിഎഫ് സര്‍ക്കാരിനാണ്. പലതും നടക്കില്ല എന്നതായിരുന്നു നമ്മുടെ നാട് കേട്ടിരുന്ന ആക്ഷേപം. ഇതൊന്നും കേരളത്തിനുപറ്റിയ കാര്യമല്ലെന്നും പരിഹസിച്ചു. അനേകം പദ്ധതികള്‍ നടപ്പിലാക്കി ആ ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും നമ്മള്‍ മറുപടി നല്‍കി'- ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ വിഴിഞ്ഞം കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായി മാറി കഴിഞ്ഞു. യുവാക്കള്‍ക്ക് തൊഴില്‍ അവസരം നല്‍കി. ചരക്ക് നീക്കത്തിന് മറ്റുള്ളവരെ ആശ്രയിച്ച കാലം അവസാനിച്ചു. ആഗോള കപ്പല്‍ ചാലില്‍ കേരളത്തിന്റെ പേര് സുവര്‍ണ ലിപികളില്‍ എഴുതപ്പെട്ടു. തുറമുഖത്തിന്റെ കരുത്ത് ലോകം തിരിച്ചറിഞ്ഞു. പല തുറമുഖങ്ങളെയും വിഴിഞ്ഞം പിന്നിലാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രണ്ടാം ഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. നിശ്ചയിച്ചതിലും 17 വര്‍ഷം മുന്‍പേ തുടര്‍വികസനം പൂര്‍ത്തിയാകും. സര്‍ക്കാരിന്റെ വരുമാനം നേരത്തെ കണക്കാക്കിയതിലും വര്‍ധിക്കും. 5500 കോടി രൂപ ആദ്യ ഘട്ടത്തില്‍ സംസ്ഥാനം ചെലവാക്കി. മറ്റൊരു സംസ്ഥാനവും തുറമുഖത്തിനായി ഇത്രത്തോളം തുക ചെലവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.റിങ് റോഡ് സാങ്കേതിക പ്രശ്‌നങ്ങളാല്‍ നീണ്ടു പോകുകയാണ്. അതിവേഗം റിങ് റോഡിന് അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വലിയ തോതിലുള്ള വികസനമാണ് വരുന്നത്. വിഴിഞ്ഞത്തിന്റെ തീരത്ത് നിന്ന് ലോകത്തിന് നല്‍കാനുള്ള സന്ദേശം ഒന്ന് മാത്രമാണ്. കേരളം മാറുകയാണെന്നും മുന്നേറുകയാണെന്നമുള്ള സന്ദേശമാണത്. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. എല്ലാത്തിനും കാരണം ജനങ്ങളുടെ പിന്തുണയാണ്. ഇനിയും ജനങ്ങളുടെ പൂര്‍ണ പിന്തുണ പ്രതീക്ഷിക്കുകയാണ്. പൂര്‍ത്തീകരിക്കാനുള്ള കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും. നാടിന്റെ ക്ഷേമവും വികസനവും ഉറപ്പാക്കുന്ന നവകേരളമാണ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

അതേസമയം വിഴിഞ്ഞം പദ്ധതി ഒരു സര്‍ക്കാരിന്റെ മാത്രം പ്രയ്തനമല്ലെന്നും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും കരണ്‍ അദാനി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ പദ്ധതി പൂര്‍ത്തിയാവില്ലായിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ ഉമ്മന്‍ചാണ്ടിയുടെ പങ്കും കരണ്‍ അദാനി പ്രസംഗത്തി. എടുത്തു പറഞ്ഞു. വിഴിഞ്ഞം പദ്ധതി യഥാര്‍ഥ്യമാകാന്‍ പിന്തുണ നല്‍കിയ പ്രതിപക്ഷ നേതാവിനും കരണ്‍ അദാനി നന്ദി പറഞ്ഞു. രാഷ്ട്രീയ ഭിന്നാഭിപ്രായങ്ങള്‍ക്ക് ഇടയിലും വിഴിഞ്ഞത്തിനായി എല്ലാവരും പരിശ്രമിച്ചുവെന്നും കരണ്‍ അദാനി പറഞ്ഞു.

മറ്റൊരു ചരിത്ര നിമിഷമെന്നും തുറമുഖ മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. വിഴിഞ്ഞം പ്രതീക്ഷയ്ക്ക് അപ്പുറമുള്ള വിജയമാണെന്നുംപ്രതിസന്ധ ഘട്ടങ്ങള്‍ തരണം ചെയ്തത് മുഖ്യമന്ത്രിയുടെ ഇച്ഛാശക്തി കൊണ്ടാണെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായി. തുറമുഖത്തിന്റെ സമ്പൂര്‍ണ വികസനമാണ് ഈ ഘട്ടത്തില്‍ പൂര്‍ത്തിയാകുക.

2028ഓടെ നിര്‍മാണം പൂര്‍ത്തിയായി വിഴിഞ്ഞം പൂര്‍ണ സജ്ജമാകും. 10,000 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഈ ഘട്ടത്തില്‍ നടക്കുക. റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. വിഴിഞ്ഞത്ത് ഇതിനകം 710 കപ്പലുകളില്‍ നിന്നായി 15.19 ലക്ഷം കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തിട്ടുള്ളത്. 2028ല്‍ വിഴിഞ്ഞം പൂര്‍ണ സജ്ജമാകുന്നതോടെ തുറമുഖത്തിന്റെ ശേഷി അഞ്ചിരിട്ടയായി ഉയരും.