- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴി കേട്ട ഉമ്മന്‍ചാണ്ടി ജ്യൂഡീഷ്യല്‍ അന്വേഷണത്തേയും അതിജീവിച്ചു; പ്രതിപക്ഷ നേതാവ് വേദിയില്‍ ഉണ്ടായിരുന്നുവെങ്കില്‍; വിഴിഞ്ഞത്തെ താരം വിന്‍സന്റ്
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ മറന്നെങ്കിലും അദാനി ഗ്രൂപ്പ് അതു ചെയ്തില്ല. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അദാനി പോര്‍ട്ടിന് വേണ്ടി കരണ്‍ അദാനി നന്ദി പറഞ്ഞു. പിന്നാലെ ഉമ്മന്‍ചാണ്ടിയുടെ വിഴിഞ്ഞത്തെ അധ്വാനം എടുത്തു പറഞ്ഞ് കോവളം എംഎല്‍എ എം വിന്‍സന്റും എത്തി. വികസനത്തില്‍ രാഷ്ട്രീയം മറന്ന് കൈകോര്‍ക്കാമെന്ന പ്രസ്താവനയുമായി വിന്‍സന്റ് വിഴിഞ്ഞത്തെ യഥാര്‍ത്ഥ താരവുമായി. രാഷ്ട്രീയം മറന്ന് വിഴിഞ്ഞത്ത് പിണറായി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളേയും എംഎല്‍എ പുകഴ്ത്തി. പ്രതിപക്ഷ നേതാവ് കൂടി വേദിയില്‍ ഉണ്ടായിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്ന ആത്മഗത്തില്‍ സര്‍ക്കാരിനെ പരോക്ഷമായി കുറ്റപ്പെടുത്തുക കൂടി വിന്‍സന്റ് ചെയ്തു. സര്‍ക്കാരിനെ നുള്ളി നോവിക്കാതെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ വിഴിഞ്ഞത്ത് നിറയ്ക്കുകയായിരുന്നു വിന്‍സന്റെ തന്റെ പ്രസംഗത്തില്‍ ചെയ്തത്.
ചടങ്ങില്‍ ആദ്യം ഉമ്മന്‍ചാണ്ടിയെ കുറിച്ച് പറഞ്ഞത് കരണ്‍ അദാനിയായിരുന്നു. കേന്ദ്ര സര്‍ക്കാരിന് നന്ദി വാചകങ്ങള്‍ കൊണ്ടു പൊതിഞ്ഞ അദാനി ഗ്രൂപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നേതൃത്വപരമായ ഇടപെടലിനെ പുകഴ്ത്തി. അദാനി വിഴിഞ്ഞം പോര്‍ട്ടെന്ന് വിശദീകരിച്ചായിരുന്നു കരണ്‍ അദാനിയുടെ പ്രസംഗം. ഈ പ്രസംഗത്തിലാണ് തിരുവനന്തപുരം എംപിയായ ശശി തരൂരിനും ഉമ്മന്‍ചാണ്ടിയ്ക്കും നന്ദി പറഞ്ഞത്. കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ച തുറമുഖ മന്ത്രി വിഎന്‍ വാസവനും പിന്നീട് ഉദ്ഘാടന പ്രസംഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനും വിട്ടു കളഞ്ഞ പേരുകളായിരുന്നു തരൂരിന്റേയും ഉമ്മന്‍ചാണ്ടിയുടേതും.
അഴിമിതി നടക്കുമെന്ന് കരുതിയാണ് ആദ്യം തുറമുഖത്തെ എതിര്‍ത്തത്. ഇന്നത് മാറിയെന്നും മുഖ്യമന്ത്രി പിണറായി വജിയന്‍ പറഞ്ഞിരുന്നു. വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോകശ്രദ്ധയിലെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അദാനി ഗ്രൂപ്പിനും നന്ദി പറഞ്ഞു. ഇതിന് ശേഷമാണ് അദാനിയുടെ മകന്റെ പ്രസംഗം. വിഴിഞ്ഞത്ത് വാക്കുപാലിച്ചെന്നായിരുന്നു കരണ്‍ അദാനി വിശദീകരിച്ചത്. പറഞ്ഞ വാക്കുകളെല്ലാം ഗൗതം അദാനി പാലിക്കുമെന്നും പറഞ്ഞു. തുറമുഖത്തിന് വേണ്ട പണം നല്‍കുമെന്നും അത് കണ്ടെത്തുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാലും വിശദീകരിച്ചു. വിഴിഞ്ഞത്ത് വലിയ വികസന പദ്ധതികള്‍ കൊണ്ടു വരുമെന്നും ബാലഗോപാല്‍ പറഞ്ഞു വച്ചു. അതിന് ശേഷം സംസാരിക്കാനുള്ള ഊഴം കോവളം എംഎല്‍എ എം വിന്‍സന്റിനായിരുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ മദര്‍ഷിപ്പിനെ ഔദ്യോഗികമായി സ്വീകരിക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചത് വിവാദമായിരുന്നു. ഉദ്ഘാടന പ്രസംഗത്തില്‍ ഒരിടത്ത് പോലും അദ്ദേഹം ഉമ്മന്‍ ചാണ്ടിയേയോ യു.ഡി.എഫ്. സര്‍ക്കാരിനേയോ പരാമര്‍ശിച്ചില്ല. പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതിരുന്ന പിണറായി വിജയന്‍ തന്റെ സര്‍ക്കാരുകളില്‍ തുറമുഖ മന്ത്രിമാരായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്റേയും അഹമ്മദ് ദേവര്‍കോവിലിന്റെ പേരെടുത്ത് പറഞ്ഞ് പ്രശംസിക്കുകയും ചെയ്തു.
കരണ്‍ അദാനിയും മുന്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിച്ചാണ് പ്രസംഗം ആരംഭിച്ചത്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ ആത്യന്തികമായി ശ്രമിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നാണ് കോവളം എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ എ. വിന്‍സെന്റ് ചടങ്ങില്‍ പറഞ്ഞത്. 'വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാനായി ഇതിന് മുമ്പുള്ള ഓരോ സര്‍ക്കാരുകളും ആത്മാര്‍ഥമായി പരിശ്രമിച്ചു. ഇതിനായി ആത്യന്തികമായി ശ്രമിച്ചത് ഉമ്മന്‍ചാണ്ടിയാണ്. അതിന്റെ പേരില്‍ ഒരുപാട് പഴികള്‍ അദ്ദേഹം കേട്ടു. ജുഡീഷ്യല്‍ അന്വേഷണവും വിജിലന്‍സ് അന്വേഷണവും ഉള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ അദ്ദേഹം നേരിട്ടു. ജീവിച്ചിരുന്നെങ്കില്‍ ഇന്ന് ഏറ്റവുമധികം സന്തോഷിക്കുക അദ്ദേഹമായിരുന്നു.' -എ. വിന്‍സെന്റ് പറഞ്ഞു.
ഇന്നത്തെ വേദിയില്‍ പ്രതിപക്ഷനേതാവ് കൂടി ഉണ്ടായിരുന്നെങ്കില്‍ ചടങ്ങ് കൂടുതല്‍ മനോഹരമാകുമായിരുന്നുവെന്നും വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയവ്യത്യാസമില്ലാതെ മുന്നോട്ടുപോകണമെന്നും വിന്‍സെന്റ് പറഞ്ഞു. തുറമുഖവുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളില്‍ 50 ശതമാനം പ്രദേശവാസികള്‍ക്ക് നല്‍കുമെന്ന സര്‍ക്കാരിന്റെ തീരുമാനത്തെ 100 ശതമാനം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.